തിരുവനന്തപുരം: ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തലവനും അന്ത്യോക്യാ പാത്രീയാര്‍ക്കീസുമായ മോറാന്മോര് ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന് ബാവായ്ക്ക് മലങ്കര കത്തോലിക്കാ സഭ ഉജ്ജ്വല വരവേല്പ് നല്കി. സഭയുടെ ആസ്ഥാന ദൈവാലയമായ പട്ടം സെ. മേരീസ് കത്തീഡ്രല്‍ ഗേറ്റിന് മുന്നില്‍ മലങ്കര കത്തോലിക്കാ സഭ കര്‍ദ്ദിനാള്‍ മേജര്‍ ആര്‍ച്ചു ബിഷപ്പ് മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവായുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മെത്രാപ്പോലീത്തമാരും നൂറോളം വൈദികരും പ്രദക്ഷിണമായി പാത്രീയാര്‍ക്കീസിനെ കത്തീഡ്രല്‍ ദൈവാലയത്തിലേക്ക് ആനയിച്ചു.
കത്തീഡ്രല്‍ കവാടത്തില്‍ ധൂപാര്‍പ്പണം നടത്തിയാണ് സ്വീകരിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ ആശംസകളും പ്രാര്‍ത്ഥനയും മാര്‍ ക്ലീമീസ് ബാവ തന്റെ സന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്ന് പാത്രീയാര്‍ക്കീസ് ബാവ സന്ദേശവും ആശീര്‍വാദവും നല്കി. മലങ്കര കത്തോലിക്കാ സഭയുടെ ഉപഹാരമായ ശ്ലീബ, മാര്‍ ക്ലീമീസ് ബാവ സമ്മാനിച്ചു.
ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സെന്റ് മാര്‍ പൗലോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റം, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, എബ്രഹാം മാര്‍ ജൂലിയോസ്, ആന്റണി മാര്‍ സില്‍വാനോസ്, മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ സംബന്ധിച്ചു. യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസും, സുനഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ് ഉള്‍പ്പെടെ നിരവധി മെത്രാപ്പോലീത്തമാരും വൈദികരും ചടങ്ങില്‍ സംബന്ധിച്ചു.
വൈകിട്ട് ഏഴിന് മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ ഗിരിദീപം കണ്വന്ഷന് സെന്റില്‍ നടന്ന സ്വീകരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രി വി. മുരളീധരന്, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, മാര്‍ത്തോമ്മാസഭാ സഫ്രഗന്‍ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, യൂവാക്കിം മാര്‍ കൂറിലോസ്, യാക്കോബായ സഭ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, ബിഷപ്പ് മാര്‍ തോമസ് തറയില്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: