തിരുവനന്തപുരം: അയോദ്ധ്യയിലേക്ക് രാമഭക്തരുമായി കേരളത്തില്‍ നിന്ന് പുറപ്പെട്ട ആദ്യ തീവണ്ടിയുടെ സാങ്കേതിക വിഭാഗത്തില്‍ യാത്രയിലുടനീളം നെയ്യാറ്റിന്‍കര സ്വദേശിയും. അമരവിള നടൂര്‍ക്കൊല്ല എസ്.പി. ഭവനില്‍ പി. അനീഷാണ് ആസ്തയുടെ ഭാഗമായത്. ശ്രീരാമന്റെ അനുഗ്രഹമായാണ് അനീഷ് ഇതിനെ കണക്കാക്കുന്നത്.
ദക്ഷിണ റെയില്‍വെ തിരുവനന്തപുരം ഡിവിഷനില്‍ ഇലക്ട്രിക്കല്‍ ജനറല്‍ അസിസ്റ്റന്റായ അനീഷ് കൊച്ചുവേളിയില്‍ നിന്ന് കഴിഞ്ഞ ദിവസം യാത്ര തിരിച്ച ആദ്യ അയോദ്ധ്യ സ്പെഷ്യല്‍ തീവണ്ടിയായ കൊച്ചുവേളി-അയോദ്ധ്യ ധാം ആസ്ത തീവണ്ടിയിലെ ആറ് മലയാളി ജീവനക്കാരില്‍ ഒരാളാണ്. അനീഷ് അയോദ്ധ്യ വരെയും തിരികെ തിരുവനന്തപുരം വരെയും യാത്രയുടെ ഭാഗമാവും.
തിരുവനന്തപുരത്തുനിന്നും മുന്‍ കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ. രാജഗോപാല്‍ ഫ്ലാഗ് ഓഫ് ചെയ്ത ആസ്തയ്ക്ക് കേരളത്തിലുടനീളം വന്‍ സ്വീകരണമായിരുന്നുവെന്ന് അനീഷ്. തിരുവനന്തപുരത്തും തൃശ്ശൂരും പാലക്കാടും നാമജപത്തോടെ ദീപം തെളിച്ചും മധുരം വിതരണം ചെയ്തും ജനങ്ങള്‍ ഒരുക്കിയ സ്വീകരണം എടുത്തുപറയേണ്ടതാണ്. യാത്രക്കാര്‍ക്കായി 22 കോച്ചുകളുള്ള ആസ്തയില് മുഴുവന്‍ സീറ്റുകളും നിറഞ്ഞായിരുന്നു ആദ്യയാത്ര. സായുധധാരികളായ ആര്‍പിഎഫ്, പോലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അതിസുരക്ഷയൊരുക്കിയാണ് ആസ്തയുടെ യാത്ര. തുടക്കം മുതല്‍ നാമജപവും ഭജനയും ശ്രീറാം ജയ് വിളികളും കൊണ്ട് ഓരോ കോച്ചും ഭക്തിനിര്ഭരമായിരുന്നുവെന്ന് അനീഷ് പറയുന്നു.
ഏഴുവര്‍ഷം മുമ്പ് റെയില്‍വയില്‍ ജോലി ലഭിച്ച അനീഷ് മുമ്പ് നിസാമുദ്ദീന്‍, ഇന്‍ഡോര്‍ അഹല്യഗിരി കോര്‍ബ എക്സ്പ്രസ് എന്നിവയിലുള്‍പ്പെടെ ഇലക്ട്രിക് അസിസ്റ്റന്റായി ജോലി ചെയ്തെങ്കിലും ആസ്തയിലേത് പുതിയ അനുഭവമാണെന്ന് പറയുന്നു. ഈ അനുഗ്രഹപൂര്ണ യാത്രയുടെ ഭാഗമാവാന്‍ ഇനിയും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനീഷ്. ഫെബ്രുവരിയില്‍ 17, 22, 29 എന്നീ ദിവസങ്ങളിലാണ് അടുത്ത ആസ്ത തീവണ്ടികള്‍ തലസ്ഥാനത്തു നിന്നും പുറപ്പെടുന്നത്. നിഘിത എസ്. ലാല്‍ ആണ് അനീഷിന്റെ ഭാര്യ. മകന്: നവനീത് കൃഷ്ണ.
ഹരി പെരുങ്കടവിള
പ്രതികരിക്കാൻ ഇവിടെ എഴുതുക: