തിരുവനന്തപുരം: തിരുവനന്തപുരത്ത് ആധുനിക സൗകര്യങ്ങളോടെ പണികഴിപ്പിച്ച കേരളത്തിലെ ബിജെപിയുടെ ആസ്ഥാന മന്ദിരം ‘മാരാര്‍ജി ഭവനി’ല്‍ തിങ്കളാഴ്ച ഗൃഹപ്രവേശനം നടക്കും.
12ന് വെളുപ്പിന് നടക്കുന്ന അഷ്ടദ്രവ്യ ഗണപതിഹോമത്തിനും വാസ്തു പൂജയ്ക്കും ശേഷം രാവിലെ 11 നാണ് പാലുകാച്ചല്‍. 11.30ന് കെട്ടിട നിര്‍മാണത്തില്‍ പങ്കുചേര്‍ന്ന തൊഴിലാളികളെ ആദരിക്കും. രാത്രി 8ന് ഭഗവതി സേവ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പാലുകാച്ചല്‍. മുന്‍ സംസ്ഥാന പ്രസിഡന്റുമാരും ഉന്നത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുമെന്ന് കെട്ടിട നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ സി. ശിവന്‍കുട്ടി അറിയിച്ചു. ഈ മാസം അവസാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മന്ദിരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുതല്‍ സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ഈ മന്ദിരത്തില്‍ നിന്നാകും.
60,000 ചതുരശ്ര അടിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ആസ്ഥാനമന്ദിരം പണിതിരിക്കുന്നത്. തമ്പാനൂര്‍ അരിസ്റ്റോ ജങ്ഷന് സമീപം പഴയ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം. താഴത്തെ രണ്ട് നിലകള്‍ പാര്‍ക്കിങ്ങിനായി മാറ്റിവച്ചിട്ടുണ്ട്. മുകളിലേക്ക് അഞ്ചു നിലകള്‍. കെ.ജി. മാരാരുടെ അര്‍ദ്ധകായ വെങ്കല പ്രതിമയും കെട്ടിടത്തിന്റെ പൂമുഖത്ത് സ്ഥാപിക്കും. കേരളീയ നാലുകെട്ട് മാതൃകയിലുള്ള പൂമുഖമാണിവിടെയുള്ളത്. ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെയും പ്രതിമകളുണ്ട്.
പത്രസമ്മേളനം, ഓഡിറ്റോറിയം, കോണ്‍ഫറന്‍സ്, ലൈബ്രറി എന്നിവയ്ക്കും കേന്ദ്രനേതാക്കള്‍, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, വിവധ മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ക്കും അഞ്ച് നിലകളിലായി സൗകര്യങ്ങളുണ്ട്. പുസ്തക ലൈബ്രറി, ഇ-ലൈബ്രറി തുടങ്ങിയവയ്ക്കും സൗകര്യങ്ങളുണ്ട്. അതിഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യവും ജീവനക്കാര്‍ക്കുള്ള ഡോര്‍മിറ്ററികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: