(കൃഷ്ണാര്‍ജുന സംവാദം)
കര്‍മ്മയോഗിയും സാംഖ്യയോഗിയും കര്‍മ്മങ്ങളില്‍ നിന്ന് നിര്ലിപ്തരായിരിക്കുന്നു. ഇതുപോലെ നിര്ലിപ്തരായിരിക്കാന് വേറെ എന്തെങ്കിലും വഴിയുണ്ടോ?
ഉണ്ട്, അത് ഭക്തി യോഗമാണ്. ഭക്തിയോഗി ആസക്തി ഉപേക്ഷിച്ച് തന്റെ എല്ലാ കര്‍മ്മങ്ങളും ഭഗവാന് സമര്‍പ്പിച്ചുകൊണ്ട് കര്‍മ്മം ചെയ്യുന്നു. അതിനാല്‍, വെള്ളത്തില്‍ ഒരു താമരയില പോലെ, അവന് പാപങ്ങളാലും കര്‍മ്മങ്ങളാലും ബന്ധിക്കപ്പെടുന്നില്ല.
ഭഗവാനേ, ഒരു ഭക്തിയോഗി അങ്ങയില്‍ സമര്‍പ്പണ ഭാവത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നു. അതു കൊണ്ട് അവര്‍ ബന്ധിക്കപ്പെടുന്നില്ല; എന്നാല്‍ ഒരു കര്‍മ്മയോഗി എന്ത് ഉദ്ദേശ്യത്തോടെ കര്‍മ്മം ചെയ്താലാണ് ബന്ധിതനാവാതിരിക്കുന്നത്?
കര്‍മയോഗി, കര്‍മങ്ങളില്‍ നിന്ന് എന്റേത് എന്ന മമതാബന്ധത്തെ തികച്ചും ഒഴിവാക്കി, ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ശരീരവും കൊണ്ട്, ആസക്തിവെടിഞ്ഞ് അന്തഃകരണ ശുദ്ധിക്കായിട്ടാണ് കര്‍മം ചെയ്യുന്നത്. അതുകൊണ്ട് കര്‍മയോഗി, കര്‍മത്തിന്റെ ഫലം ത്യജിച്ച്, ഈശ്വര സാക്ഷാത്കാരമാകുന്ന നിത്യശാന്തിയെ പ്രാപിക്കുന്നു. ഫലാകാംക്ഷയോടെ കര്‍മം ചെയ്യുന്നയാളാകട്ടെ, കര്മഫലത്തിലുള്ള ആസക്തിയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
ഭഗവാനേ, സാംഖ്യയോഗി എപ്രകാരമാണ് കര്‍മ്മങ്ങള്‍ ചെയ്യുന്നത്?
ഇന്ദ്രിയമനോബുദ്ധികളെ ജയിച്ച സാംഖ്യയോഗി, താന്‍ ഒരു കര്‍മവും ചെയ്യാതെ, മറ്റുള്ളവരെക്കൊണ്ട് തനിക്കുവേണ്ടി ചെയ്യിക്കാതെ, എല്ലാ കര്‍മങ്ങളും ഒന്‍പതു ദ്വാരങ്ങളുള്ള പുരമായ ശരീരത്തില്‍ മനസാ വിട്ടുകൊടുത്തിട്ട് തന്റെ സ്വരൂപത്തില്‍ (സച്ചിദാനന്ദഘന പരമാത്മ സ്വരൂപത്തില്‍) സുഖമായി വസിക്കുന്നു.
സാംഖ്യയോഗി കര്‍മ്മം ചെയ്യുന്നുമില്ല, ചെയ്യിപ്പിക്കുന്നുമില്ല, പക്ഷേ പരമാത്മാവ് ചെയ്യിപ്പിക്കുന്നുണ്ടാവുമോ?
പരമേശ്വരന് മനുഷ്യര്‍ക്ക് കര്‍ത്തൃത്വമോ കര്‍മമോ, കര്മഫലമോ നിശ്ചയിച്ചു വയ്ക്കുന്നില്ല. മനുഷ്യന് പ്രവൃത്തിനിരതമായിരിക്കുന്നത് സ്വഭാവം മാത്രമാണ്. താന്‍ കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്ന് മാനിക്കുകയും അങ്ങനെ കര്‍മ്മഫലവുമായി സ്വാഭാവികമായി ബന്ധമുണ്ടാവുകയും ചെയ്യുന്നു.
പരമാത്മാവ് ആരുടെയും കര്‍തൃത്വം മുതലായവയെ സൃഷ്ടിക്കുന്നില്ല, എന്നാല്‍ ജീവജാലങ്ങളുടെ കര്‍മ്മഫലം സ്വീകരിക്കുന്നുണ്ടോ?
സര്‍വവ്യാപിയായ പരമാത്മാവ് ആരുടെയും പാപകര്‍മത്തെ ഏറ്റെടുക്കുകയോ പുണ്യകര്‍മത്തെ സ്വീകരിക്കുകയോ ചെയ്യുന്നില്ല. ജ്ഞാനമാകട്ടെ, അജ്ഞാനത്താല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു; അതിനാല്‍ അജ്ഞാനികളായ മനുഷ്യര്‍ നിത്യമെന്നോണം മോഹത്തിന് വശംവദരാകുന്നു. അതായത് സ്വയം കര്‍മ്മങ്ങളുടെ കര്‍ത്താവാണെന്നും ഭോക്താവാണെന്നും വിചാരിക്കുന്നു, അങ്ങനെ ജനനമരണ ചക്രത്തില്‍ ചുറ്റിത്തിരിയുന്നു.
എല്ലാ ജീവികളും താന്‍ കര്‍ത്താവും ഭോക്താവുമാണെന്ന് വിചാരിച്ച് മോഹിക്കപ്പെട്ടു പോകുന്നുണ്ടോ?
ഇല്ല. പരമാത്മാവിനെപ്പറ്റിയുള്ള ജ്ഞാനത്താല്‍ അജ്ഞാനം നീങ്ങിയ ആളുകളുടെ ജ്ഞാനം സൂര്യനെപ്പോലെ സച്ചിദാനന്ദഘനമായ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു. അതായത് അവര്‍ക്ക് പരമാത്മാവിന്റെ അനുഭവം ഉണ്ടാക്കുന്നു.
ആ പരമാത്മതത്വത്തിന്റെ അനുഭവം മറ്റാര്‍ക്കൊക്കെ ഉണ്ടാവുന്നു?
സച്ചിദാനന്ദഘന പരമാത്മാവില്‍ പൂര്‍ണമായി ആരുടെ മനസ്സും ബുദ്ധിയുമാണോ തന്മയീഭവിച്ചത്, ആരാണോ നിരന്തരമായ ഏകീഭാവം നേടിയത്, ആ പരമാത്മ പരായണര്‍ ജ്ഞാനത്താല്‍ പാപരഹിതരായിത്തീര്ന്ന് പുനര്ജന്മത്തില് നിന്നുള്ള മുക്തിയെ, അതായത് പരമഗതിയെ പ്രാപിക്കുന്നു.
(ഗീതാപ്രസിന്റെ ‘ഗീതാമാധുര്യം’ മലയാള പരിഭാഷയില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: