ഐതിഹ്യങ്ങളും മഹത്തായ പൈതൃകവും സമന്വയിക്കുന്നതാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങള്‍. ഭാരതത്തില്‍ ആയിരക്കണക്കിന് ദേവീദേവന്മാരെ ആരാധിക്കുന്നു. ഓരോ ചതുരശ്ര കിലോമീറ്ററിലും ഒരു ക്ഷേത്രമെങ്കിലും കാണാനാവുമെന്നാണ് കണക്കുകള്‍. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിലനിര്‍ത്തി പോരുന്ന ആചാരങ്ങള്‍ അനവധിയാണ്. അവയില്‍ ചിലത് നമ്മെ അമ്പരപ്പിക്കുന്നു. ആന്ധ്രപ്രദേശിലെ കര്‍ണൂലിലുള്ള ദേവരഗട്ടു ക്ഷേത്രത്തിലെ (മാലമല്ലേശ്വര ക്ഷേത്രം) ദസറ ആഘോഷം ഈ ഗണത്തില്‍ പെടുന്നു.
വിജയദശമി നാളില്‍ അര്‍ധരാത്രിയോടെ കൈകളില്‍ വടിയും പന്തവുമായെത്തി ഭക്തര്‍ ആവേശത്തോടെ കൊണ്ടാടുന്ന ഈ ആഘോഷം ‘ബന്നി’ എന്നാണ് അറിയപ്പെടുന്നത്. വടികൊണ്ട് പരസ്പരം അടിച്ച് തുടങ്ങുന്ന ‘കൈയാങ്കളി’ പലപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിക്കാറുള്ളത്.
ബന്നിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ: ദേവരുഗട്ട കുന്നിനു മുകളില്‍ മുനിമാരുടെ തപസ്സു മുടക്കാനെത്തിയ മണി, മല്ലന് എന്നീ അസുരന്മാരെ മാലമല്ലേശ്വരന് (ശിവന്) വധിച്ചു. ഇതിന്റെ സ്മരണയാണ് ബന്നി ഉത്സവം. ആചാരത്തിന്റെ ഭാഗമായി, പ്രതിയോഗികളുടെ തലയില്‍ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന വടികളുമായി ഭക്തര്‍ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒത്തുകൂടുന്നു.
പരിക്കേറ്റവരെ പരിചരിക്കുന്നതിന് മെഡിക്കല്‍ ടീമുകളെയും പോലീസുകാരെയും വിന്യസിക്കാറുണ്ട്. എന്നാല്‍ മിക്കവരും മുറിവുകളില്‍ മഞ്ഞള്‍ പുരട്ടി വീടുകളിലേക്കു മടങ്ങും. ചിട്ടയോടെയുള്ള വ്രതാനുഷ്ഠാനത്തോടെയാണ് ബന്നിയില്‍ പങ്കെടുക്കാന്‍ ആളുകളെത്തുക. 100 വര്‍ഷം മുമ്പ് മഴുവും കുന്തവും ഉപയോഗിച്ചായിരുന്നു ആഘോഷം. പിന്നീടത് വടികൊണ്ടുള്ള അടിയിലൊതുങ്ങി.
കുന്നിനു മുകളിലുള്ള ക്ഷേത്രത്തില്‍ നിന്ന് മാലമ്മ (പാര്‍വതി) യുടെയും മല്ലേശ്വര സ്വാമി (ശിവഭഗവാന്) യുടെയും വിഗ്രഹങ്ങള്‍ അര്‍ധരാത്രിയില്‍ എഴുന്നള്ളത്തോടെ താഴ്വരയിലേക്കു കൊണ്ടു വരുന്നതോടെയാണ് ബന്നിക്ക് തുടക്കമാവുക. ഗ്രാമത്തിലെ കര്‍ഷകരാണ് ഇതില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും. അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ ഈ അനുഷ്ഠാനത്തിനെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: