അദ്വാനി ഒരു ആത്മവിശ്വാസമാണ്. ഏതു രാഷ്ട്രീയ കൊടുങ്കാറ്റിലും ആടിയുലയാതെ പാര്‍ട്ടിയേയും പ്രത്യയശാസ്ത്രത്തേയും കോടിക്കണക്കിന് പ്രവര്‍ത്തകരെയും പതിറ്റാണ്ടുകളോളം സംരക്ഷിച്ചു നിര്‍ത്തിയ മഹാമേരു. അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില് രാമക്ഷേത്രം നിര്‍മിക്കുന്നതിനെ ആര്‍ക്ക് തടയാനാവുമെന്ന് ഉറക്കെ ചോദിച്ച ആദ്യ രാഷ്ട്രീയ നേതാവ്. രാമജന്മഭൂമിയിലെ രാമക്ഷേത്രം രാഷ്ട്രത്തിന്റെ അതിവേഗ കുതിപ്പിന് അടിസ്ഥാനമാകുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തിരിച്ചറിഞ്ഞ രാഷ്ട്രതന്ത്രജ്ഞന്.
ഭാരതരത്ന നല്കി രാഷ്ട്രം അദ്ദേഹത്തിന് ആദരവ് നല്കുമ്പോള് പരമോന്നത സിവിലിയന്‍ പുരസ്കാരവും ഒരര്‍ത്ഥത്തില്‍ ബഹുമാനിക്കപ്പെടുകയാണ്. പതിറ്റാണ്ടുകള്‍ അദ്വാനിയുടെ നേതൃത്വം നല്കിയ കരുത്തില്‍ മുന്നോട്ടുരുണ്ട രാഷ്ട്രരഥം അയോദ്ധ്യയിലെ ക്ഷേത്ര പ്രതിഷ്ഠയുടെ പ്രഭാവത്തില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ വികസനപാതകള്‍ താണ്ടുമ്പോള്‍ പ്രത്യേകിച്ചും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയരംഗത്തെ വളര്‍ച്ചയില്‍ താങ്ങും തണലുമായി ശക്തിപകര്‍ന്നു നല്കിയ നേതാവും അദ്വാനി തന്നെയാണ്.
ഭാരത വിഭജനത്തിന്റെ കയ്പേറിയ ദുരനുഭവങ്ങള്‍ അടിത്തറയിട്ട രാഷ്ട്രീയമനസാണ് ലാല്‍കൃഷ്ണ അദ്വാനിയെ പരുവപ്പെടുത്തിയത്. രാഷ്ട്രത്തിന്റെ നേതാവായി ഉയര്‍ന്നപ്പോള്‍ ആ ദുരനുഭവങ്ങളുടെ അനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ തീരുമാനങ്ങളും. രാജ്യത്തിന്റെ സുരക്ഷയ്ക്കും രാഷ്ട്രത്തിന്റെ സാംസ്കാരിക ഉയര്‍ത്തെഴുന്നേല്‍പ്പിനും വേണ്ടി എക്കാലവും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് അദ്ദേഹം. ബിജെപിയിലെ ഹാര്‍ഡ്ലൈന്‍ നേതാവ് എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുമ്പോഴും സൗമ്യത കൈവിട്ടില്ല. വാജ്പേയിക്ക് പിന്നില്‍ നിഴലെന്ന് പലരും വിശേഷിപ്പിക്കുമ്പോഴും ബിജെപിയുടെ ശക്തിദുര്‍ഗമായി നിലകൊണ്ടു. ദല്‍ഹിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന അദ്വാനി 96 ാം വയസിലും ബിജെപിക്കും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും മാത്രമല്ല, രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ ആഗ്രഹിക്കുന്ന ഏവര്‍ക്കും പ്രേരണയാണ്.
ഭാരതത്തിന്റെ രാഷ്ട്രീയ രംഗത്തെ സമാനതകളില്ലാത്ത അതികായനായ അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തിലും അനുഗ്രഹാശിസ്സുകളിലും വളര്‍ന്നുവന്ന തലമുറയാണ് രാജ്യത്ത് അധികാരത്തിലുള്ളത് എന്നത് ശ്രദ്ധേയമാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമിക്കുകയായിരുന്ന വാജ്പേയിക്ക് കൃഷ്ണമേനോന് മാര്‍ഗിലെ വസതിയിലെത്തിയാണ് അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഭാരതരത്ന സമ്മാനിച്ചത്.
കഴിഞ്ഞ ഏഴെട്ടു വര്‍ഷങ്ങളായി രാഷ്ട്രീയ രംഗത്തുനിന്ന് പൂര്‍ണമായും മാറിനില്‍ക്കുന്ന അദ്വാനി വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലടക്കം പങ്കെടുത്തിരുന്നില്ല. പൊതു പരിപാടികളിലും പങ്കെടുക്കാറില്ല. എല്ലാവര്‍ഷവും പിറന്നാള്‍ ദിനത്തില്‍ രാവിലെ ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തെ കാണാനും ആശംസകള്‍ നേരാനും അനുഗ്രഹം നേടാനും അവസരമുണ്ട്. ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും അടക്കമുള്ള നൂറുകണക്കിന് പേര് അദ്ദേഹത്തെ കണ്ട് ജന്മദിനാശംസകള് നേര്‍ന്നിരുന്നു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഏഴു പേര്‍ക്കാണ് ഭാരതരത്ന സമ്മാനിച്ചത്. 2015ല്‍ വാജ്പേയിക്കും മദനമോഹന മാളവ്യക്കുമായിരുന്നു പുരസ്കാരം. 2019ല്‍ സാമൂഹ്യ പ്രവര്‍ത്തകനായ നാനാജി ദേശ്മുഖ്, രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി, പ്രശസ്ത ഗായകന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്ന സമ്മാനിച്ചു. 2024ല്‍ കര്‍പ്പൂരി താക്കൂറിനും അദ്വാനിക്കുമാണ് പരമോന്നത പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. മദനമോഹന മാളവ്യക്കും നാനാജിക്കും ഹസാരികയ്ക്കും കര്‍പ്പൂരി താക്കൂറിനും മരണാനന്തര ബഹുമതിയായാണ് മോദി സര്‍ക്കാര്‍ ഭാരത രത്ന സമ്മാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: