മള്ളിയൂര്‍ (കോട്ടയം): ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീംകോടതി വിധി ഹിന്ദുക്കളില്‍ ഉണര്‍വ് സൃഷ്ടിച്ചതായി സുപ്രീംകോടതി അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. ജെ. സായ് ദീപക്. 103-ാമത് മള്ളിയൂര്‍ ഭാഗവതഹംസ ജയന്തിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതി പ്രവേശനത്തിനെതിരായി സുപ്രീംകോടതിയില്‍ താന്‍ ഉന്നയിച്ച വാദത്തെ അഭിഭാഷകയായ അഞ്ജു ജോര്‍ജ് ഉള്‍പ്പെടെയുള്ള മലയാളികളായ ക്രിസ്ത്യന്‍ യുവതികളും നിരവധി ഹിന്ദു സ്ത്രീകളും പിന്തുണച്ചതായി അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിധി വിശ്വാസികള്‍ക്ക് അനുകൂലമായിരുന്നെങ്കില്‍ ഹിന്ദുക്കള്‍ എക്കാലവും ഉറക്കംനടിക്കുമായിരുന്നു, വിധി എതിരായതാണ് ഹിന്ദു ഐക്യം സാധ്യമാക്കിയത്. ശബരിമല ആചാരസംരക്ഷണത്തിനായി തെരുവില്‍ പോലീസ് അതിക്രമങ്ങള്‍ നേരിട്ട അയ്യപ്പഭക്തരെ അഭിനന്ദിക്കണം.
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയെ എതിര്‍ത്തവരില്‍ ഏറെയും ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് 496 വര്‍ഷത്തെ ചരിത്രമറിയില്ല. 160 വര്‍ഷം നീണ്ട നിയമപോരാട്ടം എന്തിനായിരുന്നെന്ന് അറിയില്ല. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ഒരു ക്ഷേത്രം തിരിച്ചുപിടിക്കുന്നതിന് സ്വതന്ത്രഭാരതത്തിന് 75 വര്‍ഷം വേണ്ടിവന്നു. ശ്രീരാമനില്‍ വിശ്വസിച്ചവരിലൂടെയാണ് രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത്. ഭഗവാന് ശിവനും ശ്രീകൃഷ്ണനും വേണ്ടിയാണ് നമ്മുടെ അടുത്ത പോരാട്ടം.
ജനസംഖ്യയില്‍ 80 ശതമാനമായിരുന്നിട്ടും ഹിന്ദുസമൂഹം അകത്തും പുറത്തും നിന്ന് പോരാടുകയാണ്. ആരാണോ ക്ഷേത്രങ്ങളുടെ പാവനത സംരക്ഷിക്കുന്നത്, ഹിന്ദുവിന്റെ താല്പര്യം സംരക്ഷിക്കുന്നത്, അവര്‍ക്കേ അധികാരം നല്‍കൂ എന്ന് ഹിന്ദുക്കള്‍ തീരുമാനിക്കണം. സനാതന സ്വത്വത്തെ സംരക്ഷിക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് സാധിക്കണം. ദൈവീക ഊര്‍ജത്തെ സംരക്ഷിക്കുന്നതിനായിരിക്കണം ക്ഷേത്രങ്ങള്‍. സനാതനികളുടെ സാമൂഹികവും മാനസികവും സാമ്പത്തികവുമായ ഉന്നമനത്തിലൂടെ ആത്മനിര്‍ഭര ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കാന്‍ ക്ഷേത്രങ്ങള്‍ക്ക് കഴിയണം, ജെ. സായ് ദീപക് പറഞ്ഞു.
ചടങ്ങില്‍ ഈ വര്‍ഷത്തെ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്കാരം ബദരിനാഥ് റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരിക്ക് കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സമര്‍പ്പിച്ചു. മള്ളിയൂര്‍ ഗണേശ പുരസ്കാരം ആയാംകുടി മണിക്കും സമ്മാനിച്ചു.
മള്ളിയൂര്‍ ശങ്കരന് നമ്പൂതിരി ഏത് ആദര്‍ശത്തെ സമാജത്തിന് നല്‍കിയോ അത് പിന്തുടരുന്നതിനുള്ള പ്രേരണയാണ് മള്ളിയൂര്‍ ജയന്തി. ഓരോ വ്യക്തിയുടേയും ജീവിതം സാധനാമയമാകണമെന്നും ചിദാനന്ദപുരി പറഞ്ഞു. ദേവചൈതന്യത്തെ തിരിച്ചറിഞ്ഞ് പൂര്‍ണതയില്‍ എത്തിക്കാന്‍ ഭാഗവത സത്രവേദികള് പ്രയോജനപ്പെടുത്തണമെന്നും കുട്ടികളുടെ ജീവിതചര്യയിലേക്ക് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കണമെന്നും റാവല്‍ജി ഈശ്വരപ്രസാദ് നമ്പൂതിരി അഭിപ്രായപ്പെട്ടു. വെണ്മണി കൃഷ്ണന് നമ്പൂതിരി, മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരി, മള്ളിയൂര്‍ ദിവാകരന് നമ്പൂതിരി എന്നിവര്‍ സന്നിഹിതരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: