തിരുവനന്തപുരം: ഒടുവില്‍ കമ്മ്യൂണിസ്റ്റ് കോട്ടയായി അറിയപ്പെടുന്ന കണ്ണൂരിലും ഇഡി എത്തി. കണ്ണൂര്‍ അര്‍ബന്‍ നിധി(കെയുഎന്‍- KUN) കോടികളുടെ സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെയ്ഡ് നടത്തി. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ ഡയറക്ടര്‍മാരായ എം. ഷൗക്കത്തലിയും കെ.എം. ഗഫൂറും നേരത്തെ പിടിയിലായിട്ടുണ്ട്. ഏകദേശം 30 കോടിയുടെ തട്ടിപ്പ് നടന്നതായി പറയുന്നു.
ഏകദേശം 150 ഓളം കേസുകള്‍ എടുത്തിട്ടുണ്ട്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി സോണിലെ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.
കണ്ണൂര്‍ അര്‍ബന്‍ നിധിയ്ക്കെതിരെ 100 പരാതികള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. ഉയര്‍ന്ന പലിശനിരക്ക് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. തൃശൂര്‍ സ്വദേശിയായ ആന്റണി സണ്ണിയാണ് തട്ടിപ്പിന് പിന്നിലെന്ന് ഷൗക്കത്തലി പൊലീസിനോട് പറഞ്ഞു. അര്‍ബന്‍ നിധിയുടെ ഉപസ്ഥാപനമായ എടിഎം മണിയുടെ ഡയക്ടറായിരുന്നു ആന്റണി സണ്ണി. ഇയാളെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 20,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ പിരിച്ചെടുത്തിരുന്നു. സ്ഥിര നിക്ഷേപമായി ഒരു ലക്ഷം രൂപ മുതല്‍ 34 ലക്ഷം രൂപ വരെ സ്വീകരിച്ചിട്ടുണ്ട്. തുടക്കത്തില്‍ ചേര്‍ന്നവര്‍ക്ക് കൃത്യമായി പലിശ നല്‍കിയിരുന്നു. പക്ഷെ കൂടുതല്‍ പേര് നിക്ഷേപവുമായി എത്തിയതോടെ വീഴ്ചകള്‍ വരാന്‍ തുടങ്ങി. നാലും അഞ്ചും പ്രതികളായ പ്രതീഷും ജിനയും പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: