മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വരുന്ന 23ന് ബെംഗളൂരുവില്‍ ആരംഭിക്കും. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. മത്സരങ്ങളെല്ലാം 7.30ന് ആരംഭിക്കുന്ന വിധത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരികുന്നത്.
ബിസിസിഐ തയ്യാറാക്കിയ ഫിക്സര്‍ പ്രകാരം രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും യുപി വാരിയേഴ്സും തമ്മിലാണ് മത്സരിക്കുക. മാര്‍ച്ച് 17ന് നടക്കുന്ന ഫൈനലോടെ ലീഗ് അവസാനിക്കും. ദല്‍ഹിയിലാണ് ഫൈനല്‍.
അഞ്ച് ടീമുകള്‍ ഉള്‍പ്പെട്ട ലീഗില്‍ ബെംഗളൂരുവിലും ദല്‍ഹിയിലും മാത്രമേ വേദികളുള്ളൂ. ഐപിഎല്‍ മാതൃകയില്‍ ഹോം, എവേ മത്സരങ്ങള്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചിരുന്നെങ്കിലും പ്രായോഗിക ബുദ്ധുമുട്ടുകള്‍ കാരണം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഫെബ്രുവരി 23ന് ആരംഭിക്കുന്ന ലീഗിലെ പകുതി മത്സരങ്ങള്‍ ബെംഗളൂരുവിലായിരിക്കും നടക്കുക. മാര്‍ച്ച് നാലിന് യുപിവാരിയേഴ്സും ആര്‍സിബിയും തമ്മിലുള്ള മത്സരം വരെ ചിന്ന സ്വാമി സ്റ്റേഡിയം വേദിയാകും. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് ഡെല്‍ഹി ക്യാപിറ്റല്‍സ്-മുംബൈ ഇന്ത്യന്‍ മത്സരം മുതല്‍ ഫൈനല്‍ വരെ ദല്‍ഹിയിലായിരിക്കും. ഇത്തരത്തില്‍ രണ്ട് ഘട്ടങ്ങള്‍ രണ്ടിടങ്ങളിലായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ മത്സരങ്ങളെല്ലാം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: