തിരുവനന്തപുരം: അയോധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തൊഴുകൈകളോടെയാണ് അദ്ദേഹം ക്ഷേത്രത്തിലെ ദീപാരാധനയിലും പ്രാര്‍ഥനയിലും പങ്കെടുത്തത്. അയോധ്യ പ്രാണപ്രതിഷ്ഠ അഭിമാനത്തിന്റെ ധന്യമുഹൂര്‍ത്തമാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു.
രാവിലെ പതിനൊന്ന് മണിമുതല്‍ ആരംഭിച്ച ചടങ്ങുകള്‍ നേരില്‍ കാണാന്‍ ഗവര്‍ണര്‍ക്കൊപ്പം ബിജെപി നേതാവ് കുമ്മനം രാജശേഖരന്, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവര്‍ രമാദേവി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. രാജ്യത്തെമ്പാടും നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് വഴുതക്കാട്ടെ ക്ഷേത്രത്തിലും ഭക്തജനങ്ങള്‍ക്ക് വേണ്ടി തല്‍സമയ സംപ്രേഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ക്ഷേത്രദര്‍ശനത്തിനും തല്‍സമയ സംപ്രേഷണം കാണാനും നൂറുകണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രാങ്കണത്തില്‍ എത്തിയത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികള്‍ നടന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തു. വൈകുന്നേരം വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അയോധ്യ പ്രാണപ്രതിഷ്ഠാദിനത്തില്‍ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും വിശേഷാല്‍ നേര്‍ച്ചകളും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: