ഭാരതീയ ജനസംഘത്തിന്റെ സംഘടനാ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന 1967-77 കാലത്ത് താനൂര്‍ മണ്ഡലം അധ്യക്ഷനായി മങ്ങാട്ടു വാസുദേവന്‍ നമ്പൂതിരി എന്നയാളെ പരിചയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്ഥലം കേരളാധീശ്വരപുരം എന്ന ഗ്രാമമായിരുന്നു. നാട്ടുകാര്‍ അതിനു ചുരുക്കത്തില്‍ കേരളേശ്വരം എന്നു പറഞ്ഞുവന്നു. ആ സ്ഥലപ്പേരുതന്നെ സ്ഥലത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നുണ്ടല്ലോ. പെരുമാള്‍ കാലഘട്ടത്തില്‍ അവരുടെ ആസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍നിന്ന് വടക്കെ അറ്റത്തേക്കു പോകുമ്പോഴത്തെ ഇടത്താവളങ്ങളില്‍ ഒന്നായിരുന്നുവത്രേ കേരളാധീശ്വരപുരം. വടക്ക് ധര്‍മടമെന്ന ധര്‍മപട്ടണം വരെയാവാം എഴുന്നെള്ളത്ത്.
അവസാനത്തെ പെരുമാള്‍ മക്കത്തേക്കു കപ്പല്‍ കയറിയത് ധര്‍മടത്തുനിന്നാണെന്ന് ശക്തമായ വാദമുണ്ടല്ലൊ. ചരിത്രത്തെ ഗൗരവപൂര്‍വം വിശകലനം ചെയ്ത തിരുവങ്ങാട്ട് സി. കൃഷ്ണക്കുറുപ്പ് ‘കേരളചരിത്രം പരശുരാമനിലൂടെ’ എന്ന പുസ്തകത്തില്‍ അതിനെ അംഗീകരിക്കുന്നില്ല. അദ്ദേഹം പറയുന്നത് പെരുമാള്‍ ബുദ്ധമത സംന്യാസിയായി ജാവയിലേക്കാണ് പോയതെന്നത്രേ. ധര്‍മടം ധര്‍മപട്ടണമായിരുന്നുവെന്നും അവിടത്തെ കുന്നിന്മുകളില് പഴയ കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്നും പ്രസിദ്ധമാണ്. ധര്‍മടം തീവണ്ടിയാഫീസിനടുത്ത് ഇന്നത്തെ മുസ്ലിം പള്ളി നില്ക്കുന്ന വെളിമ്പറമ്പില്‍ 1950 കളില്‍ സംഘശാഖ നടന്നിരുന്നു. അവിടത്തെ ഭഗ്നാവശിഷ്ടങ്ങള്‍ക്കിടയില്‍ തലയില്ലാത്ത ഒരു ബുദ്ധവിഗ്രഹം ഞാന്‍ കണ്ടിട്ടുണ്ട്. അതിനു സമീപം 1930 കളില്‍ ആഗമാനന്ദസ്വാമികള്‍ ഒരു രാമകൃഷ്ണമഠം സ്ഥാപിച്ചിരുന്നു. അവിടത്തെ മഠം സ്റ്റോപ്പ് ഇന്നും ആ പേരില്‍ അറിയപ്പെടുന്നു.
ധര്‍മടത്തേക്കുള്ള എഴുന്നെള്ളത്തിന്റെ ഇടത്താവളമായിരുന്നു കേരളാധീശ്വരപുരം എന്നതിനു സംശയമില്ല. മലപ്പുറം ജില്ലയിലെ താനാളൂര്‍ പഞ്ചായത്തിലെ പുത്തന്‍ തെരുവില്‍നിന്ന് അരനാഴിക പടിഞ്ഞാറാണ് ക്ഷേത്രം. നിരവധി നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പ്രസ്തുത ക്ഷേത്രത്തില്‍ ഒരിക്കല്‍ ദര്‍ശനം നടത്താന്‍ അവസരം ലഭിച്ചു. അന്നു കൊയിലാണ്ടി താലൂക്ക് പ്രചാരകനായിരുന്ന നീലകണ്ഠന്റെ അച്ഛന് ഗുരുവായൂരിലെ മേല്‍ശാന്തിയായിരുന്നു. അവരുടെ കുടുംബത്തിന് പരമ്പരാഗതമായി ഗുരുവായൂരില്‍ ഓതിക്കന് സ്ഥാനവുമുണ്ട്. അവര്‍ക്കു താമസിക്കാന്‍ സമീപത്തില്‍ മഠവുമുണ്ടായിരുന്നു.
താനൂര്‍ മറ്റൊരു തരത്തിലും പ്രസിദ്ധമാണ്. അല്പം വടക്കുമാറി നമ്പൂതിരിമാര്‍ക്ക് സംന്യസിച്ചാല്‍ താമസിക്കാനുള്ള തൃക്കൈക്കോടുമഠമുണ്ട്. മാപ്പിളലഹളക്കാലത്ത് ഖിലാഫത്തുകാരുടെ വലിയൊരു ലക്ഷ്യം മഠമായിരുന്നു. അതിന്റെ വിശദവിവരങ്ങള്‍ ലഹളയെക്കുറിച്ചു രചിക്കപ്പെട്ട എല്ലാ പുസ്തകങ്ങളിലുമുണ്ട്. സംന്യാസിമാരിലാരെയും വധിച്ചില്ല എന്നതായിരുന്നു ഏറ്റവും വലിയ കാരുണ്യം! കവര്‍ച്ച എത്രയായിരുന്നുവെന്നതിനു കണക്കില്ല.
ഇക്കാര്യങ്ങള്‍ പലപ്പോഴും ഈ പംക്തികളില്‍ പരാമര്‍ശിക്കപ്പെട്ടവയായതിനാല്‍ വായനക്കാര്‍ക്കു മടുത്തിരിക്കും. രണ്ടാഴ്ചകള്‍ക്കു മുമ്പ് എറണാകുളത്തിനടുത്ത് മുളവുകാട് എന്ന ദ്വീപിലെ കേരളേശ്വരം ക്ഷേത്രത്തില്‍ പോകാന്‍ ഇടയായി. മുളവുകാട് ദ്വീപിന്റെ തെക്കെ അറ്റമാണ് ബോള്‍ഗാള്‍ട്ടി. ഡച്ചുകാര്‍ കൊച്ചി കൈവശപ്പെടുത്തിയപ്പോള്‍ അവരാണ് ആ പേരു സൃഷ്ടിച്ചത്. അവിടെ അവര്‍ പണിത ഗവര്‍ണറുടെ വസതിയാണിന്നത്തെ പാലസ്. വേലുത്തമ്പിദളവയും പാലിയത്തച്ചനും ചേര്‍ന്ന് ബ്രിട്ടീഷ് റസിഡന്റായിരുന്ന മെക്കാളിയെ പിടിക്കാന്‍ നടത്തിയ ഗൂഢനീക്കത്തില്‍ കൊച്ചിക്കോട്ടയില്‍നിന്നും അദ്ദേഹം ഇവിടെയെത്തിയായിരുന്നു രക്ഷപ്പെട്ടതത്രേ. ആ ദ്വീപിന്റെ മധ്യഭാഗത്തായ മുളവുകാട് കേരളേശ്വരം ക്ഷേത്രദര്‍ശനത്തിന് പോകാന്‍ അവസരമുണ്ടായി. എറണാകുളം ജില്ലക്കാര്‍ക്കു അവിസ്മരണീയനായ പച്ചാളം വിജയന് എന്ന സംഘപ്രവര്‍ത്തകന്റെ തറവാട്ടുവക ധര്‍മദൈവമാണ് ആ ക്ഷേത്രത്തിലെ പരമശിവന്.
അതിന്റെ പേരും കേരളേശ്വരപുരം എന്നാണ്. പച്ചാളം വിജയന്റെ അനുജത്തിയാണ് എന്റെ പത്നി രാജേശ്വരി. 1979 ല്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ആ ക്ഷേത്രത്തില്‍ ഇടയ്ക്കിടെ ദര്‍ശനം നടത്താറുണ്ടായിരുന്നു. താനാളൂരിലെ കേരളാധീശ്വരപുരം ക്ഷേത്രംപോലെതന്നെ പുരാതനമായ നിര്മിതിയാണത്. മരത്തിലും കല്ലിലും ചെങ്കല്ലിലുമുള്ള ശില്പവേലകള് അതിവിശിഷ്ടംതന്നെ. അന്നൊക്കെ ഹൈക്കോടതി ജട്ടിയില്‍നിന്നും ബോട്ടില്‍ വേണമായിരുന്നു യാത്ര. രാവിലെയും വൈകുന്നേരവും ബോട്ടില്‍ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടാകുമായിരുന്നു. കാര്യാലയത്തിന് പടിഞ്ഞാറുഭാഗം ഇന്ന് ഭാസ്കരീയവും സരസ്വതി വിദ്യാലയവും സ്ഥിതിചെയ്യുന്നിടംവരെ പൊക്കാളിപ്പാടങ്ങളായിരുന്നു. വിജയന് ഒരു ദിവസം തോണിയില്‍ അവിടെ വന്നിറങ്ങി. മുളവുകാടുനിന്നും കൊണ്ടുവന്ന സാധനങ്ങള്‍ കാര്യാലയത്തിന്റെ ഹോം ഡിപ്പാര്‍ട്ടുമെന്റ് തലവനായിരുന്ന കുടുസാര്‍ എന്ന രാമന്‍കുട്ടിയെ ഏല്‍പ്പിച്ചു.
ഈ സംഭവങ്ങള്‍ 45 വര്‍ഷങ്ങള്‍ക്കു മുമ്പത്തെയാണ്. ഇത്തവണത്തെ ക്ഷേത്രദര്‍ശനം അതിന്റെ പുനരുദ്ധാരണത്തിന്റെ ഒന്നാംഘട്ടത്തിനുശേഷമായിരുന്നു. മുളവുകാട് ഇന്ന് മുഖഛായ മാറ്റിക്കഴിഞ്ഞു. ഭാരതത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍പാലം കണ്ടെയിനര്‍ ടെര്‍മിനലിലേക്കുള്ളത് മുളവുകാട് ദ്വീപിനു മുകളിലൂടെയാണ്. കണ്ടെയ്നര്‍ ബര്‍ത്തില്‍നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള ദേശീയ നാലുവരിപ്പാതയും ക്ഷേത്രത്തിനു വിളിപ്പാടകലെക്കൂടിപോകുന്നു. പോലീസ് സ്റ്റേഷനും ഏതാനും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നു.
മുഖ്യമായും മൂന്നു കുടുംബങ്ങളാണ് മുളവുകാടുണ്ടായിരുന്നത്. മഠത്തില്‍, ചങ്ങമ്പുഴ, വൈലോപ്പിള്ളി. മഠത്തില്‍ കുടുംബാംഗങ്ങളാണ് പച്ചാളം വിജയനും എന്റെ പത്നിയും. ജനസംഘത്തിന്റെയും പിന്നീട് ബിജെപിയുടെയും മഹിളാവിഭാഗത്തിന്റെ മുന്നണിയിലുണ്ടായിരുന്ന മഠത്തില്‍ ലക്ഷ്മിക്കുട്ടിയമ്മ ആ കുടുംബാംഗമാണ്. വിജയന്, കൃഷ്ണകുമാര്‍ (ഉണ്ണി) എന്നീ പ്രമുഖ സംഘകാര്യകര്‍ത്താക്കളുടെ അമ്മയുമാണ്. അടിയന്തരാവസ്ഥക്കാലത്ത് സത്യഗ്രഹികള്‍ക്ക് ഭക്ഷണം കൊടുത്ത് തിലകം തൊടീച്ചയച്ചതിന്റെ ഓര്‍മകള്‍ പലരും എഴുതിയിട്ടുണ്ട്. അവരുടെ മഠത്തില്‍ വീട് നാലു പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വില്പന നടത്തി അവര്‍ പച്ചാളത്തേക്ക് വീടുവാങ്ങി താമസമായി. ധര്‍മദൈവങ്ങളെ പ്രാര്‍ഥിക്കാനായി വിശേഷദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തും.
ക്ഷേത്രപുനര്‍നിര്‍മാണവും കലശവും മറ്റും കഴിഞ്ഞശേഷം നടന്ന ഉത്സവമാകയാല്‍ എല്ലാവരും വഴിപാടുകള്‍ നടത്താനും മറ്റുമായി ഒന്നിച്ചുചേര്‍ന്നതായിരുന്നു. ക്ഷേത്രചരിത്രം മനസ്സിലാക്കാനുള്ള ശ്രമം ഞാന്‍ വര്‍ഷങ്ങളായി നടത്തിവന്നതായിരുന്നു. പരശുരാമന് പ്രതിഷ്ഠിച്ചതാണെന്നതിനപ്പുറം ഒരു വിവരവുമില്ല. പരശുരാമന് ആകാശമാര്‍ഗം പോയപ്പോള്‍ സ്ഥാനമാഹാത്മ്യം കണ്ട് പ്രതിഷ്ഠിച്ചു പോയതാണത്രേ. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെങ്കിലും അവരില്‍നിന്നും വിവരമൊന്നും ലഭിച്ചില്ലത്രേ. വിശദമായ ക്ഷേത്രപ്രശ്നം വെക്കണമെന്ന ചിന്തയാണിപ്പോള്‍ കമ്മിറ്റിക്കാര്‍ക്ക്. ഇതര മതസ്ഥരുടെ, എല്ലാ സഭക്കാരായ ക്രിസ്ത്യാനികളുടെയും മുസ്ലിങ്ങളുടെയും ആരാധനാലയങ്ങള്‍ ഐശ്വര്യസമൃദ്ധമായി ജ്വലിച്ചുനില്‍ക്കുമ്പോള്‍, ക്ഷേത്രം വെറും പൊളിഞ്ഞ സ്ഥലമായിനിന്ന അവസ്ഥയ്ക്കും മാറ്റം വന്നുവെന്നുമാത്രം.
മഠത്തില്‍ കുടുംബത്തിനു പുറമെ പ്രസിദ്ധമായ രണ്ടു കുടുംബങ്ങള്‍കൂടി അവിടെയുണ്ടായിരുന്നു. വൈലോപ്പിള്ളിയും ചങ്ങമ്പുഴയുമാണെന്നറിയാന്‍ കഴിഞ്ഞു. അവര്‍ ഇടപ്പള്ളിയിലേക്കും എറണാകുളത്തേക്കും മാറി. ക്ഷേത്രത്തിനു സമീപം അവരുടെ മൂലസ്ഥാനങ്ങള്‍ കണ്ടു. ക്ഷേത്രത്തിന്റെ പഴക്കം അതിന്റെ പണിത്തരംകൊണ്ടും, സമീപത്തെ വൃക്ഷങ്ങളുടെ സ്വരൂപംകൊണ്ടുമൂഹിക്കാന്‍ കഴിയും. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആലും മാവും തണല്‍വീശി നില്ക്കുന്നു. മാവില്‍ മാങ്ങയും നിറയെയുണ്ട്. പഴുത്തിട്ടില്ല. പരശുരാമന്തന്നെ അവിടെ വിശ്രമിച്ച് മാമ്പഴം തിന്നിരിക്കാം.
അവിടെയിരിക്കുമ്പോള്‍ ഒരു കുസൃതി മനസ്സില്‍ ഉയര്‍ന്നു. നമ്മുടെ സ്വന്തം ചിന്താ ജെറോം ഭാഷാഗവേഷണം ചെയ്ത് വാഴക്കുല വൈലോപ്പിള്ളിയുടെതാണെന്നു കണ്ടെത്തിയല്ലോ. അവരുടെ ഗവേഷണം മുളവുകാട്ടിലെത്തിക്കാണുമോ? ഇത്രയും പ്രഗല്ഭ ഗവേഷകയാവുമ്പോള്‍ ഒരടിസ്ഥാനവുമില്ലാതെ പിശകു പറ്റിയിരിക്കുമോ? ചങ്ങമ്പുഴയുടെ വേലിക്കരികില്‍നിന്ന വാഴ കുലച്ചപ്പോള്‍ വൈലോപ്പിള്ളിയുടെ പറമ്പിലേക്കു ചരിഞ്ഞതായിരിക്കുമോ?
കേരളേശ്വരം എന്ന ഭവ്യമായ പുരാതന ശിവക്ഷേത്രം ഒരു രേഖാശകലം പോലും ദേവസ്വം ബോര്‍ഡിന്റെ ഗ്രന്ഥപ്പുരയിലില്ലാതെ നിലനിന്ന് ഐശ്വര്യവും അനുഗ്രഹവും വിതറുന്നുവെന്നതു അന്നാട്ടിലെ ഭക്തജനങ്ങളുടെ പ്രബുദ്ധതയുടെ ഉദാഹരണംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: