കൊച്ചി: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസില്‍ മന്ത്രി പി. രാജീവ് ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അനധികൃതമായി വായ്പ നല്കാന് വ്യവസായ മന്ത്രി പി. രാജീവ് സമ്മര്‍ദം ചെലുത്തി. സംസ്ഥാനത്തെ വലിയ തട്ടിപ്പുകളിലൊന്നാണിത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് രാജീവ് നിയമ വിരുദ്ധമായി സമ്മര്‍ദം ചെലുത്തിയത്.
ബാങ്കിലെ മുന്‍ സെക്രട്ടറി സുനില്‍ കുമാറാണ് രാജീവിനെതിരേ മൊഴി നല്‍കിയത്. വിവിധ സിപിഎം ലോക്കല്‍, ഏരിയ സെക്രട്ടറിമാരുടെ പേരില്‍ നിരവധി രഹസ്യ അക്കൗണ്ടുകളുണ്ട്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ആരോപിച്ച് അലി സാബ്റി നല്കിയ ഹര്‍ജിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം.
കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തട്ടിപ്പ്, സംഘടിത കുറ്റകൃത്യമാണ്. ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രാദേശിക, ജില്ലാ, സംസ്ഥാന ഭരണതലത്തിലുള്ള വ്യക്തികള്‍ എന്നവരുടെ ഉന്നത ബന്ധങ്ങള്‍ ഇതില്‍ വെളിപ്പെടുന്നു. രാഷ്ട്രീയ ബന്ധങ്ങള്‍, പൊതുതട്ടിപ്പ് എന്നിവയുടെ കാര്യത്തില്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണിത്. ഈ വ്യക്തികള്‍ നടത്തുന്ന ഇടപാടുകള്‍ ബിനാമി പേരുകളിലും പണത്തെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളിലുമാണ്. സാധാരണക്കാര്‍ക്ക് അവരുടെ നിക്ഷേപം നഷ്ടപ്പെട്ടതിനാല്‍, യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താന്‍ പണമിടപാടുകളെയും ബിനാമി സ്വത്തുക്കളെയും സംബന്ധിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തേണ്ടതുണ്ട്.
എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോള്‍ പി. രാജീവ് ഇടപെട്ടു. എ.സി. മൊയ്തീന് പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയ പാര്‍ട്ടിയുടെ നേതാക്കള്‍ക്കെതിരേയും മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കരുവന്നൂരില്‍ നിയമ വിരുദ്ധമായി ജനങ്ങളുടെ പണം തട്ടിയെടുക്കുന്നതില്‍ സിപിഎം പങ്കുവഹിച്ചു. തട്ടിപ്പിനായി ഗൂഢാലോചന നടത്തി.
കരുവന്നൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ വ്യക്തികളുടെ വായ്പാ അപേക്ഷകളില്‍ വ്യാജ വിലാസം നല്‍കിയാണ് അംഗത്വം നല്‍കിയത്. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ബരാദന്‍ പി.കെ., ആന്റോ ഇ.സി., ബിജു ടി.എസ്., ജോസ് ചക്രംപുള്ളി, ലളിതന്‍ വി.കെ., കെ.കെ. ദിവാകരന്, ദിനേശ് എം.ബി. കൂടാതെ രാഷ്ട്രീയ പ്രാദേശിക നേതാക്കളായ സി.കെ. ചന്ദ്രന്, സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജു, പൊറത്തിശ്ശേരി ലോക്കല്‍ സെക്രട്ടറി എ.ആര്. പീതാംബരന്, അന്നത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കളക്കാട്ട്, മനോജ് വി.എ, എ.സി. മൊയ്തീന്, തൃശ്ശൂര്‍ സിപിഐ എം പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.ആര്. വിജയന്, ഏരിയ കമ്മിറ്റിയംഗം വിശ്വംഭരന് പി.എസ്., സി.പി.എം നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, ചേര്‍പ്പ് ശ്രീനിവാസന് ഏരിയ സെക്രട്ടറി, അന്നത്തെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവ് എന്നിവര്‍ക്കെതിരേയും മൊഴികളുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ കാര്‍ഷിക സ്വത്തുണ്ടെങ്കില്‍ സൊസൈറ്റിയില്‍ അംഗമാകാന്‍ അനുവാദമുണ്ട്. ഓരോ ബൈലോയും സമൂഹത്തിന്റെ പ്രവര്‍ത്തന പരിധി പ്രത്യേകം നിര്‍വചിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ ബൈലോ അനുസരിച്ച്, ബാങ്കിന്റെ പ്രവര്‍ത്തന പരിധിയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ അല്ലെങ്കില്‍ പരിധിയില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ അല്ലെങ്കില്‍ തൊഴില്‍ പരിധിയില്‍ ഭൂസ്വത്തുക്കള്‍ ഉള്ളവര്‍ക്കു മാത്രമേ അംഗത്വം നല്‍കാവൂ. എന്നാല്‍ ഇവയെല്ലാം ലംഘിച്ചു. ഐഡി പ്രൂഫ് ശേഖരിച്ചിട്ടും ബൈലോ പരിഗണിക്കാതെ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെ ഷെയര്‍ അഡ്മിഷന് രജിസ്റ്ററിലെ സ്ഥിരം വിലാസം മനഃപൂര്‍വം കൃത്രിമം കാണിച്ച് അംഗത്വം ധാരാളമായി നല്‍കിയതുവഴി വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടാണ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: