ജിദ്ദ: ഇന്ത്യയും സൗദി അറേബ്യയും തങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കുകയും തീര്‍ഥാടകരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഉഭയകക്ഷി ഹജ് ഉടമ്പടി 2024ല്‍ ഒപ്പുവച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്, ഉംറ കാര്യ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് കരാര്‍ ഒപ്പുവച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും ചടങ്ങില്‍ പങ്കെടുത്തു.
പുരുഷന്റെ സഹായമില്ലാതെ (മെഹ്റം) ഹജ്ജില്‍ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ കരാറിലൂടെ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ മുസ്ലീം തീര്‍ത്ഥാടകര്‍ക്ക് സുഗമമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനുളള സുപ്രധാന ചുവടുവെപ്പാണ് ഇത്.
ഇന്ത്യയുടെ ഡിജിറ്റല്‍ സംരംഭങ്ങള്‍ക്ക്, പ്രത്യേകിച്ച് തീര്‍ഥാടകരുടെ ആവശ്യങ്ങള്‍ക്കായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനെ സൗദി പ്രതിനിധികള്‍ അഭിനന്ദിച്ചുവെന്ന് സാമൂഹ്യ മാധ്യമ പോസ്റ്റില്‍ സമൃതി ഇറാനി പറഞ്ഞു. തീര്‍ഥാടകരുടെ ക്ഷേമത്തിനായി മെച്ചപ്പെട്ട മെഡിക്കല്‍ സൗകര്യങ്ങളുടെ ആവശ്യവും ഇരു രാജ്യങ്ങളും ചൂണ്ടിക്കാട്ടി.
നാളെ ജിദ്ദയില്‍ നടക്കുന്ന ഹജ്, ഉംറ കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പിന്റെ ഉദ്ഘാടന ചടങ്ങില്‍ സമൃതി ഇറാനി പങ്കെടുക്കും. രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് സമൃതി ഇറാനി ജിദ്ദയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: