ലണ്ടന്‍: ബ്രിട്ടനില്‍ 1990ല്‍ നടന്ന സംഭവമാണ്. അവിടെ പോസ്റ്റോഫീസില്‍ ഉപയോഗിച്ചിരുന്ന സോഫ്റ്റ് വെയര്‍ തകരാറിലായതിനെ തുടര്‍ന്ന് മോഷ്ടാക്കളായി മാറിയത് പോസ്റ്റ് മാസ്റ്റര്‍മാരായ നിരവധി ബ്രിട്ടീഷ് ഇന്ത്യക്കാരാണ്. സത്യസന്ധരായ ഇവര്‍ ഒരു സുപ്രഭാതത്തില്‍ മോഷ്ടാക്കളായി മാറേണ്ടിവന്നതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കുന്ന ടിവി സീരിയല്‍ ഈയിടെയാണ് ബ്രിട്ടനിലെ ഐടിവി സംപ്രേഷണം ചെയ്തത്. പേര് “മിസ്റ്റര്‍ ബെയ്റ്റ്സ് വേഴ്സസ് ദ പോസ്റ്റോഫീസ്”.
ഈ സീരിയല്‍ കണ്ട യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ മനസ് വല്ലാതെ നൊന്തു. യുകെയിലെ ഏകദേശം 7000 പോസ്റ്റ് മാസ്റ്റര്‍മാര്‍ ഈ സോഫ്റ്റ് വെയര്‍ തകരാറില്പ്പെട്ട് മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ടു. 90കളില്‍ നടന്ന ഈ കഥ കാണുമ്പോള്‍ നീതിയുടെ ഭയാനകമായ പിഴവ് തിരിച്ചറിയുന്നതായി ഋഷി സുനക് പറയുന്നു. വൈകാതെ ഇവര്‍ക്ക് അര്‍ഹമായ നീതി ഉടനെ നല്‍കുമെന്നും ഋഷി സുനക് ഉറപ്പ്നല്‍കുന്നു.
മോഷ്ടാക്കളായി മുദ്രകുത്തപ്പെട്ട് ജോലി നഷ്ടമായ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്ക് ഏകദേശം 15 കോടി പൗണ്ട് നഷ്ടപരിഹാരമായി നല്‍കിക്കഴിഞ്ഞു. “ഏകദേശം 6 ലക്ഷം പൗണ്ട് കൂടി ഇവര്‍ക്ക് നല്‍കാനായി മാറ്റിവെച്ചിട്ടുണ്ട്. അത് ഉടനെ നല്‍കും,”-മനം നൊന്ത് ഋഷി സുനക് പറയുന്നു.
2021 ഏപ്രിലില്‍ ബ്രിട്ടനില്‍ പോസ്റ്റ്മാസ്റ്റര്‍മാരായ ബ്രീട്ടിഷ് ഇന്ത്യക്കാരായ സീമ ബിശ്വാസും വിജയ് പരേഖും ആദ്യമായി ഇവര്‍ക്കെതിരായ കേസ് ജയിച്ചതോടെയാണ് ഈ പ്രശ്നം ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 2005ല്‍ ബ്രിട്ടനിലെ സറിയിലാണ് സീമ ബിശ്വാസ് പോസ്റ്റ് മാസ്റ്ററായി ജോലി ഏറ്റെടുക്കുന്നത്. എന്നാല്‍ 2011ല്‍ 15 മാസത്തെ തടവ് ശിക്ഷയ്ക്ക് സീമ ബിശ്വാസ് വിധിക്കപ്പെടുകയാണ്. തന്റെ പോസ്റ്റോഫീസില്‍ നിന്നും പോസ്റ്റ്മാസ്റ്ററായ അവര്‍ 75000 പൗണ്ട് മോഷ്ടിച്ചു എന്ന കുറ്റമാണ് ആരോപിക്കപ്പെട്ടത്. അന്ന് ഗര്‍ഭിണിയായിരുന്ന സീമ ബിശ്വാസ് തകര്‍ന്നുപോയി. ഗര്‍ഭിണിയായതിനാല്‍ മാത്രമാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്ന് സീമ ബിശ്വാസ് പറയുന്നു. സോഫ്റ്റ് വെയറില്‍ ഉണ്ടായ തകരാര്‍ മൂലമാണ് വരവ് ചെലവില്‍ വലിയ താളപ്പിഴ ഉണ്ടായത്. ചെയ്യാത്ത കുറ്റത്തിന് മോഷ്ടാവ് എന്ന പേര് ചാര്‍ത്തപ്പെട്ടത് സീമ ബിശ്വാസിന് സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. ഹൊറൈസന്‍ എന്ന അക്കൗണ്ടിംഗ് സോഫ്റ്റ് വെയറിന്റെ അപാകതകളെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ സീമ ബിശ്വാസും വിജയ് പരേഖും അപ്പീല്‍ കോടതിയില്‍ നല്കിയ പരാതി വിജയിച്ചതോടെ ഇവരുടെ മേല്‍ ചാര്‍ത്തപ്പെട്ട മോഷണക്കുറ്റത്തിന്റെ നുകത്തില്‍ നിന്നും ഇരുവരും മോചിതരായി. വല്ലാത്ത ഒരു ആശ്വാസമായിരുന്നു ഇതെന്ന് സീമ ബിശ്വാസ് പറയുന്നു. ഇതുപോലെ നിരവധി പോസ്റ്റ് മാസ്റ്റര്‍മാരുടെ കഥയാണ് ഈ ടിവി സീരിയലില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: