ന്യൂദല്‍ഹി: ബംഗാളില്‍ രണ്ട് സീറ്റ്, ബിഹാറില്‍ അഞ്ച്; കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ പ്രഖ്യാപിച്ച സീറ്റുകളുടെ എണ്ണം ഇത്രമാത്രം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രഭരണം പിടിക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കോണ്‍ഗ്രസിന് ബിഹാറിലും ബംഗാളിലും മത്സരിക്കാന്‍ സീറ്റുകള്‍ നല്കാന് സഖ്യകക്ഷികള്‍ തയാറല്ല. ഇതോടെ 543 അംഗ ലോക്സഭയില്‍ പകുതി മണ്ഡലങ്ങളില്‍ മാത്രമാകും കോണ്‍ഗ്രസിന്റെ മത്സരം.
രാജ്യത്ത് 255 ലോക്സഭാ സീറ്റുകളില്‍ മത്സരിക്കാനുള്ള ശേഷിയേ കോണ്ഗ്രസിനവശേഷിക്കുന്നുള്ളൂ എന്നാണ് പാര്‍ട്ടിയുടെ അവലോകനം. 2019ല്‍ 421 ലോക്സഭാ സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മത്സരിക്കാനൊരുങ്ങുന്ന 255 സീറ്റുകളില്‍ 210 ഇടത്തും നിലവില്‍ ബിജെപിയാണ് വിജയിച്ചിരിക്കുന്നത്. 2019നേക്കാള്‍ ദയനീയ അവസ്ഥയിലേക്ക് കോണ്‍ഗ്രസ് പോകുമെന്ന് ഇതു വ്യക്തമാക്കുന്നു.
യുപിയില്‍ 70 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ച കോണ്‍ഗ്രസ് ഇത്തവണ പത്തിടത്ത് തികച്ച് മത്സരിച്ചേക്കില്ല. ബംഗാളിനും ബിഹാറിനും പുറമേ പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സീറ്റുകള്‍ നല്കാന് സഖ്യകക്ഷികള്‍ തയാറല്ല. ദല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിന് പരമാവധി സീറ്റുകള്‍ കുറച്ചു നല്‍കാനാണ് ആപ്പിന്റെ തീരുമാനം. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി കൂടി പ്രതിപക്ഷ സഖ്യത്തിലുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഹിതം വീണ്ടും കുറയും. പ്രതിപക്ഷ കക്ഷികള്‍ക്ക് സ്വാധീനമുള്ള നാലു സംസ്ഥാനങ്ങളിലെ നൂറ്റമ്പതോളം സീറ്റുകളില്‍ കോണ്‍ഗ്രസിന് മത്സരിക്കാന്‍ പരമാവധി ലഭിക്കുക പതിനഞ്ചു സീറ്റുകളാണ്.
ഇന്‍ഡി സഖ്യത്തിന്റെ കണ്‍വീനറായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കാനുള്ള നീക്കത്തിനെതിരെ മമതാ ബാനര്‍ജി അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന് സീറ്റുകള്‍ നല്‍കില്ലെന്ന നിലപാടിന് പിന്നില്‍ ഈ അതൃപ്തിയാണ്. ആംആദ്മി പാര്‍ട്ടിക്കാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് തൃണമൂലിന്റെ പിന്തുണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: