ന്യൂദല്‍ഹി: ലോക ചെസില്‍ ഇന്ത്യ കുതിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ലോക ചെസ് ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഈ വര്‍ഷം ലോക ചെസ് കിരീടത്തിന് വെല്ലുവിളിക്കുന്നതാരാകും? ആ താരത്തെ കണ്ടെത്താന്‍ നടത്തുന്ന കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണ്ണമെന്റില്‍ ഇക്കുറി ഇന്ത്യയില്‍ നിന്നും മൂന്ന് കളിക്കാര്‍. ഇതാദ്യമായാണ് ഇത്രയധികം ഇന്ത്യക്കാര്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ യോഗ്യത നേടുന്നത്. ഇത് ഇന്ത്യ ചെസ്സില്‍ മുന്നോട്ട് കുതിക്കുന്നതിന്റെ ലക്ഷ്ണമാണെന്ന് വിദഗ്ധര്‍.
ഫിഡെ റേറ്റില്‍ ലോകത്തെ 13ാം റാങ്കില്‍ നില്ക്കുന്ന പ്രജ്ഞാനന്ദ, 14ാം റാങ്കുള്ള വിദിത് ഗുജറാത്തി, 25ാം റാങ്കുള്ള ഡി.ഗുകേഷ് എന്നിവര്‍ കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും മികച്ച എട്ട് പേരാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുക. ടൊറന്റോയിലാണ് ഇക്കുറി കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്റ്.
2024 ഏപ്രില്‍ രണ്ട് മുതല്‍ 25 വരെയാണ് ടൂര്‍ണ്ണമെന്റ് നടക്കുക. ചെസ് ലോകകപ്പിലെ റണ്ണറപ്പ് എന്ന നിലയിലാണ് പ്രജ്ഞാനന്ദ യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ഫിഡേ ഗ്രാന്‍ഡ് സ്വിസ് ടൂര്‍ണ്ണമെന്റ് വിജയി എന്ന നിലയില്‍ വിദിത് ഗുജറാത്തിയും ഈ ടൂര്‍ണ്ണമെന്റില്‍ പ്രശസ്ത യുഎസ് താരം ഹികാരു നകാമുറയെ ആണ് വിദിത് ഗുജറാത്തി തോല്പിച്ചത്. ഫിഡേ സര്‍ക്യൂട്ടിലെ രണ്ടാം സ്ഥാനക്കാരന് എന്ന നിലയിലാണ് ഗുകേഷ് യോഗ്യത നേടിയത്.
ഹികാരു നകാമുറ (യുഎസ്), ഇയാം നിപോംനിയാചി (റഷ്യ), ഫാബിയാനോ കരുവാന(യുഎസ്), നിജാദ് അബസോവ് (അസര്ബൈജാന്), അലിറെസ് ഫിറൂജ (ഫ്രാന്‍സ്) എന്നിവരാണ് കാന്‍ഡിഡേറ്റില്‍ കിരീടപ്പോരിനെത്തുന്ന മറ്റ് ലോകതാരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: