ന്യൂദല്‍ഹി : അയോധ്യ രാമക്ഷേത്രം പ്രതിഷ്ഠാദിന ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉപവാസം അനുഷ്ഠിക്കും. രാം ലല്ല പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് മോദി ഉപവാസം അനുഷ്ഠിക്കുന്നത്. ശീലാസ്ഥാപനത്തോടനുബന്ധിച്ചും പ്രധാനമന്ത്രി ഉപവാസം അനുഷ്ഠിച്ചിരുന്നു.
പ്രതിഷ്ഠാദിനത്തില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എന്നിവരും സംസാരിക്കും. ഉദ്ഘാടനചടങ്ങ് നടക്കുന്ന വേദിയില്‍ 5000ത്തോളം ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കും.
ഭാരതത്തിന്റെ പരമ്പരാഗതവും തദ്ദേശീയവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. പരിസ്ഥിതി, ജല സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് ക്ഷേത്രത്തിന്റെ 70 ഏക്കര്‍ പ്രദേശത്തിന്റെ 70 ശതമാനവും പച്ചയായി നിലനിര്‍ത്തിയിരിക്കുകയാണ്.
മൂന്ന് നിലകളിലായി ക്ഷേത്രത്തിന് 380 അടി നീളവും (കിഴക്ക് പടിഞ്ഞാറ്) 250 അടി വീതിയും 161 അടി ഉയരവുമാണുള്ളത്. ഓരോ നിലയും 20 അടി ഉയരത്തിലാണ്. അമ്പലത്തില്‍ ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്. പ്രധാന ശ്രീകോവിലില്‍ ഭഗവാന് ശ്രീരാമന്റെ ബാലക രൂപവും (ശ്രീരാമ ലല്ലയുടെ വിഗ്രഹം) ഒന്നാം നിലയില്‍ ശ്രീരാം ദര്‍ബാറും ഉണ്ട്. അഞ്ച് മണ്ഡപങ്ങളാണ് (ഹാള്‍) ക്ഷേത്രത്തിനുള്ളത്. നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാര്‍ത്ഥന, കീര്‍ത്തന മണ്ഡപങ്ങള്‍. ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങള്‍ തൂണുകളിലും മതിലുകളിലും കൊത്തിവച്ചിട്ടുണ്ട്.
സിങ് ദ്വാരിലൂടെ 32 പടികള്‍ കയറി കിഴക്ക് നിന്നാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നത്. ഭിന്നശേഷിക്കാരുടെയും പ്രായമായവരുടെയും സൗകര്യാര്‍ത്ഥം റാമ്പുകളും ലിഫ്റ്റുകളും ക്ഷേത്രത്തില്‍ ഒരുക്കുന്നുണ്ട്. 732 മീറ്റര്‍ നീളവും 14 അടി വീതിയുമുള്ള കോമ്പൗണ്ട് മതിലാണ് ക്ഷേത്രത്തിനുള്ളത്. കോമ്പൗണ്ടിന്റെ നാല് കോണുകളിലും നാല് ക്ഷേത്രങ്ങളുമുണ്ട്. സൂര്യ ദേവന്, ദേവി, ഗണപതി, ശിവന് ഭഗവാന് എന്നിവരാണ് ഇവിടുത്തെ പ്രതിഷ്ഠ. വടക്കേ ഭുജത്തില്‍ മാ അന്നപൂര്‍ണയുടെ ക്ഷേത്രവും തെക്കേ ഭുജത്തില്‍ ഭഗവാന് ഹനുമാന്റെ ക്ഷേത്രവുമാണ്.
ക്ഷേത്രത്തിനൊപ്പം 25,000 പേരെ ഉള്‍ക്കൊള്ളുന്ന ഒരു തീര്‍ത്ഥാടക സൗകര്യ കേന്ദ്രവും (പിഎഫ്സി) നിര്‍മാണത്തിലാണ്, ഇത് തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങളും ലോക്കര്‍ സൗകര്യവും നല്‍കും. ബാത്ത് ഏരിയ, വാഷ്റൂം, വാഷ്ബേസിന്, ഓപ്പണ്‍ ടാപ്പുകള്‍ തുടങ്ങിയവയുള്ള പ്രത്യേക ബ്ലോക്കും സമുച്ചയത്തിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: