കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഗോത്ര കലാരൂപം ആദ്യമായി അരങ്ങിലെത്തിയപ്പോള്‍ അത് ചരിത്ര നിമിഷമായി. തുടിയുടെ താളം മുറുകിയപ്പോള്‍ കാവി മുണ്ടും ചുവന്ന ഉടുപ്പും വെള്ളത്തോര്‍ത്തും ധരിച്ച് തലയില്‍ പാളത്തൊപ്പിയുമായി അവര്‍ വട്ടത്തില്‍ ചുവടുവച്ചത് ചരിത്രത്തിലേക്ക്.
സ്കൂള്‍ കലോത്സവത്തില്‍ ഗോത്ര കലാരൂപങ്ങള്‍ക്കു സ്ഥാനം നല്‍കാത്തതില്‍ കാലങ്ങളായി പ്രതിഷേധമുയരുന്നുണ്ട്. ഗോത്രകലകളെ അവഗണിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കലോത്സവ കാലത്ത് ‘ജന്മഭൂമി’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഇത്തവണ പ്രദര്‍ശന ഇനമായെങ്കിലും ഗോത്ര കലാരൂപത്തെ അരങ്ങിലെത്തിക്കാനായതിലുള്ള സന്തോഷത്തിലാണ് ഈ മേഖലയിലെ വനവാസി കലാകാരന്മാര്. 2015ലെ സ്കൂള്‍ കലോത്സവം കോഴിക്കോട്ട് നടന്നപ്പോള്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഗോത്ര കലാരൂപങ്ങളെ കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു പറഞ്ഞിരുന്നു. കാലമിത്ര കഴിഞ്ഞിട്ടും ആ ഉറപ്പു പാലിക്കാന്‍ സര്‍ക്കാരുകള്‍ക്കായില്ല. ”എന്തിനാണ് ഞങ്ങളെ ഇപ്പോഴും അകറ്റി നിര്‍ത്തുന്നത്” എന്ന ചോദ്യം കഴിഞ്ഞ കലോത്സവ കാലത്ത് ‘ജന്മഭൂമി’യിലൂടെ പുറത്തുവന്നിരുന്നു.
കാസര്‍കോട്ടെ വനവാസികളായ മാവില, മല വേട്ടുവ വിഭാഗങ്ങളുടെ പരമ്പരാഗത നൃത്ത രൂപമായ മംഗലംകളിയാണ് ഇത്തവണ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ചത്.
വിവാഹത്തലേന്ന് സ്ത്രീകളും പുരുഷന്മാരും തുടിയുടെ താളത്തില്‍ പാട്ടുപാടി നൃത്തംവയ്ക്കുന്നതാണ് മംഗലംകളി. കല്യാണച്ചെറുക്കന് പെണ്ണുമായി വീടു കയറുമ്പോഴും മംഗലംകളി അവതരിപ്പിക്കും. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയില്‍ ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോല്കെട്ടിയ തുടികളാണ് ഉപയോഗിക്കുന്നത്. തുളു ഭാഷയിലുള്ള വായ്മൊഴിയിലാണ് പാട്ടുകള്‍. ഓരോ പാട്ടിലും ഓരോ കഥയുണ്ടാകും. ജന്മി വ്യവസ്ഥയ്ക്കെതിരേയുള്ള കഥകളാണ് അധികവും.
കാസര്‍കോട് പരവനടുക്ക ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് എച്ച്എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനികളാണ് മംഗലംകളി അവതരിപ്പിച്ചത്. പ്ലസ്വണ്, പ്ലസ്ടു വിദ്യാര്‍ത്ഥിനികളായ 15 പേര് രംഗത്തെത്തി. പരമ്പരാഗത കലാകാരന്മാരായ രാജീവീ, രാജു എന്നിവരാണ് പരിശീലകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: