തിരുവനന്തപുരം: താൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി നടനും സംവിധായകനുമായ മേജർ രവി. തന്റെ പക്കൽ സഹായമഭ്യർത്ഥിച്ചെത്തുന്ന ആളുകളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അധികാരത്തിലുള്ളവരുടെ സഹായം കൂടി വേണ്ട സാഹചര്യമാണ് ഉള്ളതെന്നും അതിനാലാണ് രാഷ്ട്രീയത്തിലിറങ്ങിയതെന്നും മേജർ രവി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
താൻ പല പാർട്ടികളിലും ചേർന്നതായി പ്രചാരണങ്ങളുണ്ടായിരുന്നു. ഇത്തരത്തിൽ പരക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കുന്നതാണ് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ സാധാരണക്കാർക്കായി പ്രവർത്തിക്കണമെന്നാണ് തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയതയെയാണ് ബിജെപി എല്ലാക്കാലത്തും പിന്തുണച്ചത്. സിപിഎം പിന്തുണയ്ക്കുന്നത് ചൈനയേയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതൊരു രാജ്യം സന്ദർശിക്കുമ്പോഴും വലിയ ആരാധനയോടെയാണ് എല്ലാവരും അദ്ദേഹത്തെ കാണുന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയിൽ തന്നെ അംഗമാകാൻ മടിക്കുന്നത് എന്തിനാണെന്ന് മേജർ രവി ചോദിച്ചു. പാർട്ടിയിൽ നിന്ന് ഒന്നും ലഭിക്കണമെന്ന് ലക്ഷ്യമിട്ടിട്ടില്ല. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിക്കൊപ്പം കൈ ചേർക്കുക മാത്രമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: