സിഡ്‌നി: ഏകദിന ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരെ നടന്നുവരുന്ന പരമ്പരയിലെ അവസാന മത്സരത്തോടെ ടെസ്റ്റില്‍ നിന്നും വിരമിക്കാനിരിക്കെയാണ് വാര്‍ണര്‍ ഏകദിനത്തില്‍ ഇനി ഉണ്ടാവില്ലെന്ന് പുതുവര്‍ഷദിനത്തിലെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ട്വന്റി20 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ തുടരും.
ഭാരതത്തിനെതിരായ ലോകകപ്പ് ഫൈനലാണ് താരത്തിന്റെ അവസാന ഏകദിന മത്സരം. നാളെ പാകിസ്ഥാനെതിരെ ആരാംഭിക്കുന്നത് വാര്‍ണറുടെ കരിയറിലെ അവസാന ടെസ്റ്റ് മത്സരമായിരിക്കും. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുമ്പേ തന്നെ വാര്‍ണര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
ഓസീസിന് ആറാം വട്ടം ലോക കിരീടം നേടിക്കൊടുക്കുന്നതില്‍ വാര്‍ണര്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ താരമാണ് വാര്‍ണര്‍.
പുതുമുഖ താരങ്ങള്‍ക്കായി ടീമില്‍ നിന്നും ഒഴിഞ്ഞുകൊടുക്കുന്നുവെന്നാണ് മാധ്യമങ്ങളോട് 37കാരനായ വാര്‍ണര്‍ പറഞ്ഞത്. ട്വന്റി20 ക്രിക്കറ്റില്‍ തുടരുന്ന താരം വിദേശ രാജ്യങ്ങളിലടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് തുടരുമെന്ന് അറിയിച്ചു. ഐപിഎലില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിലാണ് താരം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
2009ല്‍ ഓസ്‌ട്രേലിയന്‍ ടീമിലെത്തിയ വാര്‍ണര്‍ 2015ല്‍ ലോകകപ്പ് നേടിയ ടീമിലും ഉണ്ടായിരുന്നു. കരിയറില്‍ 161 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള വാര്‍ണര്‍ 45.30 ശരാശരിയില്‍ 6,932 റണ്‍സെടുത്തിട്ടുണ്ട്. 22 സെഞ്ചുറികളും 33 അര്‍ദ്ധസെഞ്ചുറികളും അടിച്ചിട്ടുണ്ട്. 179 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. നാളെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്നത് വാര്‍ണറുടെ 112-ാം അന്താരാഷ്‌ട്ര ടെസ്റ്റ് ക്രിക്കറ്റ് ആണ്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ഓസ്‌ട്രേലിയന്‍ താരവും ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഓസീസ് താരവുമാണ് വാര്‍ണര്‍. 29 ഏകദിന സെഞ്ചുറികള്‍ നേടിയ മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ആണ് ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഓസീസ് താരം.
‘അതില്‍ യാതൊരു കുറ്റബോധവുമില്ല’
ഏകദിന ക്രിക്കറ്റിലെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ 2018ലെ പന്തുചുരണ്ടലിനെ കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ തനിക്ക് യാതൊരു ദുഖവുമില്ലെന്ന് ഡേവിഡ് വാര്‍ണറുടെ മറുപടി. മത്സരത്തിനിടെ ബൗളര്‍മാര്‍ക്ക് പന്തില്‍ ഗ്രിപ്പ് കിട്ടാന്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ചുരണ്ടിയ സംഭവം ഓസ്‌ട്രേലിയയെ കായിക ലോകത്തിന് മുന്നില്‍ നാണം കെടുത്തിയിരുന്നു. സ്മിത്ത് നായകനായ ടീമില്‍ അന്ന് ഉപനായകനായിരുന്നു വാര്‍ണര്‍. സംഭവത്തില്‍ താരത്തിന് പങ്കുണ്ടെന്ന് സംശയമില്ലാതെ വ്യക്തമായതാണ്. അതേ കുറിച്ച് ഇതുവരെ ഒരു ഏറ്റുപറച്ചിലിന് താരം തയ്യാറായിട്ടില്ല. അതിനിടെയാണ് സംഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് നിഷേധപരമായ മറുപടി ഇന്നലെ നല്‍കിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: