ന്യൂദല്‍ഹി: രാമക്ഷേത്ര ഉദ്ഘാടനത്തിനു ക്ഷണം ലഭിച്ച് ആഴ്ചകള്‍ കഴിഞ്ഞും പങ്കെടുക്കുന്നതില്‍ തീരുമാനം പ്രഖ്യാപിക്കാത്ത കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരേ അതൃപ്തി ശക്തമാകുന്നു. തീരുമാനം ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അയോദ്ധ്യ വിഷയത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്നുമുള്ള വിലക്ക് മറികടന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു. പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും അയോദ്ധ്യയിലേക്കു പോകുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ലെന്നും സുഖു വ്യക്തമാക്കി.
നാം രാമന്റെ പാത പിന്തുടരുന്നവരാണ്. പ്രാണപ്രതിഷ്ഠയ്ക്ക് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ല, മുഖ്യമന്ത്രി പറഞ്ഞു. ഹിമാചല്‍ മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ മകനും സംസ്ഥാന പൊതുമരാമത്തു വകുപ്പ് മന്ത്രിയുമായ വിക്രമാദിത്യ സിങ്ങിനെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും അയോദ്ധ്യയിലെത്തുമെന്നും തന്റെ അച്ഛന് രാമജന്മഭൂമി പ്രക്ഷോഭത്തിന് പിന്തുണയേകിയ വ്യക്തിയായിരുന്നെന്നും വിക്രമാദിത്യ സിങ് പറഞ്ഞു.
കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാന ഘടകങ്ങളും രാഹുലും അയോദ്ധ്യയിലേക്ക് കോണ്‍ഗ്രസ് പോകേണ്ടതില്ലെന്ന നിലപാടിലാണ്. എന്നാല്‍ യുപി ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പ്രാണപ്രതിഷ്ഠയുടെ ഭാഗമാകുമെന്ന നിലപാടും സ്വീകരിച്ചു. ഇതിനിടെ ദിവസങ്ങളായിട്ടും ഔദ്യോഗിക തീരുമാനമുണ്ടാകാത്തതില്‍ പാര്‍ട്ടിയില്‍ വലിയ ഭിന്നത ഉടലെടുത്തിട്ടുണ്ട്. ഇതാണ് ഹിമാചല്‍ മുഖ്യമന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്. വടക്കുഭാഗത്തുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ഏക ഇടമാണ് ഹിമാചല്‍ പ്രദേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: