മുംബൈ: നിര്‍മ്മല സീതാരാമനും റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ റിസര്‍വ്വ് ബാങ്ക് ഓഫീസിലും മറ്റ് മൂന്ന് ബാങ്കുകളിലും ബോംബ് സ്ഫോടനം നടത്തുമെന്നും ഭീഷണിപ്പെടുത്തിയ ഖിലാഫത്ത്ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ ഇമെയില്‍ അയച്ച മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായി ആദില്‍ റഫീക്കിനെയും കൂട്ടുകരായാ മറ്റ് രണ്ട് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.
മുംബൈ പൊലീസാണ് ഇവരെ പിടികൂടിയത്. ഗുജറാത്ത് സ്വദേശികളാണെന്നല്ലാതെ പ്രതികളുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവര്‍ തീവ്രവാദികളാണോ എന്നതും ഖിലാഫത്ത് ഇന്ത്യ എന്നത് ഇവര്‍ രൂപീകരിച്ച പുതിയ തീവ്രവാദസംഘടനയാണോ അതോ മറ്റേതെങ്കിലും സംഘടനയുടെ ഉപസംഘടനയാണോ എന്നീ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. നിര്‍മ്മല സീതാരാമനും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ക്കും എതിരെ ഉന്നയിക്കുന്ന അഴിമതി ആരോപണത്തിന്റെ വിശദാംശങ്ങളും തേടുന്നുണ്ട്.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ സാമ്പത്തിക അഴിമതിയാണിതെന്നും ഇതേക്കുറിച്ച് തങ്ങളുടെ കയ്യില്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഖിലാഫത്ത് ഇന്ത്യ അയച്ച് മെയിലില്‍ അവകാശപ്പെട്ടിരുന്നു. ഈ അഴിമതിയില്‍ മറ്റ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പങ്കാളികളാണെന്നും മെയിലില്‍ ഉണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതി എന്താണെന്നും അന്വേഷിക്കും.
റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം ഇമെയില്‍ രൂപത്തിലെത്തിയത്. ഖിലാഫത്.ഇന്ത്യ എന്ന പേരിലുള്ള ജിമെയില്‍ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി എത്തിയത്. റിസര്‍വ്വ് ബാങ്കിന്റെ ഫോര്‍ട്ടിലുള്ള പുതിയ കോര്‍പറേറ്റ് ഓഫീസിലും എച്ച് ഡിഎഫ് സി ബാങ്കിന്റെ ചര്‍ച്ച് ഗേറ്റ് ശാഖയിലും ബാന്ദ്ര കോംപ്ലക്സിലെ ഐസിഐസിഐ ഓഫീസിലുമാണ് ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. റിസര്‍വ്വ് ബാങ്കില്‍ ചൊവ്വാഴ്ച രാവിലെ 10.50നും മറ്റിടങ്ങളില്‍ ഉച്ചയ്ക്ക് 1.30നും സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. നിര്‍മ്മല സീതാരാമന് ധനമന്ത്രി പദത്തില്‍ നിന്നും ശക്തികാന്ത ദാസ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പദവിയില്‍ നിന്നും ഉടനെ രാജിവെച്ചില്ലെങ്കില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു ഇമെയിലില്‍ അറിയിച്ചിരുന്നത്.
നിര്‍മ്മലയും ശക്തികാന്ത ദാസും വലിയൊരു ബാങ്ക് അഴിമതിയില്‍ പ്രതികളാണെന്നും ഇതിന്റെ വിശദാംശങ്ങള്‍ ഉടനെ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. പണ്ട് ദാവൂദ് ഇബ്രാഹിമും കൂട്ടരും നടത്തിയ ബോംബെ സ്ഫോടന പരമ്പര പോലെ 11 ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബോംബുകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. പൊലീസ് സ്ഫോടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഇടങ്ങളില്‍ എല്ലാം പരിശോധന നടത്തിയപ്പോള്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: