സമയം രാത്രിപതിനൊന്ന്
ഒന്നു നടുനിവര്‍ത്തീതേയുള്ളൂ
അതാ ഫോണ്‍ പാടുന്നു.
രാധു മനസ്സില്ലാമനസ്സോടെ ഫോണെടുത്തു
അപ്പുറത്ത് ഒരു വയസ്സന് വ്യക്തിയുടേതുപോല്‍ വിറയാര്‍ന്ന ശബ്ദം.
”രാധുവല്ലേ
മേലേവീട്ടിലെ?”
”അതെ… നിങ്ങള്‍?”
”അതൊക്കെ പിന്നെ പറയാം”
”ഒരു സഹായം ചെയ്യൂ”
”നിങ്ങളുടെ അടുത്തവീട്ടിലെ
ജലജാമ്മ തീരെ വയ്യാതെ വിഷമിക്കുന്നു… തീരെ വയ്യ…
ഒന്നു ചെന്നു നോക്കുമോ പ്ലീസ്….”
രാധു അത്ഭുതത്തോടെ എത്ര തവണ ആവര്‍ത്തിച്ചിട്ടും അയാള്‍ ആരെന്നു പറയാന്‍ നില്‍ക്കാതെ ഫോണ്‍ വച്ചു.
രാധു പരിഭ്രമത്തോടെ ഭര്‍ത്താവ് അനിലിനെ നോക്കി. അയാള്‍ ആ നേരത്തും ലാപി
ല്‍ ബിസിയായിരുന്നു. ലാപില്‍ നിന്നു മുഖമെടുക്കാതെ തന്നെ അയാള്‍ ഫോണില്‍ ആരെന്ന് അന്വേഷിച്ചു.
കാര്യം പിടികിട്ടിയപ്പോള്‍ അനില്‍ അല്‍പ്പം ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു.
”വേണ്ട… ആ സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന ആളാ. വിളിച്ചതാരാന്നും അറിയില്ല. ഇനി അതൊരു ഫേക് കാളാണെങ്കിലോ.. ഈ സമയത്ത് വാതില്‍ തുറന്നു പുറത്തുപോകുന്നത് സേഫല്ല. നീ കിടന്നേ…. കാലം മോശാ മോളെ, പണി ഇരന്നു വാങ്ങണോ… ”
അതോടെ രാധു ഫോണ്‍ സൈലന്റാക്കി മനസ്സില്ലാ മനസ്സോടെ പോയി കിടന്നു.
എന്നാലും അയല്‍പ്പക്കമല്ലേ…
ഒന്നന്വേഷിക്കാതെ….
അവള്‍ക്ക് വിഷമമൊക്കെ ഉണ്ടായിരുന്നു.
രാവിലെ ഉണര്‍ന്നെണീറ്റപ്പൊഴാണ്
ജലജാമ്മയുടെ വീടിന്റെ ഗേറ്റിനു വെളിയില്‍ നിറയെ ആളുകള്‍….!
ദൈവമേ അവര്‍…..?
രാധു വല്ലാത്തൊരു കുറ്റബോധത്തോടെ ജലജാമ്മയുടെ വീട്ടിലേക്കോടി.
അപ്പഴേക്കും പൊലീസുമെത്തിയിരുന്നു.
ഗേറ്റും വാതിലുമൊക്കെ പൊളിച്ച് പൊലീസ് അകത്തു കടക്കാന്‍ തുടങ്ങുന്നു.
”എന്താ കാര്യം…?”
രാധു അന്വേഷിച്ചു
അപ്പോഴാണൊരു കാര്യം മനസ്സിലായത്.
ജലജാമ്മയുടെ ആരോഗ്യം മോശമെന്നും സഹായം വേണമെന്നും അഭ്യര്‍ത്ഥിച്ച് ഒരേ നമ്പറില്‍ നിന്ന് അയല്‍വാസികള്‍ക്കെല്ലാം കാള്‍ വന്നിരുന്നു.
അനിലിന്റെ അതേ മനോഭാവമായിരുന്നു അവരുടേതും എന്നതിനാല്‍ രാത്രി ആരും പു
റത്തു വന്നില്ല.
പോലീസ് അകത്തു കടന്ന് വിശദമായ പരിശോധിക്കയാണ്…
സംഗതി സത്യമാണ്
ജലജാമ്മ ലിവിങ്ങ് റൂമിലെ ചെയറില്‍ തണുത്തു മരവിച്ചങ്ങനെ ഇരിക്കുന്നു.
നേരെ അഭിമുഖമായുള്ള മേശയില്‍ ഒരു മൊബൈല്‍ സ്റ്റാന്റില്‍ മൊബൈലും.
ഒരു അസ്വാഭാവികതയും ആര്‍ക്കും കാണാനായില്ല…
വാര്‍ദ്ധക്യസഹജമായ മരണമാവും. ആളുകള്‍ വിധിയെഴുതി. വയസ്സ് പത്തെഴുപത്തെട്ടായല്ലോ എന്നൊരാശ്വാസവചനവും കേട്ടു.
ഡെഡ്ബോഡി പതിവുമാമൂലുകള്‍ക്കായി ഹോസ്പിറ്റലിലേക്കു മാറ്റി.
മക്കള്‍ അമേരിക്കയിലായോണ്ട് വരവുണ്ടാവില്ലെന്നത് അയല്‍വാസികള്‍ക്കറിയാമായിരുന്നു.
മടങ്ങിപ്പോകുമ്പോള്‍ അന്വേഷണത്തിന്റെ ഭാഗമായി അവിടെ കണ്ട ഫോണ്‍ എസ്.ഐ ജോമോന് എടുത്തിരുന്നു. രാത്രി അയല്‍വാസികളെ വിളിച്ച വ്യക്തിയുടെ നമ്പറും കുറിച്ചെടുത്തിരുന്നു.
ജോലികളെല്ലാം കഴിഞ്ഞ് രാത്രിയാണ് ‘ജോ’
ആ മൊബൈല്‍ കൈയ്യിലെടുക്കുന്നത്. വളരെ
യാന്ത്രികമായി ഒരു വെറും അന്വേഷണം എന്ന മട്ടില്‍ അയാള്‍ ഫോണ്‍ തുറന്നു.
തുറന്നതും മുന്നില്‍ തെളിഞ്ഞത് തുറന്നുവച്ചൊരു വാട്സ് ആപ് ചാറ്റായിരുന്നു.
”ജലജേ അല്‍പ്പം ചുടുവെള്ളം കുടിക്കൂ.
പേടിക്കണ്ട ഞാന്‍ അയല്‍വക്കത്തൊക്കെ പറഞ്ഞിട്ടുണ്ട്. ആരേലും ഇപ്പൊ വരും.
നിന്റെ വേദന കണ്ടു നില്ക്കാന് വയ്യാണ്ടാ ഞാന്‍ വീഡിയോ കോള്‍ ഓഫാക്കീത്…
ജലജേ ഭേദണ്ടൊ ആരേലും വന്നോ
ജലജേ എന്തായി?
ഭേദായാ ഒന്നു വിളിക്കൂ
ജലജേ…
ജലജേ…”
ജോ വല്ലാത്തൊരു മാനസികാവസ്ഥയോടെ ആ നമ്പര്‍ ശ്രദ്ധിച്ചു.
അതെ
ഇന്നലെ അയല്‍പക്കത്തേക്കൊക്കെ വിളിച്ച അതേ നമ്പര്‍.
ശങ്കുണ്ണി എന്നു സേവ് ചെയ്തിരിക്കുന്നു.
ഓഹ്….അയാള്‍ എത്രപേരെ
വിളിച്ചിരിക്കുന്നു….
അയല്‍ക്കാര്‍ പോലും….!
മനുഷ്യരോ അവര്‍…?
ആ ചാറ്റ് അയാള്‍ മുകളിലേക്കു സ്ക്രോള്‍ ചെയ്തു. അനേക കാലമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരായിരുന്നു അവര്‍ എന്നു മനസ്സിലായി.
രണ്ടുപേരുടേയും ദിനചര്യകള്‍. വയ്യായ്കകള്‍, മരുന്നുകള്‍, അയല്‍ക്കാരുടെ വിവരങ്ങള്‍, മക്കളുടെ വിശേഷങ്ങള്‍… എല്ലാം രണ്ടാള്‍ക്കും അറിയാമായിരുന്നു എന്ന് വ്യക്തം.
മാത്രമല്ല രണ്ടുപേരും രണ്ടുപേരുടേയും വലിയ സാന്ത്വനവുമായിരുന്നു.
അവര്‍ക്കിടയിലെ തമാശകള്‍, പരിഭവങ്ങള്‍, പിണക്കങ്ങള്‍, പരാതികള്‍, ആശ്വാസവാക്കുകള്‍…
എല്ലാം വളരെ നിഷ്കളങ്കമായ സ്നേഹത്തിന്റെതുമായിരുന്നു.
വാര്‍ദ്ധക്യത്തിലെത്തിയ രണ്ടു പേര് അവരുടെ ഏകാന്തതയെ ഇങ്ങനെ തോല്‍പ്പിച്ചതാവാം…
ജോ ആ നമ്പര്‍ ഡയല് ചെയ്തു…
അപ്പുറത്തു ഹലോ കേട്ടു
ഞാന്‍ ജലജാമ്മയുടെ ഒരു ബന്ധു, താങ്കളെ ഒന്നു വിളിക്കണമെന്നു തോന്നി.
”ഓഹ്.. താങ്ങ് ഗോഡ്
അവള്‍ക്കെങ്ങനുണ്ട്
ഡോക്ടറെ കണ്ടൊ
മാറിയോ
എവിടേ?”
ആ മനസ്സിന്റെ വിങ്ങല്‍ ജോയുടെ
ഹൃദയം തൊട്ടു.
”പറയാം…നിങ്ങള്‍ എവിടുണ്ട്
നാളെ ഒന്നു കാണണം എന്നുണ്ട്”
”എന്നെയോ..
നിങ്ങള്‍ എവിടാ?
പാലക്കാട് ആണോ ജലജേടെ ബന്ധൂന്നു പറയുമ്പൊ…..”
”അതെ പാലക്കാട്…”
”എങ്കില്‍ നാളെ കാണുക നടക്കില്ല.
ഞാന്‍ ബോംബെയിലെ മലാഡിലാ
താമസം…”
ആ ഉത്തരം കേട്ട് ജോ കൂടുതല്‍
സ്തബ്ദനായി.
ഇത്രേം അകലത്തു നിന്ന്….
ഇത്രേം നിഷ്കാമമായൊരു സൗഹൃദം….!
”അവള്‍ക്ക് ഭേദായോ പറയൂ”
അയാളുടെ അസ്വസ്ഥത പടരുന്ന വാക്കുകളിലെ ഇടര്‍ച്ച ജോവിനെ കൂടുതല്‍ വിഷണ്ണനാക്കി….
അപ്രിയമെങ്കിലും ആ സത്യം അയാള്‍ അറിയട്ടെ ഉള്‍ക്കൊള്ളട്ടെ. അതിനോട് സമരസപ്പെടട്ടെ……
”ഇല്ല ഷി ഈസ് നൊ മോര്…..”
ഉത്തരമായി കേട്ടത് ഒരു നിമിഷത്തെ നിശ്ശബ്ദതയും അടക്കിപ്പിടിച്ചൊരു തേങ്ങലുമായിരുന്നു…
ജോ മെല്ലെ ഫോണ്‍ കട് ചെയ്തു.
അറിയാതെ നിറഞ്ഞ കണ്ണു തുടച്ച് അയാള്‍ ഫയല്‍ മടക്കിവച്ച് എഴുന്നേറ്റു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: