നിലത്തു വിരിച്ച പായയില്‍ ശാന്തമായുറങ്ങുന്ന കുഞ്ഞിനെ മുരിയാളന്‍ സ്‌നേഹവായ്‌പോടെ നോക്കി. കുഞ്ഞിന് അനക്കമില്ലല്ലോ.
അയാള്‍ കുഞ്ഞിനരികില്‍ താണു കിടന്നു .തൊട്ടു നോക്കി. ഏങ്ങി ഏങ്ങി കരഞ്ഞു. ”നമ്മുടെ കുഞ്ഞന്‍ പോയെടീ….” അയാള്‍ തേങ്ങി. അവന്റെ പെണ്ണ് അരിട്ടയും വാവിട്ടു നിലവിളിച്ചു.
വര്‍ഷം പിന്നിട്ടു. രണ്ടാമതും സുന്ദരനായ ഒരു കുഞ്ഞിന് ജന്മം നല്‍കി അരിട്ട കൂടുതല്‍ സുന്ദരിയായി. അടിവാരത്തെ തൊടിയിലുള്ള പുത്തിലഞ്ഞിച്ചോട്ടില്‍ നിന്നും അവള്‍ കുഞ്ഞിനരികിലെത്തിച്ചേര്‍ന്നു. അവന്‍ ഉറക്കത്തിലാണ്. അരിട്ട കുഞ്ഞിന് സ്‌നേഹമുത്തം നല്‍കുവാന്‍ മുഖം കുനിച്ചു. അവള്‍ പൊട്ടിപൊട്ടിക്കരഞ്ഞു. ”എന്റെ കുഞ്ഞേ… നീയും അമ്മയെ വിട്ടു പോയല്ലോ.”
മുരിയാളന്റ രോദനം ആരും കേട്ടില്ല. അത് അയാളില്‍ തന്നെ ഒടുങ്ങി.
അരിട്ട വീണ്ടും ഒരു കുഞ്ഞിന് ജന്മം നല്‍കി. അരിട്ടയുടെ അമ്മ കാഞ്ഞായി മുരിയാളന്റെയും അരിട്ടയുടെയും സ്‌നേഹാധിക്യത്തില്‍ മൊട്ടിട്ട കുഞ്ഞിനെ കുളിപ്പിക്കാന്‍ എടുത്തപ്പോള്‍ വാടിയ താമരത്തണ്ടു കണക്കെ കുട്ടി കുഴഞ്ഞു. നിമിഷങ്ങള്‍ക്കകം ആ കുഞ്ഞും അവരെ വിട്ടുപോയി. അരിട്ട തൊള്ളതുറന്ന് വിലപിച്ചില്ല. മുരിയാളന്‍ എണ്ണിയെണ്ണി പറഞ്ഞു കരഞ്ഞു. ഇതെല്ലാം കേള്‍ക്കുന്നവരിലും കാണുന്നവരിലും ഒരു തോന്നലുളവാക്കി… കുഞ്ഞുങ്ങളോട് സ്‌നേഹമുള്ളത് മുരിയാളനു മാത്രമെന്ന്.
അരിട്ടയുടെ പ്രകൃതം കണ്ടാല്‍ ഒന്നിലും ദുഃഖിച്ചിരുന്നില്ലെന്ന തോന്നലാണുണ്ടാക്കിയിരുന്നത്. നടക്കുവാന്‍ പോകുന്നതെന്താണെന്ന് അരിട്ടയ്‌ക്കറിയാമായിരുന്നതു പോലെ തോന്നിയിരുന്നു.അരിട്ട വര്‍ഷം തോറും ഗര്‍ഭവതിയാകുന്നതും പ്രസവിക്കുന്നതും അവളുടെ കുഞ്ഞ് ആറുമാസത്തിലധികം ജീവിക്കാതെ മരിച്ചു പോകുന്നതുമെല്ലാം തെന്‍മുറി ഗ്രാമത്തിലെ നാട്ടുനടപ്പായി.
മുരിയാളന്റെ സന്തത സഹചാരിയും ആത്മമിത്രവും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഒക്കെയായിരുന്നു തെന്‍മുറിയിലെ പൗരുഷശാലിയായിരുന്ന നല്ലാളന്‍. മുരിയാളനു വേണ്ടി അവന്‍ ചങ്കും പറിച്ചു കൊടുക്കുമെന്ന് ഗ്രാമവാസികള്‍ പറയുമായിരുന്നു.
സുന്ദരിയായ അരിട്ട പ്രസവിച്ചുകൊണ്ടേയിരുന്നു. നാട്ടിലെ ശ്രേഷ്ഠനായ പുരുകിവര്‍ ഒരിക്കല്‍ അവളോട് ചോദിച്ചു. ”അരിട്ടേ, നിനക്കിനി ഇത് മതിയാക്കിക്കൂടെ. നിനക്ക് പണിയെടുക്കാനുള്ള ശക്തിയും നിന്നിലെ അഴകും നശിച്ചുപോകുന്നത് അറിയുന്നുണ്ടോ നീയ്?”
”തമ്പ്രാനേ… അടിയന്റെ പത്താമത്തെ പുത്രന്‍ ചുണക്കുട്ടിയാവും. അവന്‍ ജീവിക്കും.”
അവള്‍ ആഢ്യനായ പുരുകിവരോട് പറഞ്ഞത് അന്ന് ശാന്തനായ മുരിയാളനും വീര്യവാനായ നല്ലാളനും കേട്ടത്രേ.
പറഞ്ഞതുപോലെ അവളുടെ പത്താമത്തെ പുത്രന്‍ അലുമിയ്‌ക്ക് ദൈവം ആയുസ്സ് നീട്ടിക്കൊടുത്തു. അരിട്ടയുടെ പ്രാര്‍ത്ഥനയുടെ ഫലമോ വിശ്വാസമോ അതോ അലുമിക്കുള്ള ഭാഗ്യമോ എന്തു തന്നെയായാലും അവന്‍ ജീവിച്ചു. മുരിയാളന്റെയും അരിട്ടയുടെയും പൊന്നോമനയായി വളര്‍ന്നു.
അലുമി വലുതാകുന്തോറും, അരിട്ടയും അലുമിയും തെന്‍മുറി ഗ്രാമത്തിലെ ആളുകള്‍ക്കിടയില്‍ സംസാരവിഷയമായി. ”ആമ്പിറന്നോന്‍ നല്ലാളന്റെ വീര്യം അവനുണ്ട്.” കര പ്രമാണി പറഞ്ഞതു കേട്ട് കുനിയന്‍ ശബ്ദം താഴ്‌ത്തി വിസ്തരിച്ചു. ‘തമ്പ്രാ … അവന്‍ നല്ലാളന്റെ വിത്താ… അടിയനൊരു സംശയോല്യാ.’
കര പ്രമാണിയും കുനിയനും തമ്മിലുള്ള സംഭാഷണം കേട്ട പണിയാളരെല്ലാം കേട്ട കാര്യം പാടി നടന്നു. വഴിക്കു വഴി വാര്‍ത്ത പടര്‍ന്നു. കാര്യം മുരിയാളന്റെ ചെവിയിലുമെത്തി. അലുമി നല്ലാളന്റെ വിത്ത്. മുരിയാളന് അത് കേള്‍ക്കുന്നത് താങ്ങാവുന്നതിലും അപ്പുറമായ വാര്‍ത്തയായിരുന്നു.
അന്ന് രാത്രി മുരിയാളന്‍ രണ്ടും കല്പിച്ച് അരിട്ടയോടു ചോദിച്ചു. ”അലുമിക്ക് നല്ല ശൗര്യാണല്ലോ? അവന്‍ എന്റേതല്ലെന്ന് നാട്ടാരൊക്കെ ചെവിയ്‌ക്കു ചെവി കൊട്ടിപ്പാടുന്നുണ്ട്. എന്താ അരിട്ടേ … ശരി തന്ന്യാണോ?”
അരിട്ട ഉഴറി. തിടുക്കത്തോടെ പണിയിലേര്‍പ്പെട്ടു.മുരിയാളന്‍ പിന്നീടൊന്നും ഉരിയാടിയതുമില്ല. തന്റേതല്ലെന്നു കേട്ടാല്‍ പി
ടിച്ചുനില്‍ക്കാനുള്ള ശേഷിപോലും അയാള്‍ക്കപ്പോള്‍ ഉണ്ടായിരുന്നില്ല.
തെന്‍മുറി ഗ്രാമത്തിന്റെ കണ്ണിലുണ്ണി അലുമിയുടെ പിതൃത്വം നാട്ടാരുടെ ഇടയിലെ നേരമ്പോക്കായി മാറി. പുത്രസ്‌നേഹമോ മറ്റെന്തോ മുരിയാളനെ മൗനിയാക്കി. അരിട്ടയോട് അയാള്‍ വിചാരണ നടത്തിയില്ല.
കുറ്റപ്പെടുത്തിയതുമില്ല. മൗനത്തിന്റെ പുറംതോടിനുള്ളില്‍ അയാള്‍ വെന്തുനീറി. അരിട്ട മനസ്സുരുകിക്കഴിഞ്ഞു കൂടി. താന്‍ ആര്‍ക്കു വഴങ്ങിക്കൊടുത്തെന്ന് അവള്‍ക്കറിയാമായിരുന്നതിനാല്‍ നാട്ടുകാരോടും പോരിനിറങ്ങിയില്ല. അലുമിയാണെങ്കിലോ നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്ന പൊന്നോമന പുത്രനുമായിക്കഴിഞ്ഞിരുന്നു.അങ്ങനെയിരിക്കെ ഒരിക്കല്‍…
അവന്‍ അരിട്ടയുടെ മുന്‍പില്‍ വന്നു നിന്നു. നല്ലാളന്‍. തന്റെ പുത്രന്റെ പിതൃത്വം തെളിയിക്കാനായി അവന്‍ വന്നതാണെന്ന് അരിട്ട കരുതി. അവന്‍ പുരുകിവരുടെ ശയനമുറി തുടയ്‌ക്കുന്ന അരിട്ടയുടെ നേര്‍ക്കുനേര്‍ നിന്നു. അരിട്ട ഒന്നേ നോക്കിയുള്ളൂ.
അവള്‍ പറഞ്ഞു. ”നിന്റാണെന്നറിയാം. നീയെന്നെ മുരിയാളനായി നടിച്ച് വശപ്പെടുത്തിക്കളഞ്ഞേച്ചവനാണ്. നീ എന്നെ പ്രാപിച്ചില്ലേലും മുരിയാളന്‍ എനിക്കു തരണ പത്താമത്തെ പുത്രന്‍ ജീവിക്യേര്‍ന്നു. അതെന്റെ വിശ്വാസമാ. നീ എന്നെ വഞ്ചിച്ചോനാണ്. ചതിച്ചോനെ വിശ്വസിക്കൊല്ലെന്ന് നിനക്കറിയാമ്പാടില്ലേ?”
നല്ലാളന്‍ പറഞ്ഞു. ”മാപ്പ് അരിട്ടേ, നീ പുരുകിവരോട് വര്‍ത്താനം പറഞ്ഞത് മുരിയാളന്റൊപ്പം നിന്ന ഞാനും കേട്ടിര്‍ന്നു. മുരിയാളന്റെ യാചന പ്രകാരം നിനക്കൊരു കുഞ്ഞിനെ തരണന്നു മാത്രേ ഞാനന്നു കരുതീള്ളു. നീ നമ്പിയതു പോലെ പത്താമത്തെ പുത്രന്‍ ജീവിക്കാനായി ഞാനതു ചെയ്തു. അതു മുരിയാളന്റെ വിശ്വാസവുമായിരുന്നു. അവകാശം പറയാന്‍ വന്നതല്ല. അലുമി നിന്റേം മുരിയാളന്റേം മാത്രം. നിങ്ങള് തന്നെയാണവന്റെ അപ്പനും തള്ളേം.”
അരിട്ട ഞെട്ടിവിറച്ച പോലെ നിന്നുപോയി.അവള്‍ ശബ്ദം താഴ്‌ത്തി പറഞ്ഞു. ”എന്റെ വിശ്വാസത്തെ സത്യാക്കണമെന്ന മുരിയാളന്റെ പൂതീം, അരിട്ടയിലുണ്ടാകുന്ന പുത്രന്‍ ജീവിക്കണമെങ്കില്‍ നല്ലാളന്‍ കൂട്യേ കഴിയൂന്ന മുരിയാളന്റെ വിശ്വാസോം… രണ്ടും ഒരുപോലെ നിറവേറ്റിയോന്‍.”
”അരിട്ടേ, നീ ക്ഷമിക്കില്ലെന്നറിയാം. വേറെ മാര്‍ഗ്ഗൊന്നുല്യാര്‍ന്നു.”
നല്ലാളന്റെ വാക്കുകള്‍ കേട്ട് അരിട്ട ചോദിച്ചു. ”മുരിയാളന്‍ പറഞ്ഞതെന്തെന്ന് അറിയണോന്ന്ണ്ട് നല്ലാളാ. നീ പറയില്ലെന്നറിയാം. പക്ഷേങ്കില്…”
നല്ലാളന്‍ വിളറിയ ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു. ”ഒരിക്കല് ദേവന്‍മാര് പെരുമ്പറ കൊട്ടി എന്നോടു പറഞ്ഞു. തെന്‍മുറി ഗ്രാമത്തിലെ അരിട്ട എന്നു പേരുള്ള പെണ്ണിന്റെ മനസ്സിലിരിക്കുന്ന ആശ നടത്തിക്കൊടുക്കേണ്ടത് നിന്റെ കടമയാണെന്ന്. ദേവന് മുരിയാളന്റെ രൂപമായിരുന്നു. അതാണരിട്ടേ, പുരുകിവരോട് നീ ഒറച്ച ശബ്ദത്തി പറഞ്ഞപ്പോ… അനീതിയാണേലും… പൊറുക്കണം.”
അരിട്ട നല്ലാളനെ കൈകൂപ്പി തൊഴുതു.
അവള്‍ മുരിയാളനടുത്തെത്തി. എന്നിട്ടു പറഞ്ഞു. ”നമ്മടെ പു
ത്രന്‍ അലുമിക്ക് നമ്മടെ രൂപോം ഭാവോം വേണ്ടെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. തനിക്കു മുന്‍പേ പോയോരുടെ അതേ വടിവ് ഇവനെയും ഇല്ലാണ്ടാക്കിയാലോ? ഭയപ്പാടായിരുന്നെനിക്ക് .ശാന്തനായാല്‍ ദൈവത്തിന് ഒത്തിരി ഇഷ്ടം തോന്നി ഇവനെയും അങ്ങെടുക്കില്ലെന്നാര് കണ്ടു? എന്റെ മുരിയാളന്‍ തന്ന അവസാനത്തെ പുത്രനെ വിട്ടു കൊടുക്കാന്‍ മനസ്സില്ലായിരുന്നെനിക്ക്.അതാണവനെ ശൂരനും വീരനുമാക്കിയത്. ദൈവം നമ്മളോട് എന്തോ കരുണ കാണിച്ചതാ…”
മുരിയാളന്റെ കണ്ണുകളില്‍ നിന്ന് ആനന്ദാശ്രുക്കള്‍ അടര്‍ന്നുവീണു. ആ സന്തോഷക്കണ്ണീരില്‍ കുതിര്‍ന്ന അരിട്ടയും ദേവദുന്ദുഭി കേട്ടു. ”എടാ…നല്ലാളാ… നിനക്കെന്നോട് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ അവള്‍ പുരുകിവരോട് പറഞ്ഞത് നടക്കണം .അവളുടെ പത്താമത്തെ പുത്രന്‍ ജീവിച്ചിരിക്കണം. എന്റെയും അരിട്ടയുടെയും മകനായി.” ആയിരക്കണക്കിന് പെരുമ്പറകള്‍ ഒന്നിച്ച് വിളംബരം നടത്തുമ്പോള്‍ അരിട്ട മുരിയാളന്റെ നെഞ്ചോടു ചേര്‍ന്ന് ഒന്നായിത്തീര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: