ശബരിമല: സന്നിധാനം തിരക്കൊഴിഞ്ഞ് കിടക്കുമ്പോള്‍ ശരണപാതയില്‍ ദര്‍ശനത്തിനായി തീര്‍ത്ഥാടകര്‍ കാത്തിരിക്കേണ്ടി വരുന്നത് മണിക്കൂറുകള്‍. 15 മണിക്കൂര്‍ വരെ കാത്തിരുന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിക്കുന്നത്. തീര്‍ത്ഥാടന നടത്തിപ്പിലെ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഭക്തര്‍ നേരിടേണ്ടി വരുന്ന ദുരിതത്തിന് പ്രധാന കാരണം.
പോലീസും ദേവസ്വം ബോര്‍ഡും രണ്ട് തട്ടിലായതോടെ ഭക്തരുടെ ദുരിതം അറുതിയില്ലാതെ തുടരുകയാണ്. ശരണപാതയില്‍ ഭക്തര്‍ക്ക് നേരെ പോലീസിന്റെ കൈയേറ്റങ്ങളും തുടര്‍ക്കഥയാവുന്നു. പമ്പ – സന്നിധാനം ശരണപാതയിലും വലിയ നടപ്പന്തലിലുമടക്കം തീര്‍ത്ഥാടകരുടെ ക്യൂ മണിക്കൂറുകള്‍ നീളുമ്പോഴും മേലെ തിരുമുറ്റവും ഫ്ളൈ ഓവറും കാലിയായി കിടക്കുന്നതിനെ ചൊല്ലി ദേവസ്വം ബോര്‍ഡും പോലീസും തമ്മില്‍ തര്‍ക്കം ഉടലെടുത്തിരിക്കുകയാണ്.
ദീപാരാധന അടക്കമുള്ള പൂജാവേളകളില്‍ മാത്രമാണ് ഫ്ളൈഓവര്‍ തീര്‍ത്ഥാടകരാല്‍ തിങ്ങിനിറയുന്നത്. ബാക്കിയുള്ള സമയങ്ങളില്‍ എല്ലാം തന്നെ ഫ്ളൈഓവര്‍ ഏകദേശം ഒഴിഞ്ഞ നിലയിലാണ്. പടി കയറിയെത്തുന്ന തീര്‍ത്ഥാടകരുടെ കുറവു മൂലം മേലെ തിരുമുറ്റത്ത് എത്തുന്ന തീര്‍ത്ഥാടകരെ കൊടിമരത്തിന്റെ വലതുഭാഗത്ത് കൂടി തിരുനടയിലേക്ക് നേരിട്ട് കടത്തിവിടുന്നതും കാണാം. പോലീസ് ഏര്‍പ്പെടുത്തുന്ന അശാസ്ത്രീയ നിയന്ത്രണവും പടി കയറ്റുന്നതിലെ താമസവുമാണ് ഫ്ളൈ ഓവര്‍ ഒഴിഞ്ഞുകിടക്കുന്നതിന് ഇടയാക്കുന്നത് എന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്.
അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബോര്‍ഡിന് വന്ന വീഴ്ചയും 20 മിനിറ്റിന്റെ ഇടവേളകളില്‍ പതിനെട്ടാം പടിക്ക് താഴെ കൂടി ദേവസ്വം ബോര്‍ഡിന്റെ ട്രാക്ടറുകള്‍ കടന്നുപോകുന്നതിനായി തീര്‍ത്ഥാടകരെ തടഞ്ഞുനിര്‍ത്തേണ്ടി വരുന്നതുമാണ് പടി കയറ്റത്തിന് താമസം ഉണ്ടാക്കുന്നത് എന്നതാണ് പോലീസിന്റെ വാദം. കാര്യങ്ങള്‍ എന്തുതന്നെയായാലും ഇരു വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടെ ദുരിതം പേറുന്നത് ശബരീശ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകരാണ്.
കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി പമ്പയില്‍ നിന്നും സന്നിധാനത്ത് എത്തി ദര്‍ശനം പൂര്‍ത്തിയാക്കാന്‍ ഏകദേശം 15 മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് തീര്‍ത്ഥാടകര്‍ക്ക് ഉള്ളത്. പമ്പയിലും നിലക്കലിലും തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വനപ്രദേശങ്ങളില്‍ അടക്കം അപ്രതീക്ഷിതമായി വാഹനങ്ങള്‍ പിടിച്ചിടുന്നത് പതിവായി മാറിയിട്ടുണ്ട്. ഇതും തീര്‍ത്ഥാടകര്‍ക്ക് ഇരട്ടി ദുരിതമാണ് സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: