കൊച്ചി: കാഴ്ച പരിമിതരുടെ നാഗേഷ് ട്രോഫി ദേശീയ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിനും ഒഡീഷയ്ക്കും തകര്‍പ്പന്‍ ജയം. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം ബിഹാറിനെ 35 റണ്‍സിനും ഒഡീഷ ജാര്‍ഖണ്ഡിനെ 9 വിക്കറ്റിനും തകര്‍ത്തു.
34 പന്തില്‍ ഏഴു ഫോറുകളോടെ 51 റണ്‍സെടുത്ത് കേരളത്തിനു ജയമൊരുക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഫര്‍ഹാനും ഒഡീഷയ്ക്കുവേണ്ടി നാലോവറില്‍ ഒന്‍പതു റണ്‍സിന് മൂന്നു വിക്കറ്റുകള്‍ പിഴുത ദേബ് രാജ് മിശ്രയും കളിയിലെ താരങ്ങളായി.
തൃപ്പൂണിത്തുറ പാലസ് ഓവല്‍ ഗ്രൗണ്ടില്‍ ടോസ് നേടിയ ബിഹാര്‍ കേരളത്തെ ബാറ്റിംഗിനയച്ചു. മഴമൂലം 20 ഓവര്‍ മത്സരം 13 ഓവറായി ചുരുക്കിയിരുന്നു. ആറു വിക്കറ്റിന് 126 റണ്‍സാണ് കേരളം അടിച്ചെടുത്തത്. ഫര്‍ഹാനു പുറമെ ജിബിന്‍ പ്രകാശ്(28), ശൈലാജ്(24) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിങ്ങില്‍ നാല് വിക്കറ്റിന് 91 റണ്‍സെടുക്കാനെ ബിഹാറിന് കഴിഞ്ഞുള്ളു. 39 പന്തില്‍ 57 റണ്‍സെടുത്ത അംഗദ് ബിഹാറിന്റെ ടോപ്സ്കോററായി. കേരളത്തിനുവേണ്ടി കണിശമായി പന്തെറിഞ്ഞ സച്ചിന് തുളസീധരന്‍ വൈസ് ക്യാപ്റ്റന്‍ എന്‍.കെ. വിഷ്ണു എന്നിവര്‍ ഓരോ വിക്കറ്റു വീഴ്ത്തി.
രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ജാര്‍ഖണ്ഡ് 16.2 ഓവറില്‍ 39 റണ്‍സിനു പുറത്തായി. തുടര്‍ന്ന് ഒഡീഷ 3.3 ഓവറില്‍ ഒരു വിക്കറ്റിന്റെ മാത്രം നഷ്ടത്തില്‍ 43 റണ്‍സെടുത്ത് അനായസ വിജയം കൊയ്തു. ഒഡീഷയ്ക്കുവേണ്ടി അര്ജുന് ബത്ര പത്തു പന്തില്‍ 18ഉം ധനപതി ഗൗഡ എട്ടു പന്തില്‍ 17ഉം റണ്‍സ് നേടി. മൂന്നോവറില്‍ എട്ടു റണ്‍സ് മാത്രം നല്കി രണ്ടു വിക്കറ്റെടുത്ത ലിംഗരാജ് രൗത്രയും നാലോവറില്‍ വെറും ഏഴു റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത അനില്‍ മാലിക്കും ഒഡീഷയുടെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: