കോട്ടയം: വൈക്കത്തെ നവകേരള സദസിന് ശേഷം ആലപ്പുഴ ജില്ലയിലേക്കുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജങ്കാര്‍ യാത്ര മാറ്റിയത് ഉന്നത ഇടപെടല്‍ മൂലം. സുരക്ഷാഭീതി മൂലമെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന മറുപടിയെങ്കിലും സോളാര്‍ ബോട്ടിലേക്കുള്ള യാത്രാമാറ്റം സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പോലും അറിഞ്ഞില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസ് ജങ്കാറില്‍ കയറ്റിയാണ് ആലപ്പുഴ തവണക്കടവില്‍ എത്തിച്ചത്. ബസ് ജങ്കാറില്‍ കയറ്റി അതില്‍ മുഖ്യമന്ത്രിയും സംഘവും തവണക്കടവിലേക്ക് പോകാനായിരുന്നു തീരുമാനം. നാല് തവണ ട്രയല്‍ റണ്‍ നടത്തി. രണ്ട് തവണ വീതം ആളെ കയറ്റിയും അല്ലാതെയുമായി വൈക്കത്തും തവണക്കടവിലും ട്രയല്‍ റണ്‍ നടത്തി.
വൈക്കത്ത് വ്യാഴാഴ്ച നടന്ന പരിപാടിക്ക് ശേഷം ഉച്ചയോടെ നവകേരള ബസ് എത്തിച്ച് ജങ്കാറില്‍ ട്രയല്‍ റണ്‍ നടത്തി. ഈ സമയം ബസിന് ഉലച്ചില്‍ സംഭവിച്ചു. ഇതോടെയാണ് യാത്ര സോളാര്‍ ബോട്ടിലേക്ക് മാറ്റിയത്. തീരുമാനം മാറ്റിയതോടെ സോളാര്‍ ബോട്ട് വൃത്തിയാക്കി വൈക്കത്ത് എത്തിച്ചു. തുടര്‍ന്ന് അതിവേഗത്തില്‍ ബോട്ടുജെട്ടി വൃത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിയത്. ഉദ്യോഗസ്ഥര്‍ ദിവസങ്ങളോളം ബുദ്ധിമുട്ടി ബസ് എത്തിച്ച് നടത്തിയ ജങ്കാര്‍ ട്രയല്‍ എന്തിനായിരുന്നെന്നാണ് നാട്ടുകാരുടെ ചോദ്യം. ബസ് കടന്ന് പോകുന്നതിന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കാന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ട്രയല്‍ റണ്‍ പരിശോധനയുടെ തുടക്കം. എന്നാല്‍ നവകേരള ബസ് വൈക്കത്ത് എത്തിയപ്പോള്‍ സംഭവമെല്ലാം മാറി. മുഖ്യമന്ത്രിയും ചില മന്ത്രിമാരും ബോട്ടിലും മറ്റു ചിലര്‍ ഔദ്യോഗിക വാഹനവുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പുറപ്പെട്ടു.
മുഖ്യമന്ത്രിയും പതിനൊന്ന് മന്ത്രിമാരും ഉള്‍പ്പെടുന്ന സംഘമായിരുന്നു സോളാര്‍ ബോട്ടില്‍ ഉണ്ടായിരുന്നത്. മന്ത്രിമാരായ പി. പ്രസാദും വി.എന്‍. വാസവനും ഔദ്യോഗിക വാഹനങ്ങളുമായി ജങ്കാറില്‍ തവണക്കടവിലേക്ക് പോയി. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മറ്റൊരു ബോട്ടിലും മന്ത്രിമാരായ പി. രാജീവ്, ആന്റണി രാജു, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ശിക്കാര ബോട്ടിലുമാണ് യാത്ര ചെയ്തത്.
വൈക്കത്തെ വേദി നിശ്ചയിച്ചതുമുതല്‍ മാറ്റങ്ങളായിരുന്നു. ആദ്യം നിശ്ചയിച്ച വേദിയില്‍ സ്കൂളിലെ കെട്ടിടത്തിന്റെ തൂണുകളും ചില ഭാഗങ്ങളും പ്രശ്നമായി. പിന്നീട് വേദി ബീച്ച് മൈതാനമാക്കിയപ്പോള്‍ റസ്റ്റ് ഹൗസിന്റെ മതിലും പൊളിക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ ജങ്കാറില്‍ കായലില്‍ കൂടി ഉല്ലാസയാത്ര നടത്തി മറുകരയെത്താനുള്ള പദ്ധതിയും ഉപേക്ഷിക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: