കരുനാഗപ്പള്ളി: ഭര്‍ത്തൃ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കേസില്‍ അറസ്റ്റിലായ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപിക തേവലക്കര നടുവിലക്കര കിഴക്കേ വീട്ടില്‍ മഞ്ജുമോള്‍ തോമസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മക്കളെ നോക്കാന്‍ ജാമ്യം നല്‍കണമെന്ന ആവശ്യം തള്ളുകയായിരുന്നു. പതിനാലുദിവസത്തേക്ക് റിമാര്‍ഡ് ചെയ്ത മഞ്ജുമോള്‍ തോമസിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി.
തെക്കുംഭാഗം പൊലീസാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തത്. കൊല്ലം തേവലക്കരയില്‍ ഏലിയാമ്മ വര്‍ഗീസിനാണ് (80) മര്‍ദ്ദനമേറ്റത്. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ഇന്നലെ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.ഒരുവര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് പ്രചരിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ മഞ്ജിവിനെ അറസ്റ്റ് ചെയ്ത് ഇന്ന് ഉച്ചയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മഞ്ജു നേരത്തെയും ഏലിയാമ്മയെ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മര്‍ദ്ദനം പതിവായതോടെ കഴിഞ്ഞ മാസം നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഏലിയാമ്മയെ നാല് ദിവസത്തേക്ക് അയല്പക്കത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. പൊലീസിന്റെ നേതൃത്വത്തില്‍ കൗണ്‍സലിംഗ് നല്കിയ ശേഷമാണ് പിന്നീട് ഏലിയാമ്മയെ തിരികെ വീട്ടിലേക്ക് അയച്ചത്. ഇതിനിടെ പല തവണ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടുണ്ടായ തര്‍ക്കത്തിനിടെ മഞ്ജു ഏലിയാമ്മയെ വടി ഉപയോഗിച്ച് ക്രൂരമായി അടിച്ചു. ഈ സമയം ഇരുവരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മകന് ജയിംസ് വീട്ടിലെത്തിയപ്പോഴാണ് ഏലിയാമ്മയെ അവശ നിലയില്‍ കണ്ടെത്തിയത്. മാതാവിനെ ആശുപത്രിയില്‍ എത്തിച്ചശേഷം ജയിംസ് തെക്കുംഭാഗം സ്റ്റേഷനിലെത്തി മഞ്ജുവിനെതിരെ പരാതി നല്കി. ഏലിയാമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇന്നലെ വൈകിട്ടോടെ മഞ്ജുവിനെ അറസ്റ്റ് ചയ്യുകയായിരുന്നു.
തെക്കുംഭാഗം സി.ഐ എം.ദിനേശ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. അമ്മയെ ഭാര്യ തല്ലുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും ജയിംസാണെന്നാണ് പൊലീസ് നല്കുന്ന സൂചന.
സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജില്ലാ പൊലീസ് മേധാവി ഒരാഴ്ചയ്ക്കക്കം റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിട്ടു. വധശ്രമം, മുതിര്‍ന്ന പൗരന്മാര്ക്കെതിരായ അതിക്രമം തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
ഡബിള്‍ എം എ ക്കാരിയും ഹയര്‍ സെക്കന്‍ഡറി അധ്യാപികയുമാണ് മഞ്ജുമോള്‍ തോമസ്. സയന്‍സില്‍ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജുമോളുടെ ഭര്‍ത്താവ് ജെയ്സ്. ഇദ്ദേഹം മെഡിക്കല്‍ ഓണ്‍ലൈന്‍ മേഖലയില്‍ ജോലി ചെയ്യുകയാണ്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്. ബിഡിഎസ് വരെ പഠിച്ചിട്ടുണ്ട് ഏലിയാമ്മ. എഞ്ചിനിയറായിരുന്നു ഇവരുടെ ഭര്‍ത്താവ്. ഇരുവരുടേയും സമ്പന്ന കുടുംബമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: