ന്യൂദല്‍ഹി: ലോക്സഭയില്‍ അതിക്രമിച്ച് കടന്ന രണ്ട് യുവാക്കള്‍ക്കും പുറത്ത് മുദ്രാവാക്യം വിളിച്ച യുവതിക്കും യുവാവിനും പുറമെ മറ്റ് രണ്ട് പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്. ആറുപേരും പരസ്പരം അറിയാവുന്നവരാണെന്നും ഗുരുഗ്രാമിലെ ഒരു വീട്ടിലാണ് ഇതില്‍ അഞ്ച് പേരും താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
ലോക്സഭയിലേക്ക് ചാടിയിറങ്ങിയ സാഗര്‍ ശര്‍മ്മയും മനോരഞ്ജനും പാര്‍ലമെന്റിന് പുറത്ത് പിടിക്കപ്പെട്ട അമോല്‍ ഷിന്‍ഡെയും നീലം ദേവിയും പൊലീസ് കസ്റ്റഡിയിലാണ്. ഇവരുടെ കൂട്ടാളികളെന്ന് സംശയിക്കുന്ന ലളിത്, വിക്രം എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളൊന്നും കണ്ടെത്തിയിട്ടില്ല.ഫോണുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. സാഗര്‍ ശര്‍മ്മ ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയാണ്.നീലം ഹര്യാന സ്വദേശിയാണെന്നാണ് വിവരം.അമോല്‍ ഷിന്‍ഡെ മഹാരാഷ്ട്ര സ്വദേശിയാണ്. മനോരഞ്ജന്‍ കര്‍ണാടകത്തിലെ മൈസൂര്‍ സ്വദേശിയായ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികം രാജ്യം ആചരിക്കുന്ന ദിവസമായിരുന്നു ഇന്നത്തെ അതിക്രമം.പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍-ഇ-തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നീ സംഘടനകളില്‍ നിന്നുള്ള ഭീകരര്‍ 2001-ല്‍ ഇതേ ദിവസം പാര്‍ലമെന്റ് സമുച്ചയം ആക്രമിച്ച് ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: