അങ്കാര: മത്സരത്തില്‍ സ്വന്തം ടീം അവസാന നിമിഷം സമനില വഴങ്ങിയതിന് ക്ലബ്ബ് പ്രസിഡന്റ് മത്സരം നിയന്ത്രിച്ച റഫറിയെ ഇടിച്ചുവീഴ്ത്തി. തുര്‍ക്കി ഫുട്ബോള്‍ ലീഗായ സൂപ്പര്‍ ലിഗിലാണ് അപൂര്‍വ്വ സംഭവം.
എംകെഇ അങ്കാരഗുക്കു ക്ലബ്ബ് പ്രസിഡന്റ് ഫറൂക് കോക്ക ആണ് നിയന്ത്രണം വിട്ട് പെരുമാറിയത്. തുര്‍ക്കി സുപര്‍ ലിഗയില്‍ അങ്കാരഗുക്കുവും സേയ്കുര് റൈസ്പോറും തമ്മിലുള്ള മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അക്രമസംഭവം ഉണ്ടായത്. മത്സരത്തിന് ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് തൊട്ടുപിന്നാലെ മൈതാനത്തേക്ക് ഇറങ്ങിയ ക്ലബ്ബ് പ്രസിഡന്റ് കളി നിയന്ത്രിച്ച ഫീല്‍ഡ് റഫറി ഹലീല്‍ ഉമുത്ത് മീലറിന്റെ മുഖത്ത് ശക്തമായി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മീലര്‍ നിലത്ത് വീഴുകയും ചെയ്തു. കളിയില്‍ അങ്കാരഗുക്കു 1-0ന് ലീഡ് ചെയ്ത് നില്‍ക്കവെ എതിരാളികളായ റൈസ്പോര്‍ 90+7ാം മിനിറ്റില്‍ സമനില ഗോള്‍ കണ്ടെത്തി. ഇതിന് പിന്നാലെ കളി അവസാനിക്കുകയും ചെയ്തു. ലീഗില്‍ മുന്‍നിരയിലുള്ള സ്വന്തം ടീം സമനില വഴങ്ങിയതില്‍ ക്ഷുഭിതനായാണ് ഫറൂക്ക് കോക്ക എന്ന ക്ലബ്ബ് പ്രസിഡന്റ് പരിധിവിട്ട് പെരുമാറിയത്. പൊലീസാണ് കൂടുതല്‍ അതിക്രമത്തില്‍ നിന്നും റഫറിയെ രക്ഷിച്ചതും വിശ്രമമുറിയിലേക്ക് കൊണ്ടുപോയതും.
അടിയേറ്റ 37കാരന് റഫറി മീലര്‍ തുര്‍ക്കിയിലെ ഉന്നത റഫറിമാരില്‍ പെട്ടയാളാണ്. ഫിഫയ്ക്ക് കീഴില്‍ നടന്നിട്ടുള്ള അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ യുവേഫയുടെ എലൈറ്റ് ലിസ്റ്റിലുള്ള റഫറിമാരില്‍ ഒരാളുമാണ്.
സംഭവത്തില്‍ റഫറിയെ കൈയ്യേറ്റം ചെയ്ത ക്ലബ്ബ് പ്രസിഡന്റ് ഫറൂക്കിനെ പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: