ന്യൂദല്‍ഹി: വിവാഹ മോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള നല്കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതിയും തള്ളി. ഭാര്യ പായല്‍ അബ്ദുള്ളയില്‍ (പായല്‍ നാഥ്) നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ല നല്കിയ അപേക്ഷ 2016 ആഗസ്ത് 30ന് കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണു ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് വികാസ് മഹാജന് എന്നിവരുടെ ബെഞ്ചാണ് ഒമര്‍ അബ്ദുള്ളയുടെ ഹര്‍ജി തള്ളിയത്. വിവാഹ മോചന ആവശ്യം നിരാകരിച്ച കുടുംബ കോടതിയുടെ വിധിയില്‍ അപാകതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി. പായല്‍ അബ്ദുള്ളയുടെ ക്രൂരതകളായി ഒമര്‍ അവതരിപ്പിച്ച തെളിവുകള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
ശാരീരികമോ മാനസികമോ ആയി പായല്‍ ക്രൂരത കാട്ടി എന്നു തെളിയിക്കാന്‍ ഒമര്‍ അബ്ദുല്ലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
പായലിന് മാസം 1,50,000 രൂപ നല്കാന് കഴിഞ്ഞ സപ്തംബറില്‍ ദല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 60,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു. ഒമറും പായലും 1994ല്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്മക്കള്-സഹീര്‍, സമീര്‍. പായലുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി 2011ലാണ് ഒമര്‍ അറിയിച്ചത്.
2012ല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ കുടുംബ കോടതിയെ സമീപിച്ചു. പായല്‍ അതിക്രൂരയാണെന്നു ചൂണ്ടിക്കാട്ടിയാണ് വിവാഹ മോചനം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: