തിരുവനന്തപുരം: ഭരണപക്ഷത്തു നിന്ന് പലപ്പോഴും തിരുത്തല്‍ ശക്തിയായി നിലകൊണ്ട നേതാവായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പിണറായി വിജയന്റെ തീരുമാനങ്ങളെ എതിര്‍ത്തതോടെ സിപിഎം നേതാക്കളുടെ വിമര്‍ശനത്തിനും പല ഘട്ടങ്ങളിലും കാനം ഇരയായി. അഭിപ്രായം എവിടെയും തുറന്ന് പറയുന്ന രീതി ഇടത് മുന്നണി നേതാക്കളെ പലപ്പോഴും അസ്വസ്ഥരാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാണോ എന്ന ചോദ്യം പോലും ഉയര്‍ന്നിരുന്നു.
അദ്ദേഹത്തിന്റെ കാര്‍ക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും സര്‍ക്കാര്‍ നയങ്ങളെ തിരുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തില്‍ ആഭ്യന്തരവകുപ്പിനെ കാനം പരസ്യമായി വിമര്‍ശിച്ചു. ഇത് പിണറായി വിജയന് കൊണ്ടു. പോലീസ് ആക്ട് പരിഷ്കരണ വിഷയത്തില്‍ പിണറായി വിജയന് തിരുത്താത്തതിനാല്‍ വിഷയം സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും കാനം തയാറായി. ഇതോടെ സിപിഎം സമ്മേളനങ്ങളില്‍ കാനത്തിനെതിരെ വലിയ വിമര്‍ശനങ്ങളുയര്‍ന്നു. എന്നിട്ടും തന്റെ നയങ്ങള്‍ അടിയറവ് വയ്ക്കാന്‍ കാനം തയാറായില്ല.
കോണ്‍ഗ്രസിനെ ഞെട്ടിച്ച് കേരള കോണ്‍ഗ്രസ് (എം) നെ ഇടതുമുന്നണിയിലേക്കു വരുന്നതില്‍ കാനത്തിന്റെ ചരടുവലി നിര്‍ണായകമായിരുന്നു. ജോസ് കെ.മാണിയുടെ പാര്‍ട്ടിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതില്‍ സിപിഐയില്‍ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും അത് അദ്ദേഹം മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇതിനെതിരെ ഇസ്മയിലും ദിവാകരനും ശക്തമായി രംഗത്ത് വന്നിരുന്നു. ആ എതിര്‍പ്പുകളെ മറികടന്നാണ് കാനത്തിന്റെ നീക്കം വിജയിച്ചത്.
അന്തരിച്ച മുന്‍മുഖ്യമന്ത്രി കെ. കരുണാകരന് കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡിഐസിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ശ്രമിച്ചിരുന്നു. ഇതിനെ സിപിഐ ശക്തമായി എതിര്‍ത്തു. വി.എസ്.അച്യുതാനന്ദനെ കൂട്ടു പിടിച്ച് പിണറായി വിജയന്റെ തീരുമാനത്തെ ശക്തമായി പ്രതിരോധിക്കാന്‍ കാനം മുന്നില്‍ നിന്നു.
എതിര്‍പ്പിനിടയിലും പിണാറായി വിജയനും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി അന്തരിച്ച കോടിയേരി ബാലകൃഷണനുമായുള്ള ആത്മബന്ധത്തിന് കോട്ടം തട്ടാതിരിക്കാന്‍ കാനം ശ്രദ്ധിച്ചിരുന്നു. പലപ്പോഴും മുന്നണി ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടനിലക്കാരനായിരുന്നു കാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: