സഭയില്‍ ചോദ്യമുന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് കോഴ വാങ്ങിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കൃഷ്ണനഗര്‍ എംപിയുമായ മഹുവാ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി. പരാതി അനേ്വഷിച്ച പാര്‍ലമെന്റിന്റെ എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. മഹുവയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പെരുമാറ്റദൂഷ്യത്തിന് കടുത്ത ശിക്ഷ നല്‍കണമെന്നു പറഞ്ഞ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് അവര്‍ക്കെതിരെ സര്‍ക്കാര്‍ സമയബന്ധിതമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടുകയുണ്ടായി. പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിന് പ്രത്യുപകാരമായി മഹുവ മൊയ്ത്രയും ദര്ശന് ഹിരാനന്ദാനിയും തമ്മില്‍ നടന്ന പണമിടപാടുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും, സഭയില്‍ സംസാരിക്കാന്‍ മഹുവ മൊയ്ത്രയെ അനുവദിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ നിരസിച്ചു. എത്തിക്സ് കമ്മിറ്റിയുടെ മുന്‍പാകെ മഹുവയ്ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും, ഇനി അത് അനുവദിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതീക്ഷിച്ചതുപോലെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും, മഹുവയെ ലോക്സഭയില്‍നിന്ന് പുറത്താക്കിയതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ ഈ തൃണമൂല്‍ നേതാവിന്റെ രാഷ്ട്രീയഭാവി അവസാനിച്ചതായി കണക്കാക്കാം.
ലോക്സഭയില്‍ അദാനിക്കെതിരെ ചോദ്യമുന്നയിക്കാന്‍ വ്യവസായിയായ ഹിരാനന്ദാനിയില്‍നിന്ന് മഹുവാ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ബിജെപി അംഗമായ നിഷികാന്ത് ദുബെയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. വ്യവസായരംഗത്ത് അദാനിയെ എതിര്‍ക്കുന്നയാളാണ് ഹിരാനന്ദാനി. ആരോപണത്തില്‍ ഉറച്ചുനിന്ന ദുബെ ഇതുസംബന്ധിച്ച നിരവധി വിവരങ്ങളും പുറത്തുവിട്ടു. ഇതോടെ പ്രശ്നം സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. എത്തിക്സ് കമ്മിറ്റി പ്രശ്നം വിശദമായി പരിശോധിക്കുകയും, കമ്മിറ്റിയുടെ മുന്‍പാകെ ഹാജരായി വിശദീകരണം നല്കാന് മഹുവയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ കമ്മിറ്റിയെത്തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് മഹുവ ശ്രമിച്ചത്. തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് എത്തിക്സ് കമ്മിറ്റി ചോദിച്ചതെന്നും മറ്റും അവര്‍ പുറത്തുവന്ന് പ്രചരിപ്പിച്ചു. എന്നാല്‍ തെളിവുകള്‍ സഹിതമുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരിക്കാന് പ്രയോഗിച്ച അടവായിരുന്നു ഇത്. മഹുവയ്ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ച എത്തിക്സ് കമ്മിറ്റി അത് വിശദമായി ചര്‍ച്ച ചെയ്യുകയും, ആറംഗ സമിതിയിലെ നാലംഗങ്ങള്‍ മഹുവ തെറ്റു ചെയ്തതായി കണ്ടെത്തുകയുമായിരുന്നു. റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വയ്ക്കാതിരിക്കാന്‍ പ്രതിപക്ഷം പലവിധ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും പ്രയോഗിച്ചെങ്കിലും അതൊന്നും വിലപ്പോയില്ല. തൃണമൂല്‍ എംപി തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് എത്തിക്സ് കമ്മിറ്റി സ്വീകരിച്ചത്.
കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ലമെന്റിനകത്തും പുറത്തും കോലാഹലമുണ്ടാക്കുകയും മാധ്യമശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തയാളാണ് ഒരുകാലത്ത് മമത ബാനര്‍ജിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട മഹുവ മൊയ്ത്ര. രാഹുലിന്റെ അടുപ്പക്കാരിയായിരുന്ന ഇവര്‍ പിന്നീടാണ് തൃണമൂലിലെത്തിയത്. മഹുവ നയിക്കുന്ന ആഡംബര ജീവിതം പലപ്പോഴും വാര്‍ത്തയായിരുന്നു. ഒരിക്കല്‍ സഭയില്‍ കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹാന്‍ഡ്ബാഗ് മറച്ചുവയ്ക്കാനുള്ള മഹുവയുടെ ശ്രമങ്ങള്‍ ക്യാമറയില്‍ പതിയുകയുണ്ടായി. ഈ എംപിക്കു പിന്നില്‍ ചില സ്ഥാപിതശക്തികളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിക്കല്‍ ഇവര്‍ക്കൊപ്പം നിന്നവര്തന്നെയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴി ല്‍ രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ അത് ഇഷ്ടപ്പെടാത്തവരുടെ കയ്യിലെ കളിപ്പാവയായി ഒരു പാര്‍ലമെന്റംഗം മാറുകയായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. മഹുവയ്ക്കെതിരെ നടക്കാനിരിക്കുന്ന സിബിഐ അന്വേഷണം ഇതുസംബന്ധിച്ച സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. മഹുവ ഒറ്റയ്ക്കല്ല. ഇപ്പോള്‍ ഇവര്‍ക്കൊപ്പം നില്ക്കുന്നവരില് പലരും പാര്‍ലമെന്റംഗമെന്ന നിലയ്ക്കുള്ള വിവേചനാധികാരമുപയോഗിച്ച് രാജ്യതാല്പര്യത്തിന് വിരുദ്ധമായി പെരുമാറുന്നവരാണ്. വിദേശശക്തികളുമായിപ്പോലും ഇക്കൂട്ടര്‍ കൈകോര്‍ക്കുന്നു. ഇവര്‍ക്കെതിരായ മുന്നറിയിപ്പുകൂടിയാണ് മഹുവ മൊയ്ത്രയ്ക്കെതിരായ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: