ചങ്ങനാശ്ശേരി: 147-ാമത് മന്നം ജയന്തി ആഘോഷങ്ങള്‍ ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് നടക്കും. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജനുവരി ഒന്നിന് രാവിലെ 6.30 മുതല്‍ ഭക്തിഗാനാലാപനം, ഏഴ് മുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന, 10.15ന് അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷനാകും. തുടര്‍ന്ന് പ്രമേയങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് മൂന്നിന് ബാംഗ്ലൂര്‍ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീതസദസ്. വൈകിട്ട് 6.30ന് രചന നാരായണന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി ഒന്പതുമുതല് കഥകളി.
രണ്ടിന് രാവിലെ മുതല്‍ ഭക്തിഗാനാലാപനം, ഏഴുമുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തിസമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് ജയന്തിസമ്മേളനം മുന്‍ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും.
കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. എന്‍.കെ. പ്രേമചന്ദ്രന് എംപി അനുസ്മരണ പ്രഭാഷണം നടത്തും. എന്‍എസ്എസ് പ്രസിഡന്റ് ഡോ.എം. ശശികുമാര്‍ അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍, ട്രഷറര്‍ അഡ്വ.എന്‍.വി. അയ്യപ്പന്‍പിള്ള തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: