തിരുവനന്തപുരം: നവകേരള സദസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി സേവിക്കുന്ന മന്ത്രിമാര്‍ക്കു മതിയായി. മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറി മാറാനാകാത്ത അവര്‍ക്ക് ഇതൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നായി. മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല.
നവകേരള സദസില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. രാവിലെ മുഖ്യമന്ത്രിയുമായി പ്രാതലിനെത്തുന്നവരെ സ്വീകരിക്കുക മാത്രം. മുതലാളിമാരോട് മുഖ്യമന്ത്രി മാത്രമേ കുശലാന്വേഷണം നടത്തൂ. ധനവകുപ്പ് പ്രതിസന്ധിയിലാണ്. നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമനുവദിക്കുന്നില്ല. മന്ത്രി ആന്റണി രാജു വന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങി. മന്ത്രി ശിവന്‍കുട്ടിയുടെ അവസ്ഥയാണ് ദയനീ
യം. സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള കഴിഞ്ഞു. ജില്ലാതല സ്കൂള്‍ കലോത്സവങ്ങള്‍ നടക്കുന്നു. ഇവയിലെല്ലാം മുഖ്യാതിഥിയായി ‘ഷൈന്‍’ ചെയ്യേണ്ട ശിവന്‍കുട്ടിയും നവകേരള ബസിലാണ്.
28നാണ് മന്ത്രിസഭാ പുനഃസംഘടന. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഒഴിയണം. ഡിസംബര്‍ 23നേ നവകേരള സദസ് തിരുവനന്തപുരത്തെത്തൂ. അടുത്ത ദിവസം മുതല്‍ ഓഫീസ് അവധിയും. അതിനാല്‍ ഫയലുകളില്‍ പരിഹാരമുണ്ടാക്കുന്നത് അടുത്ത മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം 19 ദിവസമായി നിലച്ചിട്ട്. ഫയലുകള്‍ നോക്കാന്‍ മന്ത്രിമാരില്ല. വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഫയലുകള്‍ സെക്രട്ടറിമാരുടെ മേശപ്പുറത്ത് വിശ്രമത്തിലാണ്. സെക്രട്ടേറിയറ്റിലെത്തിയ പരാതികള്‍ വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും ഫയല്‍ നമ്പര്‍ പോലുമായില്ല.
സെക്രട്ടേറിയറ്റില്‍ മിക്ക സെക്രട്ടറിമാരുമില്ല. വെറുതേ വന്നിട്ടു കാര്യമില്ലാത്തതിനാല്‍ വിദേശത്തും സ്വദേശത്തുമായി ജീവനക്കാര്‍ വിനോദ സഞ്ചാരത്തിലാണ്. ആരോഗ്യ സെക്രട്ടറി വിദേശ സഞ്ചാരത്തിനു തിരിച്ചു. ചിലര്‍ പരിശീലനത്തിന്റെ പേരില്‍ ബെംഗളൂരുവിലും ദല്‍ഹിയിലും. ബയോ മെട്രിക് സംവിധാനം നടപ്പാകാത്തതിനാല്‍ ജീവനക്കാര്‍ പഞ്ച് ചെയ്ത് പോകുന്നു. കലണ്ടര്‍ വര്‍ഷത്തിലെ ബാക്കി അവധിയെടുക്കുന്ന തിരക്കിലാണ് മറ്റ് ജീവനക്കാര്‍. ക്രിസ്മസ് അവധിക്ക് ബാക്കിയുള്ള അവധിയെടുത്ത് കുടുംബ സമേതം മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകും.
ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ കൂടെ. നവകേരള സദസ് തലസ്ഥാനത്തെത്തുമ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയിലായിരിക്കും. ഫലത്തില്‍ ജനുവരിയിലേ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലാകൂ.നവകേരളത്തിലെത്തുന്ന പരാതികള്‍ സംബന്ധിച്ചും മന്ത്രിമാര്‍ ആശങ്കയിലാണ്. റവന്യൂ വിഭാഗത്തിലാണ് കൂടുതല്‍ പരാതികള്‍. പിന്നാലെ കൃഷി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും. സമയബന്ധിതമായി പരിഹരിക്കാനാകുന്നതല്ല പരാതികള്‍. അവ പരിഹരിക്കാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരേ ആരോപണമുയരുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: