ബിജെപിയെയും നരേന്ദ്ര മോദിയെയും നേരിടാന്‍ രാജ്യത്തിന്റെ പേര് കടമെടുത്ത് ഒരു രാഷ്ട്രീയ സഖ്യത്തിന് രൂപം നല്കിയപ്പോള് എന്തോ അത്ഭുതം സംഭവിച്ചിരിക്കുന്നു എന്ന മട്ടിലാണ് അതിന്റെ വക്താക്കള്‍ പെരുമാറിയത്. സഖ്യത്തിന് ഈ പേര് കണ്ടുപിടിച്ചതിന്റെ ബഹുമതിയെടുക്കാന് പരസ്പരം തമ്മിലടിക്കുന്ന സ്ഥിതിവരെയുണ്ടായി. മമതാ ബാനര്‍ജിയും അരവിന്ദ് കേജ്രിവാളുമൊക്കെ അവകാശവാദവുമായി വന്നപ്പോള്‍, കോണ്‍ഗ്രസ് നേതാവ് രാഹുലാണ് ഐഎന്‍ഡിഐ കണ്ടുപിടിച്ചതെന്ന വെളിപ്പെടുത്തലുമുണ്ടായി. ബിജെപിക്കും മോദിക്കുമെതിരെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധങ്ങളില്‍ അന്‍പത് ശതമാനം ജയിച്ചിരിക്കുകയാണ്, സമയത്തിന്റെ പ്രശ്നം മാത്രമാണ് അവശേഷിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ഭാവം. പക്ഷേ എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നിരിക്കുന്നു. ബിജെപി വെന്നിക്കൊടി പാറിച്ച മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച തെലങ്കാനയിലെ തെരഞ്ഞെടുപ്പുവരെ ഐഎന്‍ഡിഐ സഖ്യത്തിന്റെ ചരമക്കുറിപ്പ് എഴുതിയിരിക്കുകയാണ്. ഈ സഖ്യത്തില്‍പ്പെടുന്ന കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും മധ്യപ്രദേശില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ചു. സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടും രാജസ്ഥാനില്‍ സിപിഎം ഒറ്റയ്ക്കാണ് മത്സരിച്ചത്. കെട്ടിവച്ച കാശ് കിട്ടിയില്ലെന്നു മാത്രമല്ല, നോട്ടയ്ക്കും താഴെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്. തെലങ്കാനയില്‍ സഖ്യത്തില്‍പ്പെടുന്ന ബിആര്‍എസും കോണ്‍ഗ്രസ്സും സിപിഎമ്മും പരസ്പരം എതിര്‍ത്ത് മത്സരിച്ചു. സഖ്യത്തില്‍ ഉള്‍പ്പെടുന്നതായിട്ടും ഒരിടത്തുപോലും ആം ആദ്മി പാര്‍ട്ടി ഒപ്പം നിന്നില്ല. ഐഎന്‍ഡിഐ സഖ്യം രൂപീകരിക്കുന്നതിനു മുന്‍പുള്ള അവസ്ഥയെക്കാള്‍ വഷളായിരിക്കുകയാണ് അതിലെ പാര്‍ട്ടികള്‍ തമ്മിലെ ബന്ധം.
ബിജെപിക്കെതിരെ ഇരുപത്തിയഞ്ച് പാര്‍ട്ടികള്‍ ചേര്‍ന്ന് രാജ്യത്തിന്റെ പേരില്‍ അറിയപ്പെടുന്ന സഖ്യം രൂപീകരിച്ചപ്പോള്‍തന്നെ അത് രാജ്യതാല്പര്യത്തിന് നിരക്കുന്നതല്ലെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ക്വിറ്റിന്ത്യാ മൂവ്മെന്റിലും ഇന്ത്യന്‍ മുജാഹിദ്ദീനിലുമൊക്കെ ‘ഇന്ത്യ’യുള്ളത് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു ഇത്. മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ വന്നതോടെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളും ശരിവച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിന്റെയും മറ്റും ‘ഇന്ത്യ’യെയല്ല, ബിജെപി ഉള്‍പ്പെടുന്ന ദേശീയ സഖ്യത്തിന്റെ ഭാരതമാണ് തങ്ങള്‍ക്ക് സ്വീകാര്യമെന്ന് ജനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ദല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയിലെ ഔദ്യോഗിക പ്രതിനിധികള്‍ക്കുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തില്‍ ഇന്ത്യക്കു പകരം ഭാരതം എന്നു ചേര്‍ത്തതിന് പ്രതിപക്ഷം വലിയ കോലാഹലമുണ്ടാക്കി. തങ്ങളുണ്ടാക്കിയ സഖ്യത്തെ ഭയപ്പെടുന്നതുകൊണ്ടാണ് ഈ പേരുമാറ്റമെന്ന് പറഞ്ഞ് പ്രതിപക്ഷത്തെ ചിലര്‍ ആളാവാനും ശ്രമിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചത് പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണെന്നും പ്രചാരണം നടന്നു. രാഷ്ട്രത്തെ കുറിക്കാന്‍ ഭാരതം എന്നു ചേര്‍ക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തും പുറത്തും ചിലര്‍ ബഹളമുണ്ടാക്കി. ‘ഇന്ത്യ എന്ന ഭാരതം’ എന്ന് ഭരണഘടനയില്പ്പോലുമുള്ളപ്പോള് ഇത്തരം ബഹളങ്ങള്‍ തീര്‍ത്തും അസ്ഥാനത്തായിരുന്നു. പക്ഷേ രാഷ്ട്രവും രാഷ്ട്രീയവും വേര്‍തിരിച്ചു കാണാന്‍ കഴിയാത്തവര്‍ ബിജെപിക്കെതിരെ എന്തും ആയുധമാക്കാമെന്ന മാനസികാവസ്ഥയിലായിരുന്നു. പറയുന്നതില്‍ കഴമ്പുണ്ടെന്ന് വരുത്താന്‍ പരാതിയുമായി ഇവര്‍ സുപ്രീംകോടതിവരെ പോയി. ഒന്നും ഫലം കണ്ടില്ലെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.
യുഗങ്ങളായി നമ്മുടെ നാട് അറിയപ്പെടുന്നത് ഭാരതം എന്നാണെന്ന് എല്ലാ ഭാരതീയ ഭാഷകളിലും ഈ പേരുള്ളത് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറയുകയുണ്ടായി. ഭാരതം എന്ന പേരു കേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് എന്ത് തോന്നുമെന്ന് നമ്മള് ചിന്തിക്കേണ്ടെന്നും സര്‍സംഘചാലക് പറഞ്ഞിരുന്നു. ഐഎന്‍ഡിഐ സഖ്യം നേടാന്‍ പോകുന്ന തെരഞ്ഞെടുപ്പ് വിജയം മുന്നില്‍ക്കണ്ടാണ് രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കിയതെന്ന വിമര്‍ശനത്തിനുള്ള മറുപടിയാണ് ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഭാരതത്തെ എതിര്‍ത്തവര്‍ അതില്‍നിന്ന് ഉയിര്‍കൊണ്ട സനാതനധര്‍മത്തെയും വെറുതെ വിട്ടില്ല. സനാതനധര്‍മം മഹാമാരികളെപ്പോലെ നശിപ്പിക്കേണ്ടതാണെന്ന് അവിവേകിയായ ഒരു യുവനേതാവ് പ്രഖ്യാപിച്ചപ്പോള്‍ അത് ഏറ്റെടുക്കാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നു. ഇവരെയും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാഠം പഠിപ്പിച്ചിരിക്കുന്നു. സനാതനധര്‍മത്തെ എതിര്‍ത്തതാണ് കോണ്‍ഗ്രസ്സിന്റെ പരാജയത്തിനിടയാക്കിയതെന്ന് ചാനല്‍ ചര്‍ച്ചകളില്‍ ആ പാര്‍ട്ടിയുടെ വക്താവായിരുന്നയാള്തന്നെ തുറന്നടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ വിവാദം ഉണ്ടാക്കിയവര്‍തന്നെ മറുകണ്ടം ചാടിയിരിക്കുന്നു. താന്‍ സനാതനധര്‍മത്തെക്കുറിച്ച് പറഞ്ഞത് ചിലര്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ഹിന്ദുധര്‍മത്തിനെതിരായ വിദ്വേഷപൂര്‍ണമായ പ്രസ്താവന പല കോണുകളില്‍നിന്നും വിമര്ശിക്കപ്പെട്ടപ്പോള് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് ഈ നേതാവ് ചെയ്തതെന്ന കാര്യം ആരും മറന്നിട്ടില്ല. ഹിന്ദുധര്‍മത്തിന്റെ ഹൃദയഭൂമിതന്നെയായ തമിഴ്നാട്ടിലും രാഷ്ട്രീയ തിരിച്ചടി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് ഈ നേതാവ് മലക്കം മറിഞ്ഞിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുകൊണ്ടിരിക്കെ, തങ്ങളും അതിനൊപ്പമാണെന്ന് പറഞ്ഞ ചില കോണ്‍ഗ്രസ് നേതാക്കളുടെ കാപട്യവും ജനങ്ങള്‍ തുറന്നുകാണിച്ചിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാണ്, ഭാരതത്തിനും സനാതനധര്‍മത്തിനും ഒപ്പമാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: