തിരുവനന്തപുരം: ഔഷധ നിര്‍മാണത്തിന് അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവുണ്ടെന്ന് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.മാധവന്‍കുട്ടി വാര്യര്‍ പറഞ്ഞു. ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ. പി. മാധവന്‍കുട്ടി വാര്യര്‍. പുതിയ ലോകത്തെ പുതിയ രോഗങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കൃത്യമായ അസംസ്കൃത പച്ചമരുന്നുകള്‍ കൃത്യമായ അളവില്‍ ലഭ്യമാക്കിയാലെ പുതിയ സഹസ്രാബ്ദത്തിനുള്ള ഔഷധ പരിഹാരം കണ്ടെത്താനാകൂ എന്നും ഡോ. വാര്യര്‍ പറഞ്ഞു.
രാജസ്ഥാന് യൂണിവേഴ്സിറ്റി വിസി ഡോ. പ്രദീപ് കുമാര്‍ പ്രജാപതി അദ്ധ്യക്ഷനായിരുന്നു.
മികച്ച ആയുര്‍വേദ ഔഷധങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണെന്ന് അത്രിമെഡ് പ്രതിനിധി ഡോ റിഷികേശ് ഡാംലേ പറഞ്ഞു. ഗുരുതരമായ ആരോഗ്യപ്രതിസന്ധികളെ നേരിടാന്‍ ആയുര്‍വേദ ഔഷധങ്ങള്‍ക്കു കഴിയുമെന്ന് യൂണിലിവര്‍ ദക്ഷിണേഷ്യാ ഗവേഷണ വികസന മേധാവി ഡോ. സുപ്രിയാ പുണ്യാനി
പറഞ്ഞു. എല്ലാവര്ക്കും ഒരേ ഔഷധമെന്ന ചിന്ത സുസ്ഥിരമല്ലെന്ന് ഹിമാലയ വെല്‍നെസ് ഗവേഷണ വികസന വിഭാഗത്തിലെ ഡോ. മുഹമ്മദ് റഫീക് അഭിപ്രായപ്പെട്ടു.
2009 ല്‍ ആയുര്‍വേദത്തെ ഔദേ്യാഗികമായി അംഗീകരിച്ച സ്വിറ്റ്സര്‍ലന്‍ഡാണ് ഭരണഘടനാ വ്യവസ്ഥയില്‍ ആയുര്‍വേദത്തെ ഉള്‍പ്പെടുത്തിയിട്ടുള്ള ഏകരാജ്യമെന്ന് സ്വിറ്റ്സര്‍ലാന്റിലെ സ്വിസ്മെഡ് സ്കൂള്‍ ചാന്‍സലറും ഫെഡറേഷന് ഓഫ് മെഡിസിന് ആന്‍ഡ് തെറാപ്പി ഇന്‍ ആയുര്‍വേദ എഫ്എംടിഎ പ്രസിഡന്റുമായ ഡോ. ചാള്‍സ് എലി നിക്കോലെരറ്റ് പറഞ്ഞു. ‘റെഗുലേറ്ററി ആസ്പെക്ട്സ് ഇന്‍ ഡിഫറന്റ് കണ്ട്രീസ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആയുഷുമായി സഹകരിച്ച് ലാത്വിയയില്‍ ആയുര്‍വേദത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ കോഴ്സുകള്‍ ആരംഭിച്ചതായി ലാത്വിയ സര്‍വകലാശാലയിലെ കോംപ്ലിമെന്ററി മെഡിസിന് ഗവേഷക ഡോ.സിന്തിജ സൗസ പറഞ്ഞു. 630ലധികം പരമ്പരാഗത വൈദ്യന്മാര് യുഎഇയിലുണ്ടെന്നും അതില്‍ 209 പേര് ആയുര്‍വേദ പ്രാക്ടീഷണര്‍മാരാണെന്നും ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയിലെ ലൈസന്‍സിംഗ് ആന്‍ഡ് മെഡിക്കല്‍ പോളിസീസ് സീനിയര്‍ ഇന്‍ ചാര്‍ജ് ഡോ. സൈഫുള്ള ഖാലിദ് ആദംജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: