ഉത്തരകാശി: ദൗത്യം ഒരു അത്ഭുതമായിരുന്നു, വിജയകരമായി പൂര്‍ത്തിയായാല്‍ ക്ഷേത്രത്തിലെത്തി നന്ദി പറയാമെന്ന് സത്യം ചെയ്തിരുന്നു. അതിനാലാണ് ക്ഷേത്രത്തില്‍ പോയി നന്ദി പറഞ്ഞതെന്ന് അര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു. ദൗത്യത്തിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ണോള്‍ഡ് ഡിക്സ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. അതെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിയൊരു മഹാത്ഭുതത്തിനാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. അതിന് നന്ദി പറയുവാനായി ക്ഷേത്രത്തില്‍ പോകുമെന്ന് തീരുമാനിച്ചിരുന്നു.
ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്തിയ ദൗത്യ സംഘത്തിന് നേതൃത്വം നല്കിയവരില് പ്രധാനിയായ ഓസ്ട്രേലിയന്‍ സ്വദേശിയും ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്സ് തെല്ലൊരുത്ഭുതത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. ദൗത്യം ആരംഭിക്കുന്നതിന് മുമ്പായി സമീപത്തെ ക്ഷേത്രത്തിലെത്തി അദ്ദേഹം പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ദൗത്യം വിജയകരമായതില്‍ പൂര്‍ണമായും സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തിലേയ്ക്ക് തിരിക്കുമ്പോള്‍ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എങ്ങനെയും തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കുക. സേവനം ചെയ്യുന്നത് ബഹുമതിയാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍, എല്ലാ മാതാപിതാക്കളെയും കുട്ടികളെയും അവരുടെ വീട്ടിലെത്തിക്കാന്‍ സഹായിക്കുന്നതില്‍ സന്തോഷവാനാണ്. 41 പേരും വീട്ടിലെത്തുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും ഡിക്സ് പറഞ്ഞു. ‘ഈ ക്രിസ്തുമസ് നാളില്‍ ആരും വേദനിക്കാന്‍ പോകുന്നില്ല. ക്രിസ്തുമസ് നേരത്തെ വരുന്നൂ… ഞങ്ങള്‍ ശാന്തരായി ഇരുന്നു’.
എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാമായിരുന്നു. ഞങ്ങള്‍ ഒരു മികച്ച ടീമായി പ്രവര്‍ത്തിച്ചു. മികച്ച എന്‍ജിനീയര്‍മാര്‍ ഭാരതത്തിലുണ്ട്. ഈ വിജയകരമായ ദൗത്യത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷം മാത്രമാണുള്ളതന്നും അര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: