ഒരു ദേശീയ പുരസ്കാരം, തമിഴ്നാട് സർക്കാരിന്റെ രണ്ട്d പുരസ്കാരങ്ങൾ, അഞ്ച് ഫിലിം ഫെയർ അവാർഡുകൾ തുടങ്ങിയ ബഹുമതികൾ ശരണ്യ പൊൻവണ്ണന് ലഭിച്ചു. നടനും സംവിധായകനുമായ പൊൻവണ്ണനെയാണ് ശരണ്യ വിവാഹം ചെയ്തത്. 1995 ലായിരുന്നു വിവാഹം. പ്രിയദർശിനി, ചാന്ദ്നി എന്നിവരാണ് ശരണ്യയുടെയും പൊൻവണ്ണന്റെയും മക്കൾ. മുമ്പൊരിക്കൽ തന്റെ വിവാഹത്തെക്കുറിച്ചും കുടുംബ ജീവിതത്തിലെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ശരണ്യ പൊൻവണ്ണൻ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്
തമിഴ് സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ശരണ്യ പൊൻവണ്ണൻ. എന്നാൽ നടി ജനിച്ചത് കേരളത്തിലാണെന്ന് പലർക്കും അറിയില്ല. ആലപ്പുഴയാണ് ശരണ്യയുടെ ജന്മദേശം. 1987 ൽ മണിരത്നത്തിന്റെ നായകൻ എന്ന സിനിമയിലൂടെയാണ് ശരണ്യ നായികയായി തുടക്കം കുറിക്കുന്നത്. 1996 വരെ തിരക്കേറിയ നായിക നടിയായിരുന്നു ശരണ്യ. പിന്നീട് ഇടവേളയെടുത്ത ശരണ്യ എട്ട് വർഷത്തിന് ശേഷമാണ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. സഹനടി വേഷങ്ങളാണ് ശരണ്യ പൊൻവണ്ണനെ പിന്നീട് കൂടുതലും കണ്ടത്.
എല്ലാ വീട്ടിലും പൂജാമുറിക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ അതിനേക്കാൾ പ്രത്യേകത എന്റെ വീട്ടിലെ പൂജാമുറിക്കുണ്ട്. എന്റെ ഭർത്താവ് ഹിന്ദുവാണ്. ഞാൻ റോമൻ കാത്തലിക്കും. ഇത്രയും വർഷമായിട്ടും മതത്തെക്കുറിച്ച് ഒരു സംസാരം പോലും ഞങ്ങളുടെ വീട്ടിൽ നടന്നിട്ടില്ല. ഏതാണ് മതമെന്ന് ചോദിച്ചാൽ മക്കൾ മറുപടി പറയാതെ ചിരിക്കും. നിങ്ങൾ ചൈനക്കാരനെ കല്യാണം കഴിച്ചാൽ പോലും എനിക്ക് ഓക്കെയാണെന്ന് ഞാനവരെ കളിയാക്കും. അത്രയും ഓപ്പണാണ് ഞങ്ങൾ. എല്ലാം ദൈവവും ഞങ്ങൾക്ക് ഒന്നാണ്.
എല്ലാ ക്ഷേത്രങ്ങളിലും പോകും. എല്ലാ ആരാധനാലയങ്ങളിലും പോകുമെന്നും ശരണ്യ പൊൻവണ്ണൻ അന്ന് ചൂണ്ടിക്കാട്ടി. പൂജാമുറിയിൽ എല്ലാ ദൈവങ്ങളുടെ ഫോട്ടോയുണ്ട്. പൂജാമുറിയിലെ ജീസസിന്റെ ചിത്രം എന്റെ ഭർത്താവ് പെയ്ന്റ് ചെയ്തതാണ്. അദ്ദേഹം ഒരു ഹിന്ദുവാണെങ്കിലും എന്നേക്കാളും ബൈബിൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. അങ്ങനെയൊരു ഭർത്താവിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്.
പൂജാമുറിയിലെ അമ്മയുടെ ഫോട്ടോയും ശരണ്യ അന്ന് കാണിച്ചു. എന്റെ കല്യാണത്തിന് മുമ്പാണ് അമ്മ മരിച്ചത്. അമ്മ എനിക്ക് ദൈവമാണ്. എന്റെ കുടുംബത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും എന്റെ അമ്മയാണ് കാരണം. അമ്മയുടെ ഫോട്ടോ ദൈവത്തിനൊപ്പം വെക്കരുതെന്ന് പലരും പറയും. പക്ഷെ താനതൊന്നും കാര്യമാക്കാറില്ലെന്നും ശരണ്യ പൊൻവണ്ണൻ അന്ന് വ്യക്തമാക്കി.
തന്റെ മക്കളെക്കുറിച്ചും ശരണ്യ പൊൻവണ്ണൻ അന്ന് സംസാരിച്ചു. സിനിമയിലെ പോലെ തന്നെയാണോ നിങ്ങളുടെ അമ്മയെന്ന് മക്കളോട് കൂട്ടുകാർ ചോദിക്കും. ഞാൻ സിനിമയിലെ അമ്മയെ പോലെ തന്നെയാണ് യഥാർത്ഥത്തിലും. വളരെ ജോളിയാണ് പക്ഷെ അച്ചടക്കവും ഉണ്ട്. സിനിമയിലെ അമ്മ കഥാപാത്രങ്ങൾ കണ്ട് എന്നെ പോലെയുള്ള അമ്മയെ വേണമെന്ന് അവരോട് പലരും പറയും.
മക്കൾ അഭിമാനത്തോടെ ഇക്കാര്യം തന്നോട് പറയുമെന്നും ശരണ്യ പാെൻവണ്ണൻ അന്ന് വ്യക്തമാക്കി. സിനിമാ രംഗത്ത് ഇന്ന് സജീവ സാന്നിധ്യമാണ് ശരണ്യ പൊൻവണ്ണൻ. അമ്മ വേഷങ്ങളിലാണ് ശരണ്യയെ ഇന്ന് കൂടുതലായും കാണുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: