ദുബായ്: സാധാരണക്കാരെയും കായിക പ്രേമികളെയും ഒരു പോലെ ത്രില്ലടിപ്പിച്ച് ദുബായ് റൺ വീണ്ടും കടന്നു പോയി. ഇന്നലെ രാവിലെ ദുബായിലെ പ്രധാന റോഡായ ഷെയ്ഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയെന്ന് വേണം പറയാൻ. രാവിലെ 6.30ന് ഫ്യൂചർ മ്യൂസിയത്തിന് സമീപത്തായിരുന്നു ദുബായ് റണ്ണിന്റെ തുടക്കം. ദുബായ് കിരീടവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം റൺ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ കുറെ ആഴ്ചകളിലായി ആരോഗ്യ സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്ന ഫിറ്റ്നസ് ചലഞ്ചിന്റെ സമാപന പരിപാടിയായിരുന്നു ദുബായ് റൺ. ദുബായ് റണ്ണിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. കണക്കുകൾ സൂചിപ്പിക്കുന്നത് റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേർ പങ്കെടുത്തുവെന്നാണ്. മുൻ റൊക്കോർഡുകളും പഴങ്കഥയായി. കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്ത് പങ്കെടുത്തത്. എല്ലാ പൂർവ റൊക്കോർഡുകളും തിരുത്തിക്കുറിച്ചായിരുന്നു കായികപ്രേമികൾ ഓറഞ്ച് പടയായി റോഡിൽ ആർത്തലച്ചെത്തിയത്.
ഏറെ നീളമേറിയതായിരുന്നു ഇത്തവണത്തെ റൺ നിര. 5, 10 കിലോമീറ്ററുകളിലായിട്ടാണ് ദുബായ് ഷെയ്ഖ് സായിദ് റോഡിൽ ദുബായ് നിവാസികൾ ഓടാനിറങ്ങിയത്. ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എന്ന് അറിയപ്പെടുന്ന പരിപാടി പ്രായമോ ഫിറ്റ്നസോ മാനദണ്ഡമല്ലാത്ത റണ്ണിലൂടെ ആരോഗ്യകരമായ ജീവിത രീതി സമൂഹം എങ്ങനെ കൈവരിക്കണമെന്ന് കാണിച്ചു തരുന്നു.
യുഎഇ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നെയ്യാദിയും ഹസ്സ അൽ മൻസൂരിയും അദ്ദേഹത്തിനൊപ്പം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിച്ച 69 സംഘാങ്ങളും റണ്ണിൽ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: