പി.എസ്.ശ്രീധരന്‍പിള്ള
ഗവര്‍ണര്‍, ഗോവ
സമൂഹത്തില്‍ മൂല്യങ്ങള്‍ കുഴമറിയുമ്പോള്‍ എല്ലാ മേഖലകളിലും നമ്മുടെ ക്രിയാശക്തി കുറയുക സ്വാഭാവികമാണ്. ഭരണഘടനയെ താങ്ങി നിര്‍ത്തുന്ന അടിസ്ഥാന ശിലകള്‍ക്കുണ്ടാവുന്ന അപചയത്തില്‍ ജുഡീഷ്യറി വീണുപോവരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനായി അശ്രാന്തപരിശ്രമം ചെയ്യുക എന്നതും ജീവിതക്രമമാക്കിയ ന്യായാധിപന്മാരുടെ കൂട്ടത്തിലാണ് ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ സ്ഥാനം. രാജ്യത്തെ ഉന്നത നീതിപീഠമായ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി തീര്‍ന്നത് അവരായിരുന്നു. ദേശീയ വനിതാകമ്മീഷന് അംഗമായും തമിഴ്നാട് ഗവര്‍ണറും ആയി ചുമതല വഹിച്ചിരുന്ന ഫാത്തിമാ ബീവിയാണ് ഇന്ത്യയില്‍ ആദ്യമായി ഗവര്‍ണര്‍സ്ഥാനം അലങ്കരിച്ച മുസ്ലിംവനിത.
പത്തനംതിട്ട ജില്ലയിലെ പുരാതന റാവുത്തര്‍ തറവാടായ അന്നവീട്ടില്‍ മീര്‍ സാഹിബിന്റെയും ഖദീജാ ബീവിയുടെയും എട്ടുമക്കളില്‍ ആദ്യത്തെയാളായി ജനിച്ച ഫാത്തിമയെ കെമിസ്ട്രിയില്‍ ബിരുദവും നിയമബിരുദവുമൊക്കെ നേടാന്‍ ഉരുവപ്പെടുത്തിയത് പിതാവിന്റെ നിശ്ചയദാര്‍ഢ്യവും കണിശമായ ഇടപെടലും കൊണ്ടാണ്. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ സ്വര്‍ണ മെഡല്‍ നേടി വിജയം കൊയ്തെടുത്തത് സര്‍വ്വകാല റെക്കോര്‍ഡോടെ ആയിരുന്നു. 1950 നവംബര്‍ 14ന് കൊല്ലം ജില്ലാ കോടതിയിലാണ് അവര്‍ അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അവര്‍ ബാറിലെ ശ്രദ്ധേയയായ അഭിഭാഷകയായി മാറി. 1958ല്‍ മുന്‍സിഫായി ജുഡീഷ്യറിയില്‍ ചേര്‍ന്ന അവരുടെ ജൈത്രയാത്ര പുതു തലമുറയ്ക്ക് സാധനാപാഠമാകേണ്ട ഒട്ടേറെ അദ്ധ്യായങ്ങള്‍ നിറഞ്ഞതാണ്.
1984ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതയായ ജ:ഫാത്തിമാബീവിയുടെ അഞ്ചു കൊല്ലത്തെ വിധിന്യായങ്ങള്‍ അവരുടെ നിയമ പാണ്ഡിത്യത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നീതിബോധത്തിന്റെയും ഉദ്ഘോഷങ്ങളായിരുന്നു. സുപ്രീം കോടതി പോലെയുള്ള ഉന്നത നീതിപീഠത്തിന്റെ ജഡ്ജിയായി തീര്‍ന്ന ഏഷ്യയിലെ ആദ്യ ന്യായാധിപയെന്ന ബഹുമതിയും ഈ മലയാളി വനിതയ്ക്കുള്ളതാണ്. 1992 ഏപ്രില്‍ 29 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നപ്പോഴും ഈടുറ്റ വിധികള്‍ ഈ ന്യായാധിപയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. നിയമ രംഗത്ത് ചിന്തിക്കുന്ന കാര്യഗൗരവമുള്ള ജഡ്ജി എന്ന നിലയിലാണ് ചരിത്രം അവരെ രേഖപ്പെടുത്തിയിട്ടുള്ളത്.
1997 ജനുവരി 25ന് തമിഴ്നാട് ഗവര്‍ണറായി ചുമതലയേറ്റ അവര്‍ 2001 ജൂലൈ 1ന് രാജി വെച്ച് ഒഴിയുകയാണുണ്ടായത്. ഇതിലേക്ക് നയിച്ച രാഷ്ട്രീയ ചുഴികളിലും മലരികളിലും പ്രതിരോധനിര സൃഷ്ടിച്ച് പോരാടാന്‍ അവര്‍ അതീവ ധൈര്യം കാട്ടിയിരുന്നു. ഗവര്‍ണര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും മലയാളികളോടും അഭിഭാഷക സമൂഹത്തോടും അവര്‍ കാട്ടിയ സ്നേഹ വാത്സല്യങ്ങള്‍ എടുത്തു പറയേണ്ടതാണ്.
സ്ത്രീവിമോചന ഉദ്യമങ്ങള്‍ക്കും നിയമശാസ്ത്ര മേഖലയ്ക്കും ജസ്റ്റിസ് ഫാത്തിമാ ബീവി നല്കിയ സംഭാവനകളെ കാലത്തിനും സമൂഹത്തിനും ഒരിക്കലും വിസ്മരിക്കാനാകില്ല. സൗമ്യവും ദീപ്തവുമായ അവരുടെ ഇടപെടലുകളും മനുഷ്യ സ്നേഹത്തിലും വിനയത്തിലും അധിഷ്ഠിതവുമായ പെരുമാറ്റങ്ങളും എന്നും എന്റെ ഓര്‍മ്മയില്‍ പച്ചപിടിച്ച് നില്ക്കും
കഴിഞ്ഞ വര്‍ഷം ഞാന്‍ പത്തനംതിട്ടയില്‍ പോയപ്പോള്‍ ജില്ലാ ഭരണകൂടം മുഖേന ജസ്റ്റിസ് ഫാത്തിമാ ബീവിയെ സന്ദര്‍ശിക്കാന്‍ ശ്രമില്ലെങ്കിലും അവര്‍ സന്ദര്‍ശകരെ കാണാന്‍ അനുവദിക്കുന്നില്ല എന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. എന്നാല്‍ ഞാന്‍ അവിടെയെത്തി ഫോണ്‍ മുഖേന ബന്ധപ്പെട്ടപ്പോള്‍ യാതൊരു വൈമനസ്യവും കൂടാതെ അവര്‍ അനുമതി നല്‍കുകയും അതനുസരിച്ച് അവിടെത്തിയ എന്നോട് അവര്‍ അതിരറ്റ സ്നേഹവാത്സല്യങ്ങള്‍ പങ്കിടുകയും ചെയ്തു. അതായിരുന്നു ഞങ്ങള്‍ തമ്മില്‍ നടന്ന അവസാന കൂടിക്കാഴ്ച. വിജ്ഞാനത്തിന്റെ ചൈതന്യം വിതറിയ ഈ പ്രകാശഗോപുരത്തിന് മുമ്പില്‍ എന്റെ അന്ത്യപ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: