വര്‍ക്കല: ഭാര്‍ഗവീനിലയം പോലെ വര്‍ക്കല പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരം. കാട് പിടിച്ച നിലയിലുള്ള ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വാസസ്ഥലമായി മാറിയിരിക്കുകയാണ്. വര്‍ക്കല ഫയര്‍ഫോഴ്സ് ഓഫീസിന്റെ സമീപത്താണ് ഇരുനില പോലീസ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. സമീപത്തെ കാട് മൂടിയ റെയില്‍വെ ട്രാക്ക് പരിസരവും സാമൂഹികവിരുദ്ധര്‍ പരസ്യ മദ്യപാനത്തിനായി തെരഞ്ഞെടുക്കുന്ന ഇടമായി മാറി. മദ്യക്കുപ്പികള്‍ ക്വാര്‍ട്ടേഴ്സിന്റെ വളപ്പില്‍ വലിച്ചെറിയുന്നതും പതിവാണ്.
സബ് ഇന്‍സ്പെക്ടര്‍ക്കും എസ്എച്ച്ഒക്കും താമസിക്കുന്നതിനാണ് ഈ കെട്ടിടം അനുവദിച്ചിട്ടുള്ളത്. ഈ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും വാടകയിനത്തില്‍ സര്‍ക്കാര്‍ അലവന്‍സ് ഈടാക്കുകയും ചെയ്യുന്നുണ്ട്. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ വാടക വീട് ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഭീമമായ തുകയാണ് വാടക ഇനത്തില്‍ വീടിന് നല്‍കേണ്ടത്. കെട്ടിടത്തിന്റെ മുന്നിലെ മതില് ഉള്‍പ്പെടെ തകര്‍ന്നു നിലംപതിച്ച അവസ്ഥയിലാണ്. ഗേറ്റുകള്‍ തുരുമ്പ് എടുത്തു നശിച്ചു. മുറിച്ചുമാറ്റിയ മരങ്ങളുടെ തടികള്‍ ക്വാര്‍ട്ടേഴ്സിന്റെ മുന്നിലായി കൂട്ടിയിട്ടിട്ടുണ്ട്. കാട് കയറി ഉഗ്ര വിഷമുള്ള ഇഴജന്തുക്കളും വിഹരിക്കുന്നു. തെരുവുനായ്ക്കളും ക്വാര്‍ട്ടേഴ്സ് കയ്യേറി.
വര്‍ക്കല കോടതി പരിസരത്തു സര്‍ക്കാര്‍വക ഭൂമിയില്‍ നിര്‍മിച്ച പഴയ ഓട് മേഞ്ഞ കെട്ടിടങ്ങള്‍ തകര്‍ന്ന് നിലംപൊത്തിയ അവസ്ഥയിലാണ്. ഏതുസമയവും കര്‍മനിരതരായി സേവനം അനുഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
സാജു പി.എം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: