മലയിന്‍കീഴ്: നവകേരളം വാര്‍ഡ് തല സംഘാടകസമിതി രൂപീകരണത്തിന് പള്ളിച്ചല്‍ പഞ്ചായത്തില്‍ രാവിലെ മസ്റ്റര്‍ റോളില്‍ ഒപ്പിട്ട തൊഴിലാളികളെ തൊഴിലുറപ്പ് എ.ഇ. പ്രവീണ്‍ തൊഴിലുറപ്പ് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധം ശക്തം. പള്ളിച്ചല്‍ പഞ്ചായത്തിലെ വെള്ളാപ്പള്ളി വാര്‍ഡിലെ തൊഴിലാളികള്‍ക്കാണ് അനുഭവം.
വിഷയം അറിയാത്ത തൊഴിലാളികള്‍ തൊഴിലുറപ്പ് ഓഫീസില്‍ പോവുകയും അവിടെവച്ച് പഞ്ചായത്ത് പ്രസിഡന്റ് റ്റി. മല്ലിക പങ്കെടുത്ത നവകേരളം വാര്‍ഡ് തല സംഘാടകസമിതി രൂപീകരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പറിനെ ഇതുസംബന്ധിച്ച് യാതൊരു വിവരവും പ്രസിഡന്റോ തൊഴിലുറപ്പ് എഇ പ്രവീണോ അറിയിച്ചിട്ടില്ലെന്ന് മെമ്പര്‍ മാലിനി എം.എല്‍. പറഞ്ഞു. തൊഴിലില്‍ നിന്ന തൊഴിലുറപ്പ് തൊഴിലാളികളെ പണി ചെയ്യാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ പരിപാടി കൊഴുപ്പിക്കാനുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ വാര്‍ഡംഗം മാലിനി ബ്ലോക്ക് എഇയ്ക്കും ബിഡിഒയ്ക്കും പരാതി നല്കി.
കഴിഞ്ഞ 18ന് പള്ളിച്ചല്‍ പഞ്ചായത്തിലെ 2,5,6,8 എന്നീ വാര്‍ഡുകളില്‍ നിന്നും ഇടത് യൂണിയനായ എഐറ്റിയുസിയുടെ പരിപാടിക്കായി വാര്‍ഡുകളിലെ മെമ്പര്‍മാര്‍ മസ്റ്റര്‍ റോളില്‍ ഒപ്പിട്ടതിനു ശേഷം തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ടുപോയിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് ബിഡിഒ ഇടപെട്ട് യൂണിയന് പരിപാടിയില്‍ പങ്കെടുത്ത എല്ലാ തൊഴിലുറപ്പ് തൊഴിലാളികളുടെയും വേതനം കുറവ് ചെയ്യുകയും 5 വാര്‍ഡിലെ തൊഴിലുറപ്പ് മാറ്റുമാര്‍ക്ക് ആറുമാസ സസ്പെന്‍ഷനും നല്‍കിയിരുന്നു. അതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികളെ എഇയുടെ അറിവോടെ തന്നെ വീണ്ടും ദുരുപയോഗം ചെയ്തത്.
വിളിക്കുന്ന പരിപാടികളില്‍ പങ്കെടുത്തില്ലെങ്കില്‍ മസ്റ്റര്‍ റോളില്‍ നിന്ന് പേര് നീക്കം ചെയ്യുമെന്ന ഇടത് മെമ്പര്‍മാരുടെ ഭീഷണി പതിവാണെന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. മസ്റ്റര്‍ റോളില്‍ ഒപ്പിടാന്‍ അനുവദിച്ച് പാര്‍ട്ടി പരിപാടികളില്‍ തലയെണ്ണം കൂട്ടുന്ന തരംതാണ പരിപാടിക്ക് നേരേ കണ്ണടയ്ക്കാന്‍ ബിജെപി തയ്യാറല്ലെന്ന് ബിജെപി നരുവാമൂട് ഏര്യാ പ്രസിഡന്റ് കവിത ഉണ്ണികൃഷ്ണന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാവങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളെ തകര്‍ക്കാനും അവ സിപിഎമ്മിന്റേതാണെന്ന് വരുത്തി തീര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്പള്ളിച്ചലില് നടന്നതെന്നും ബിജെപി തൊഴിലുറപ്പ് സഹോദരിമാര്ക്കൊപ്പമുണ്ടെന്നും ബിജെപി മലയിന്‍കീഴ് മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: