നവകേരള സദസ്സ് എന്നു പേരിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിപ്പട ഒന്നടങ്കം കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സഞ്ചരിക്കാന്‍ തുടങ്ങിയത് പ്രതീകാത്മകമാണ്. ആഡംബരത്തിലൂടെയും ധൂര്‍ത്തിലൂടെയും സംസ്ഥാനത്തെ സമ്പൂര്‍ണ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണത്തെ ഇതിലും നന്നായി പ്രതീകവല്ക്കരിക്കാന് കഴിയില്ല. കോടിക്കണക്കിന് രൂപ കൊടുത്തുവാങ്ങിയ എല്ലാ ആഡംബരങ്ങളോടെയുമുള്ള ബസ്സിലാണ് മുഖ്യമന്ത്രിയും സംഘവും വടക്കു തെക്ക് സഞ്ചരിക്കുന്നത്. ഇരിക്കാനും കിടക്കാനും വിശ്രമിക്കാനും മാത്രമല്ല, വട്ടം കറങ്ങുന്ന കസേര വരെ ബസ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്. അവസാനത്തെ ഐറ്റം ചങ്കിലെ ചൈനയില്‍നിന്ന് പ്രത്യേകമായി നിര്‍മിച്ച് കൊണ്ടുവന്നതാണ്. ജനങ്ങളെ നേരില്‍ കണ്ട് അവരുടെ കഷ്ടപ്പാടുകള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനാണത്രേ ഈ പുറപ്പാട്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കാണാനും മനസ്സിലാക്കാനും മന്ത്രിമാര്‍ക്ക് സുഖാനുഭൂതിയോടെ സഞ്ചരിച്ചേ മതിയാവൂ. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു നികുതിപ്പണത്തില്‍നിന്ന് പതിനായിരക്കണക്കിന് രൂപയെടുത്ത് വാങ്ങിയ കണ്ണടയും ഇതിന് ആവശ്യമാണ്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരാണ് ഏഴ് വര്‍ഷം ഭരിച്ചശേഷം പ്രശ്നപരിഹാരത്തിനെന്നു പറഞ്ഞ് ഉല്ലാസയാത്രയ്ക്ക് ഇറങ്ങിത്തിരിച്ചിട്ടുള്ളത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഒന്നിനും വില വര്‍ധിപ്പിക്കില്ലെന്ന് അവകാശപ്പെട്ടവരാണ് ജനങ്ങള്‍ വില വര്‍ധനവുകൊണ്ട് പൊറുതിമുട്ടുമ്പോള്‍ ഒരു ആഡംബര യാത്ര നടത്താന്‍ തീരുമാനിച്ചത്.
നവകേരള സദസ്സ് എന്നൊക്കെ എടുത്താപ്പൊങ്ങാത്ത പേരിട്ട് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ആലിബാബയെയും കള്ളന്മാരെയും അനുസ്മരിപ്പിക്കുന്ന മുഖ്യമന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്. സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്ക് പണം നല്‍കാതെയും ക്ഷേമ പെന്‍ഷനുകള്‍ നല്‍കാതെയും, കര്‍ഷകരില്‍നിന്ന് വാങ്ങിയ നെല്ലിന് പണം നല്‍കാതെയും, അംഗപരിമിതര്‍ക്ക് നല്കിയ പെന്ഷന് തുകപോലും യാതൊരു മനസ്സാക്ഷിയുമില്ലാതെ തിരിച്ചുപിടിച്ചും ജനജീവിതത്തെല ദുസ്സഹമാക്കിയിരിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പ ശരിയാക്കിത്തരാം എന്ന രീതിയില്‍ നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഈ യാത്ര സംഘടിപ്പിക്കുന്ന തുകയും നികുതിപ്പണത്തില്‍നിന്ന് ചെലവാകുമെന്നല്ലാതെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിന് എന്തിനാണ് മന്ത്രിപ്പട ഇങ്ങനെയൊരു സഞ്ചാരം നടത്തുന്നത്. ആത്മാര്‍ത്ഥതയും ആര്‍ജവവും ഉണ്ടായിരുന്നെങ്കില്‍ എല്ലാ വകുപ്പ് മന്ത്രിമാര്‍ക്കും സ്വന്തം ഓഫീസുകളിലിരുന്ന് പ്രശ്നങ്ങള്‍ പരിഹരിക്കാം. അതിനാണ് ചീഫ് സെക്രട്ടറി മുതല്‍ താഴോട്ടുള്ള ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന ഭരണസംവിധാനമുള്ളതും, അവര്‍ക്ക് മാസംതോറും ശമ്പളം കൊടുക്കുന്നതും. ഏഴ് വര്‍ഷത്തെ ഭരണം ഇതിന് ധാരാളം മതിയായിരുന്നു. പക്ഷേ ഒരു പ്രശ്നവും പരിഹരിച്ചില്ല. അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും നടത്താന്‍ വേണ്ടി ഭരണസംവിധാനത്തെ ഉപയോഗിച്ചവര്‍ കഷ്ടപ്പെടുന്ന ജനങ്ങളെ മറന്നു. ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കേണ്ടി വന്ന മറിയക്കുട്ടിയെപ്പോലുള്ള വയോവൃദ്ധകളെ മറന്നു. സപ്ലൈകോ വഴി കൊടുത്ത നെല്ലിന്റെ വില ലഭിക്കാതെ ആത്മഹത്യയുടെ വക്കിലെത്തിനില്ക്കുന്ന പാവപ്പെട്ട കര്‍ഷകരെ കണ്ടില്ല. അവരെ സഹായിക്കാനും ആശ്വസിപ്പിക്കാനും സമയം കണ്ടെത്തേണ്ടവരാണ് ഇപ്പോള്‍ നവകേരള സദസ്സിലൂടെ ജനങ്ങളെ ഉടലോടെ സ്വര്‍ഗത്തിലേക്ക് അയയ്ക്കുമെന്ന് പറയുന്നത്.
പൊതുജനം കഴുതകളാണെന്നും അവരെ എങ്ങനെ വേണമെങ്കിലും കബളിപ്പിക്കാവുന്നതാണെന്നും ഉറച്ചുവിശ്വസിക്കുന്നവരാണ് സിപിഎമ്മുകാര്‍. അവരാണല്ലോ സര്‍ക്കാരിനെ നയിക്കുന്നതും. കോടികള്‍ വിലപിടിപ്പുളള ബസ്സ് വാങ്ങിയിട്ട് അതിലെവിടെയാണ് ആഡംബരമെന്ന് കണ്ടുപിടിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ബസ്സു വാങ്ങാന്‍ കോടികള്‍ ചെലവഴിച്ചത് ഒരു നഷ്ടമല്ലെന്നും, മ്യൂസിയത്തില്‍ വയ്ക്കുന്നതോടെ കാണാന്‍ ആളുകള്‍ വരുന്നതിലൂടെ ഇതിലേറെ തുക തിരികെ ലഭിക്കുമെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. ജനങ്ങളുടെ സാമാന്യ ബോധത്തെയാണ് ഇവര്‍ വെല്ലുവിളിക്കുന്നത്. ആഡംബര ബസ്സ് മാത്രമല്ല, അതില്‍ സഞ്ചരിക്കുന്നവരും മ്യൂസിയം പീസുകളാവുമെന്നാണ് ജനങ്ങള്‍ അടക്കംപറയുന്നത്. ഭരണയന്ത്രം തിരിക്കുന്നവര്‍ ഒരു വശത്ത് ഔചിത്യത്തിന്റെ സകലസീമകളും ലംഘിച്ച് ഇങ്ങനെയൊരു യാത്ര നടത്തുമ്പോള്‍, മറുവശത്ത് നിയമപ്രകാരം സര്‍വീസ് നടത്തുന്ന ഒരു ബസ്സുടമയെ കഴിയാവുന്നതും ദ്രോഹിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പെര്‍മിറ്റില്‍ ഹൈക്കോടതിയുടെ അനുമതിയോടെ സംസ്ഥാനത്ത് ബസ് സര്‍വീസ് നടത്തുന്ന ബേബി ഗിരീഷ് എന്ന വ്യക്തിയെ വേട്ടയാടുകയാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ്. ഈ ബസ്സുടമയില്‍നിന്ന് അടിക്കടി പിഴയീടാക്കി പകവീട്ടുകയാണ് സര്‍ക്കാര്‍. ഭരണസംവിധാനം ദുരുപയോഗം ചെയ്യുന്നതിന്റെ അശ്ലീലമായ കാഴ്ചയാണിത്. ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുമെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ ബസ് യാത്രയെങ്കില്‍, ഒരു സംരംഭവും നല്ല രീതിയില്‍ നടക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് സ്വകാര്യ ബസ്സുടമയെ ദ്രോഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: