പൈവളിഗെ: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ 20 മന്ത്രിമാര്‍ നവകേരള സദസിലുണ്ടെങ്കിലും ഒരു പരാതി പോലും നേരിട്ട് സ്വീകരിക്കാനോ തീര്‍പ്പാക്കാനോ ഇല്ലെന്നാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ പ്രഹസനം. പരാതികളുമായി നിരവധി പേര് എത്തിയെങ്കിലും കൗണ്ടര്‍ വഴിയാണ് പരാതി സ്വീകരിക്കുന്നത്.പൈവളികെ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഏഴ് കൗണ്ടറുകളാണ് ക്രമീകരിച്ചിരിച്ചിരുന്നത്.വീടും സ്ഥലവും ആവശ്യപ്പെട്ടുള്ള പരാതികളാണ് കൂടുതലും. പെന്ഷന്, ചികിത്സാ സഹായം, കാര്ഷികചികിത്സാ ആവശ്യങ്ങള്‍ക്കായി എടുത്ത വായ്പ എഴുതി തള്ളല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ഏറെ പരാതികള്‍ ലഭിച്ചു.
റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പരാതികളും ലഭിച്ചു. നവകേരള സദസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ചു തുടങ്ങിയെങ്കിലും പരാതി സ്വീകരിച്ചവര്‍ക്ക് നല്കുന്ന രസീത് തീര്‍ന്നുപോയതിനാല്‍ പലര്‍ക്കും ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. പരാതിയെ തുടര്‍ന്ന് പിന്നീട് നല്‍കുകയായിരുന്നു.പരാതികള്‍ ഒന്നര മാസത്തിനകം പൂര്‍ണമായും തീര്‍പ്പാക്കുമെന്നാണ് പറയുന്നത്. ആഡംബര ബസിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പൈവളിഗെയില്‍ എത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് കാസര്‍കോട് ഗസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ബസ് പുറപ്പെട്ടത്.നിറത്തിന്റെ കാര്യത്തില്‍ അടക്കം പ്രത്യേക ഇളവുകളോടെയാണ് ബസ് സഞ്ചരിക്കുന്നത്. ബസിന്റെ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും ഇറക്കിയിട്ടുണ്ട്. ആഢംബര ബസിന്റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസിന് വേണ്ടി മാത്രമായി കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കളര്‍ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്. വിവിഐപികള്‍ക്കുള്ള ബസിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവെന്നാണ് ഉത്തരവില്‍ പറയുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും വിജ്ഞാപനത്തിലുണ്ട്.
ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് 17ന് വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. കറുപ്പു നിറത്തില്‍ സ്വര്‍ണ വരകളോടെയുള്ള ഡിസൈനാണ് ബസിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്. ബെംഗളൂരുവിലെ എസ്എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് െ്രെപവറ്റ് ലിമിറ്റഡ്(പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്റെ ബോഡി നിര്‍മിച്ചത്.ബെന്‍സിന്റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. ടോയ്ലറ്റ്, ഫ്രിഡ്ജ്, െ്രെഡവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്പോട് ലൈറ്റുള്ള സ്പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസിലുള്ളത്.ഇന്ന് കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലും നവകേരള സദസ് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: