ടെല്‍അവീവ്: ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കിയവരെ ഹമാസ് ഒളിപ്പിച്ചത് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫയിലാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അതുകൊണ്ടാണ് ആശുപത്രിയില്‍ സൈന്യം പ്രവേശിച്ചത്. ഈയാഴ്ച ആദ്യം സൈന്യത്തിന്റെ ഓപ്പറേഷന് പിന്നാലെ ഹമാസ് ഇവിടെനിന്ന് മാറിയിരിക്കാമെന്നും അമേരിക്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് നേതാവ് അഹമദ് ബാഹര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാലസ്തീന് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ മുന്‍ വൈസ് പ്രസിഡന്റായിരുന്നു ബാഹര്‍.
ആശുപത്രി സമുച്ചയത്തില്‍ ഹമാസിന്റെ തുരങ്കം കണ്ടെത്തിയെന്നും അത് നശിപ്പിച്ചെന്നും ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ആശുപത്രിയിലുള്ള രോഗികള്‍ക്കും അഭയം പ്രാപിച്ച സാധാരണക്കാര്‍ക്കുമായി വെള്ളവും ഭക്ഷണപ്പൊതികളും ഐഡിഎഫ് വിതരണം ചെയ്തു.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍നിന്ന് ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം അല്‍ ഷിഫ ആശുപത്രിക്കു സമീപം കണ്ടെത്തി. 65കാരി യഹൂദിറ്റ് വീസ് ആണു മരിച്ചത്. അഞ്ച് മക്കളുടെ അമ്മയായ ഇവര്‍ നഴ്സറിയിലാണ് ജോലി ചെയ്തിരുന്നത്. ഗാസ അതിര്‍ത്തിയിലെ വീട്ടില്‍ നിന്നാണ് ഇവരെ ഹമാസ് തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് കൊല്ലപ്പെട്ടിരുന്നു.
അല്‍ ഷിഫ ആശുപത്രിയില്‍ സൈന്യം പരിശോധന തുടരുകയാണ്. അതേസമയം, ഗാസയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വീണ്ടും തകരാറിലായതായി പാലസ്തീന് ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ പാല്‍ടെല്‍ അറിയിച്ചു. അല്‍ ഷിഫയിലെ രോഗികളെ അടിയന്തരമായി ഒഴിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ശ്രമിക്കുന്നുണ്ടെങ്കിലും പ്രായോഗിക പരിമിതിയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
അടിയന്തര വെടിനിര്‍ത്തല്‍: യുഎന്‍ പ്രമേയം അംഗീകരിച്ചു
ജീവകാരുണ്യ സഹായമെത്തിക്കാനായി ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതി അംഗീകരിച്ചു. മുന്‍പ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് രക്ഷാസമിതിയില്‍ അവതരിപ്പിച്ച നാല് പ്രമേയങ്ങളും പരാജയപ്പെട്ടിരുന്നു. അടിയന്തര വെടിനിര്‍ത്തലിന് ഇസ്രായേലിനോടും ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കാന് ഹമാസിനോടും ആവശ്യപ്പെടുന്നതാണ് പ്രമേയം. 15 അംഗ രക്ഷാസമിതിയില്‍ പ്രമേയത്തെ 12 അംഗങ്ങള്‍ അനുകൂലിച്ചു. അമേരിക്ക, ബ്രിട്ടന്, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: