ബ്രസീലിയ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കാലിനേറ്റ പരിക്കിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍. താരത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം രാജ്യാന്തര ഫുട്ബോളില്‍ കളിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കാല്പാദവും കാല്‍മുട്ടും കൂടിചേരുന്ന ഭാഗത്ത്(എസിഎല്) ആണ് പരിക്ക് പറ്റിയത്. ഇടത് കാലിനാണ് പ്രശ്നം.
കോണ്‍മെബോല്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പരിക്കേറ്റ താരത്തെ മൈതാനത്ത് നിന്നും സ്ട്രെക്ചറിലാണ് എടുത്തുകൊണ്ടുപോയത്. ഈ മാസം ആദ്യമായിരുന്നു നെയ്മറുട ശസ്ത്രക്രിയ. 31കാരനായ താരം ഇപ്പോള്‍ വളരെ സുഖം പ്രാപിച്ചുവരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
ടെറെസോപോളിസിലുള്ള ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലന കേന്ദ്രത്തില്‍ വച്ചായിരുന്നു വാര്‍ത്താ സമ്മേളനം. ഫിസിയോ തെറാപ്പി അടക്കമുള്ള പ്രക്രിയകള്‍ ഇനി ബാക്കിയുണ്ട്. അധികം വൈകാതെ താരത്തിന് കളത്തിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
വെള്ളിയാഴ്ച ബ്രസീലിന് കൊളംബിയക്കെതിരെ മത്സരമുണ്ട്. അതിന് ശേഷം അടുത്ത ബുധനാഴ്ച നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയെയാണ് ലോകകപ്പ് യോഗ്യതയില്‍ നേരിടാനുള്ളത്. ഈ മത്സരങ്ങളില്‍ നെയ്മര്‍ ഇറങ്ങാനുള്ള സാധ്യത തീരെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: