ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ച് ഗ്വാളിയോര്‍ രാജകുമാരന്റെ തേരോട്ടം. സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
സമ്പൂര്‍ണ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ലക്ഷ്യമെന്നും അത് സാധ്യമാക്കുക തന്റെ കടമയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സിന്ധ്യ കോണ്‍ഗ്രസിനെ വഞ്ചിച്ചു തുടങ്ങിയ ആക്ഷേപങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങും കമല്‍നാഥും രംഗത്തുവന്നത് അവരുടെയിടയിലെ പരിഭ്രാന്തിയുടെ അടയാളമാണന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസല്ല ബിജെപി എന്നായിരുന്നു സിന്ധ്യയുടെ ഉത്തരം. ഞാനൊരു പ്രവര്‍ത്തകനാണ്. പാര്‍ട്ടി പറയുന്നതെന്തും ചെയ്യും, കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ മത്സരം അധികാരത്തിന് വേണ്ടിയാണ്. പല ഗ്രൂപ്പുകള്‍. പല നേതാക്കള്‍. ഇപ്പോള്‍ത്തന്നെ എട്ടു നേതാക്കളാണ് കടിപിടി കൂടുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. ഞങ്ങളാരും നേതാക്കളല്ല, പ്രവര്‍ത്തകരാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും, സിന്ധ്യ പറഞ്ഞു.
മധ്യപ്രദേശിലെ മുഴുവന്‍ പ്രവര്‍ത്തകരും സമ്പൂര്‍ണ വിജയത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍നിന്ന് നയിക്കുന്നത്. കോണ്‍ഗ്രസ് വോട്ട് തട്ടാന്‍ ഒബിസി രാഷ്ട്രീയം പറയുന്നു. ജാതി പറയുന്നു. അവര്‍ക്കെന്താണ് അത് പറയാന്‍ യോഗ്യത. മോദി ജിയുടെ മന്ത്രിസഭയില്‍ 27 ഒബിസി മന്ത്രിമാരുണ്ട്,, കോണ്ഗ്രസിനെന്തുണ്ട്? ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു.
കമല്‍നാഥ് പറയുന്നത് കോണ്‍ഗ്രസ് പറയുന്നതിന് ജി (ഗ്യാരന്റി) ഉണ്ടെന്നാണ്. അവര്‍ക്ക് ജി വലിയ താത്പര്യമുള്ള അക്ഷരമാണ്. ഒരു ജി അല്ല 2ജി ആണ് കൂടുതല്‍ ഹരം. മോദി സര്‍ക്കാര്‍ ടെലികോം മേഖല സുതാര്യമാക്കി. 5 ജിയിലേക്ക് കുതിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് വില്ക്കാന് തോന്നുന്നുണ്ടാവും. അത് അവരുടെ ശീലമാണ്, അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
അവരെന്നെ വഞ്ചകനെന്ന് വിളിക്കുന്നു. എല്ലാ അധിക്ഷേപവും സ്വാഗതം ചെയ്യുന്നു. അവരെന്തും പറയട്ടെ, എനിക്ക് അതില്‍ വിരോധമില്ല. അവര്‍ എന്റെ കുടുംബത്തെ പോലും അധിക്ഷേപിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജീവന് നല്കിയ വ്യക്തിയാണ് എന്റെ അച്ഛന്. അദ്ദേഹമോ ഞാനോ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഇത് പറയാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു. ചരിത്രം എനിക്കറിയാം. അത് പറയിക്കരുത്. സിന്ധ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: