തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ലോകായുക്തയില്‍ നിന്ന് ആശ്വാസ വിധി. പരാതിക്കാരന് ആര്‍എസ് ശശികുമാറിന്റെ ഹര്‍ജി ലോകായുക്ത തള്ളി.
ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളി ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി പറഞ്ഞത്. ഉപലോകായുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും, ജസ്റ്റിസ് ബാബു മാത്യു പി ജോസഫും കേസില്‍ വിധി പറയരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന് ഹര്‍ജി നല്‍കിയിരുന്നു
ചട്ടം ലംഘിച്ച് ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാറിലെ 18 മന്ത്രിമാര്‍ക്കുമെതിരെയായിരുന്നു പ്രധാന ഹര്‍ജി.
മാര്‍ച്ച് 31 ന് ലോകായുക്ത ഡിവിഷന് ബെഞ്ച് ഭിന്ന വിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. 2018ലെ ഹര്‍ജിയിലാണ് ഫുള്‍ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. പണം അനുവദിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ഹര്‍ജി തള്ളികൊണ്ടുള്ള വിധിയില്‍ പറയുന്നു.
അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നല്കാന് മന്ത്രിസഭ 27. 07. 2017 നാണ് തീരുമാനിച്ചത്. 2017 ഒക്ടോബര്‍ നാലിനാണ് രണ്ടാമത്തെ ആരോപണത്തിന് കാരണമായ മന്ത്രിസഭാ തീരുമാനം .കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനത്തിലെ പൊലീസുകാരന് പ്രവീണിന് അപകടം ഉണ്ടായതിനെ തുടര്‍ന്ന് നിയമാനുസൃതം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് പുറമേ 20 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ തീരുമാനമെടുത്തു. മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ കുടുംബത്തിന് 8,66,000 രൂപയുടെ സഹായവും മകന് ജോലിയും നല്കാനാനുളള മന്ത്രിസഭാ തീരുമാനം 2018 ജനുവരി 24നാണ് ഉണ്ടായത്. ഈ തീരുമാനങ്ങള്‍ ചോദ്യം ചെയ്താണ് ആര് എസ് ശശികുമാര്‍ ലോകായുക്തയെ സമീപിച്ചത്.
പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് പയസ് സി കുര്യാക്കോസ് അദ്ധ്യക്ഷനായ ലോകായുക്തയുടെ ഫുള്‍ ബഞ്ചിന്റെ വിധിന്യായം 2019 ജനുവരി 14ന് പുറത്തുവന്നു. 2022 ജനുവരിയില്‍ ലോകായുക്തയില്‍ കേസിന്റെ വിശദ വാദം തുടങ്ങി. 2022 മാര്‍ച്ചില്‍ വാദം പൂര്‍ത്തിയായി വിധിപറയാന്‍ മാറ്റി. എന്നാല്‍ ഉത്തരവ് അനിശ്ചിതമായി നീണ്ടു. ഒരുകൊല്ലമായിട്ടും വിധിപറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ആര് എസ് ശശികുമാര്‍ ഹൈക്കോടതിയിലെത്തി. വേനല്‍ക്കാല അവധി ആരംഭിക്കും മുമ്പ് വിധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം വീണ്ടും പരാതിക്കാരന് ലോകായുക്തയിലെത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ ഭിന്നവിധിക്ക് പിന്നാലെ, ഹര്‍ജി മൂന്ന് അംഗ ബെഞ്ചിന് വിട്ടു. 2023 ആഗസ്ത് എട്ടിന് മൂന്ന് അംഗ ബെഞ്ച് വാദം പൂര്‍ത്തിയാക്കി ഹര്‍ജി വിധി പറയാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: