കോഴിക്കോട്: പാലസ്തീന് ഐക്യദാര്‍ഢ്യ റാലിയെന്ന പേരില്‍ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സമ്മേളനത്തില്‍ വേദിയില്‍ നിസ്കാരവും. കോഴിക്കോട് സരോവരത്ത് സംഘടിപ്പിച്ച സമ്മേളനത്തിലാണ് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം മുക്കം ഉമ്മര്‍ഫൈസി നിസ്കരിച്ചത്. സിപിഐ നേതാവ് ബിനോയ് വിശ്വം സംസാരിക്കുന്നതിനിടയിലാണ് ഉമ്മര്‍ ഫൈസി നിസ്കരിച്ചത്. മുസ്ലിം ലീഗ് സമ്മേളനത്തില്‍ പോലും വേദിയില്‍ നിസ്കാരത്തിന് അവസരമൊരുക്കാറില്ല. കണ്ണൂരിലും കോഴിക്കോട്ടും നേരത്തെ സിപിഎം സംഘടിപ്പിച്ച പ്രത്യേകസമ്മേളനങ്ങളിലും ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ഇതാദ്യമായാണ് സമ്മേളന വേദിയില്‍ നിസ്കാരം നടന്നത്.
പാലസ്തീന് ഐക്യദാര്‍ഢ്യമര്‍പ്പിക്കുകയും ഇസ്രായേലിനെതിരെ പ്രചാരണം നടത്തുകയും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് പ്രഖ്യാപിച്ചെതെങ്കിലും വിശ്വാസത്തെ മുതലെടുത്ത് വര്‍ഗ്ഗീയ ധ്രുവീകരണവും അതുവഴി രാഷ്ട്രീയ വിപുലീകരണവും നടത്താനാണ് സിപിഎം ശ്രമിക്കുന്നത് എന്നതിനുള്ള പ്രത്യക്ഷ തെളിവാണ് വേദിയിലെ പരസ്യനിസ്കാരം. ജാതിമത സംഘടനകളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പാര്‍ട്ടി അംഗങ്ങള്‍ മതപരമായ ആചാരങ്ങള്‍ പാലിക്കരുതെന്നും സിപിഎം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. 2013 ല്‍ പാലക്കാട് സംഘടിപ്പിച്ച പാര്‍ട്ടി പ്ലീനത്തില്‍ ഇതനുസരിച്ച് പ്രത്യേക മാര്‍ഗ്ഗനിര്‍ദേശവും പുറത്തിറക്കി. പ്ലീനത്തില്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ അവതരിപ്പിച്ച പിണറായി വിജയന് വേദിയിലിരിക്കെയാണ് മതപരമായ ആചാരങ്ങള്‍ ഇന്നലെ വേദിയില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: